സെറീനയും എമിയും നൃത്ത അരങ്ങേറ്റംകുറിച്ചു

ജോര്‍ജ്‌ തുമ്പയില്‍ Published on 11 September, 2011
സെറീനയും എമിയും നൃത്ത അരങ്ങേറ്റംകുറിച്ചു
ന്യൂജേഴ്‌സി: കലാശ്രീ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌ ഗുരു ബീനാ മേനോന്റെ നൃത്തവിദ്യാര്‍ത്ഥികളായ സെറീനാ നടുപറമ്പിലും, എമി ബുള്‍സരയും ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങളില്‍ അരങ്ങേറ്റംകുറിച്ചു.

പരാമസ്‌ കാത്തലിക്‌ സ്‌കൂള്‍ ഹാളില്‍ ഓഗസ്റ്റ്‌ ഏഴിനായിരുന്നു അരങ്ങേറ്റം. ഗണേശസ്‌തുതി, മഹാലക്ഷ്‌മി അഷ്‌ടകം, ശിവശ്ശോകം, ഗവരദാന്‍ (പദം), പാപനാശം, ശിവന്റെ രചന നാട്ടൈകുറിഞ്ഞി വര്‍ണം സ്വാമിനാഥന്‍, ദര്‍ബാരി കന്നഡ രാഗത്തില്‍ നാരായണ തീര്‍ത്ഥ രചിച്ച ഗോവര്‍ധന ഗിരിധാര തുടങ്ങിയവ ഇരുവരും അവതരിപ്പിച്ചു. തമിഴ്‌ പുരാണങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കൃഷ്‌ണഭക്തരായ ഏന്‍ഡല്‍ രചിച്ച കൃഷ്‌ണഗീതങ്ങള്‍ക്കനുസരിച്ച്‌ സെറീന മനോഹരമായി ചവടുവെച്ചു.

നിലാവ്‌ പുഞ്ചിരിച്ച്‌ നിന്ന മാര്‍ഗ്ഗഴിമാസരാവില്‍ പുഷ്‌പഹാരങ്ങള്‍ കൊരുത്ത്‌ മാറിലണിഞ്ഞും പിന്നീടവ പ്രാണേശ്വരനായി കരുതുന്ന കൃഷ്‌ണ ഭഗവാന്‌ സമര്‍പ്പിച്ചും ഭഗവാനില്‍ സ്വയം മറന്നുനില്‍ക്കുന്ന ഏന്‍ഡലിന്റെ രൂപത്തില്‍ സെറീന ഹൃദയം കവര്‍ന്നു.

സുഗന്ധപുഷ്‌പങ്ങള്‍ നിറഞ്ഞ്‌ മനോഹരിയായി നില്‍ക്കുന്ന വൃന്ദാവനത്തില്‍, കരവിഞ്ഞൊഴുകുന്ന യമുനാ നദീതീരത്ത്‌ പക്ഷികളുടെ കളകൂജനങ്ങള്‍ കേട്ട്‌ പ്രകൃതിയുടെ ലയതാളങ്ങളില്‍ ലയിച്ചുനില്‍ക്കുന്ന കൃഷ്‌ണ ഭഗവാനരികില്‍ അവഗണിക്കപ്പെട്ടതിന്റെ വേദനയില്‍ നില്‍ക്കുന്ന രാധയായി എമി ചുവടുവെച്ചു.

പദ്‌മനാഭനെ പ്രകീര്‍ത്തിക്കുന്ന ധനശ്രീരാഗത്തിലുള്ള മഹാരാജാ സ്വാതിതിരുനാള്‍ രചന മംഗളമായിരുന്നു അടുത്തയിനം.

മറിയം അലീനാ വെട്ടിച്ചിറ എം.സിയായിരുന്നു. ബിനാ മേനോന്‍ തന്നെയായിരുന്നു കോസ്റ്റ്യും ഡിസൈനര്‍.

ബീനാ മേനോന്‍ (നാട്ടുവംഗം), സാവിത്രി രാമാനന്ദ്‌ (വോക്കല്‍), മുരളി ബാലചന്ദ്രന്‍ (മൃദംഗം), ബാലകൃഷ്‌ണരാജ്‌ (ഫ്‌ളൂട്ട്‌), ശ്രിന്‍വാണി (വയലിന്‍), കുമാരി പവിത്ര സുന്ദര്‍ (ഘടം), കുമാരി ദിവ്യാ ജോണ്‍ (തംബുരു), വിഷ്വല്‍ ഡ്രീംസ്‌ (സൗണ്ട്‌), ബാലു മേനോന്‍ (ഫോട്ടോ മാജിക്‌ സ്റ്റില്‍സ്‌ ആന്‍ഡ്‌ വീഡിയോ) എന്നിവരായിരുന്നു പിന്നണിയില്‍. കാറ്റേഴ്‌സ്‌: ടേസ്റ്റ്‌ ഓഫ്‌ ഇന്ത്യ.

ഉഷ നടുപ്പറമ്പിലിന്റേയും പരേതനായ ലൂക്കോസ്‌ നടുപ്പറമ്പിലിന്റേയും മകളാണ്‌ സെറീന. കല്‍പ്പന ബുള്‍സരയുടേയും, അജയ്‌ ബുള്‍സരയുടേയും മകളാണ്‌ എമി.

നടന്‍ മോഹന്‍ലാലിന്റെ ഭാര്യ സുചിത്രാ മോഹന്‍ലാലും, മകള്‍ വിസ്‌മയയുമടക്കം സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി എണ്ണൂറിലേറെപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
സെറീനയും എമിയും നൃത്ത അരങ്ങേറ്റംകുറിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക