ഓണ സ്‌മൃതികള്‍ (കവിത: ജോസ്‌ ഓച്ചാലില്‍)

Published on 11 September, 2011
ഓണ സ്‌മൃതികള്‍ (കവിത: ജോസ്‌ ഓച്ചാലില്‍)
ചിങ്ങം പിറന്നെല്ലോ ചെങ്ങാതി കൂട്ടരേ
ചന്തമുള്ള പൂക്കളങ്ങള്‍ തീര്‍ക്കാന്‍ വായോ
ചുറ്റുമുള്ള കൂട്ടുകാര്‍ വന്ന്‌ എത്തും മുന്‍പേ
ചിത്രശലഭം പോല്‍ പറന്നിങ്ങെത്തീടേണം

ഓണത്തപ്പനും മാവേലി മന്നനുമൊന്നായ്‌
ഓണചമയങ്ങള്‍ കാണാനെത്തും ഈ ദിനം
ഓടി നടന്ന്‌ നാം എങ്ങും പാറി നടന്ന്‌ നാം
ഓണ സ്‌നേഹ സന്തോഷം പങ്കുവയ്‌ക്കാം

മേളത്തിമിര്‍പ്പുകള്‍ നാട്ടില്‍ നിറയുമ്പോള്‍
മോദത്താല്‍ പാടുന്നൂ ഓണക്കിളികളെങ്ങും
മാടി വിളിക്കുന്ന കാഴ്‌ചകള്‍ കണ്ടതാല്‍
മാനത്ത്‌ താരകള്‍ കണ്‍ മിഴികള്‍ ചിമ്മീ

മോഹന സങ്കല്‌പ കഥകളീ വിധമെന്നും
മോടി പിടിപ്പിക്കും ചെറു ബാല്യങ്ങളെ
മാറോട്‌ ചേര്‍ത്തമ്മ വാരിത്തരും നല്ലൊരു
മാമ്പഴ പുളിശേരിതന്‍ സ്വാദ്‌ ബാക്കിയായ്‌

ഓടി നടന്നൊരു ബാല്യമില്ലാ മക്കള്‍ക്ക്‌
ഓര്‍ക്കുവാന്‍ പോലും നാട്ടിലിന്ന്‌ ഒന്നുംമില്ലാ
ഓണവും മല്‍സരവേദി മാത്രമായ്‌ മാറുന്നു
ഓമന കിടാങ്ങള്‍ക്ക്‌ നഷ്‌ടമായ്‌ സ്വപ്‌നവും

ഏറും തിരക്കതില്‍ ചുറ്റും നടക്കുന്ന കൂട്ടരേ
ഏറ്‌കണ്ണിട്ടൊന്ന്‌ നോക്കുവാന്‍ നേരമില്ലാ
എങ്ങോ നടന്നെത്തുവാന്‍ വെമ്പലാണേവര്‍ക്കും
എത്ര വിചിത്രമീ മാറ്റം നോക്കൂ എന്‍ പ്രിയരേ

കാലം ചിറകടിച്ചെങ്ങോ പറന്ന്‌ പറന്ന്‌ പോയ്‌
കാണുന്നൂ മാറ്റങ്ങളേറെ ഇന്നെവിടെയും ഏതിലും
കാരണം എന്തെന്നറിയാതെ വെറുതേ എന്നുടെ
കണ്‍പീലി ഈറന്‍ അണിഞ്ഞ്‌ തുളുമ്പിടുന്നൂ.
ഓണ സ്‌മൃതികള്‍ (കവിത: ജോസ്‌ ഓച്ചാലില്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക