പി.സി.ജോര്‍ജ്‌ അധാകാരദുര്‍വിനിയോഗം നടത്തുന്നു: വി.എസ്‌ അച്യുതാനന്ദന്‍

Published on 11 September, 2011
പി.സി.ജോര്‍ജ്‌ അധാകാരദുര്‍വിനിയോഗം നടത്തുന്നു: വി.എസ്‌ അച്യുതാനന്ദന്‍
ആലുവ: ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പായ പി.സി. ജോര്‍ജ്‌ അധികാരദുര്‍വിനിയോഗം നടത്തുകയാണെന്നും അദ്ദേഹം രാജിവെച്ചൊഴിയണമെന്നും പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്‌ ലഭിച്ച തെറ്റായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ ജുഡീഷ്യറിയെ കുറ്റപ്പെടുത്തുന്നതെന്നും ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

പലപ്പോഴായി നടത്തുന്ന പ്രസ്‌താവനകളിലൂടെ അദ്ദേഹം ഈ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന്‌ സ്വയം തെളിയിച്ചിരിക്കുകയാണ്‌. മറ്റൊരു അര്‍ത്ഥത്തില്‍ ജോര്‍ജ്‌ അധികാരദുര്‍വിനിയോഗമാണ്‌ നടത്തിയത്‌. തെറ്റായ നിയമോപദേശമാണ്‌ ജോര്‍ജിന്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ കുറേ മണ്ടത്തരങ്ങളാണ്‌ അദ്ദേഹം ഇപ്പോള്‍ പുലമ്പുന്നത്‌ വി.എസ്‌ പറഞ്ഞു.

പാമോയില്‍ കേസ്‌ പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ്‌ പ്രത്യേക ജഡ്‌ജി പി.കെ.ഹനീഫ അധികാരപരിധി ലംഘിക്കുന്നു എന്നാരോപിച്ച്‌ ശനിയാഴ്‌ച പി.സി.ജോര്‍ജ്‌ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്‌ പരാതി നല്‍കിയിരുന്നു. സുപ്രീം കോടതി ചീഫ്‌ ജസ്റ്റീസ്‌ എസ്‌.എച്ച്‌.കപാഡിയ, കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ ജെ.ചെലമേശ്വര്‍, തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്‌ജിയായ ജസ്റ്റിസ്‌ പയസ്‌.സി.കുര്യാക്കോസ്‌ എന്നിവര്‍ക്കും പി.സി.ജോര്‍ജ്‌ പരാതിയുടെ പകര്‍പ്പുകള്‍ കൈമാറിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക