9/11 ദശാബ്ദിയില്‍ ഒരമ്മയുടെ തീരാഭാരം (കവിത): എല്‍സി യോഹന്നാന്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്കു്‌ Published on 11 September, 2011
9/11 ദശാബ്ദിയില്‍ ഒരമ്മയുടെ തീരാഭാരം (കവിത): എല്‍സി യോഹന്നാന്‍
ദഃഖത്തിന്‍ നെരിപ്പോടിലെരിയുന്നൊരമ്മയും
അച്ഛന്റെ വിരഹത്തില്‍ നീറുന്ന തയ്യലാളും
വേള്‍ഡ്‌ട്രൈഡ്‌ സെന്ററിന്‍ പതനത്തിലേകരായ്‌
പത്തു വര്‍ഷങ്ങള്‍ താണ്ടും നയന്‍ലവന്‍ദിനത്തില്‍,

കൈക്കുഞ്ഞായിരുന്നൊരെന്‍ പൈതലാള്‍ കൗമാരത്തിന്‍
വക്കിലെത്തിനില്‍ക്കുന്നു ഡാഡിയെ `മിസ്‌'ചെയ്‌തും
വൈധവ്യത്തീക്കനലില്‍ കത്തിക്കരിഞ്ഞൂസ്വപ്‌നം
ജീവിക്കുന്നൂ ഞാനിന്നെന്‍ പുത്രിതന്‍ ഭാവിയോര്‍ത്തും.

വെള്ളിനൂല്‍ വീശീ കേശം, ചൊടികള്‍ തടമാര്‍ന്നു
യൗവ്വനം വിടചൊല്ലാന്‍ മടിച്ചു നില്‍ക്കുന്നുവോ?
കണ്ണുനീര്‍ വറ്റാതെന്റെയക്ഷികള്‍ കുഴിഞ്ഞുപോയ്‌
പിഞ്ചോമനപ്പൈതലെ വളര്‍ത്താന്‍ ജീവിപ്പു ഞാന്‍.

കാലത്തു ചുണ്ടത്തൊരു ചുടുചംബനം നല്‍കി
വേലയ്‌ക്കു പോയൊരെന്റെ പ്രാണേശ്വരന്‍ മൃത്യുവിന്‍
പല്ലക്കിലേറിപ്പോയി നിഷ്‌ഠുര ഘോരാഗ്നിയില്‍
കാലമിന്നൊരുദശവാസരം പിന്നിട്ടല്ലോ!

പെട്ടെന്നൊരഗ്നിഗോളം ഗര്‍ജ്ജനാരവത്തോടെ
വിണ്ടലം നടുക്കുമാറുഗ്രതാണ്ഡവമാടി
ഞെട്ടിത്തെറിച്ചൂ ഭുവം തകര്‍ന്നൂ സൗധദ്വന്ദ്വം
നൂറ്റിപ്പത്തു നിലകള്‍ രണ്ടും തകര്‍ന്നടിഞ്ഞു!

ഘോരശബ്ദം മുഴങ്ങുന്നഗ്നികുണ്ഡം പടര്‍ന്നു
മാത്രയില്‍ പൊട്ടിത്തെറിച്ചൗന്നത്യ വണിക്ക്‌സൗധം
ജീവനെ രക്ഷിപ്പാനായ്‌ ജീവിതം ഹോമിച്ചൊരെന്‍
ധീരനാം `ഫയര്‍ മാര്‍ഷല്‍' രാജ്യത്തിന്‍ വീരപുത്രന്‍!

`ഗ്രൗണ്ട്‌ സീറോ'യായിമാറി നൊടിയില്‍ സൗധദ്വയം
രാഷ്‌ട്രത്തിന്‍ സിരാവ്യൂഹ ഭാസുര ധനസ്ഥാനം
ക്രൂരകാപാലികന്മാര്‍ പൂജ്യമായ്‌ തീര്‍ത്തൂ, മര്‍ത്യ
രെത്രസഹസ്രമീയാം പാറ്റപോല്‍ കരിഞ്ഞല്ലോ!

ജീവിക്കാന്‍ തുടങ്ങിയോര്‍ ജീവിച്ചു തീരാത്തവര്‍
ജീവിക്കാന്‍ കൊതിയാര്‍ന്നോര്‍, യുവാക്കള്‍ കമിതാക്കള്‍
താവുന്നൊരഗ്നിഗോള ദംഷ്ട്രകള്‍ ഞെരിച്ചപ്പോള്‍
പൂവുപോല്‍ കരിഞ്ഞുപോയ്‌ എത്രനിഷ്‌പ്രഭം ജീവന്‍!

വര്‍ഷദശം കടന്നൂ കൈക്കുഞ്ഞു ടീനേജറായ്‌
കെട്ടിപ്പടുത്തുയര്‍ത്തിസൗധങ്ങള്‍ ഗ്രൗണ്ട്‌ സീറോയില്‍
പൊട്ടിത്തകര്‍ന്നൊരെന്റെ ജീവിതം മാത്രമാര്‍ക്കും
കെട്ടിപ്പടുത്തിടുവാനാവാതെ കേഴുന്നിന്നും.
9/11 ദശാബ്ദിയില്‍ ഒരമ്മയുടെ തീരാഭാരം (കവിത): എല്‍സി യോഹന്നാന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക