Image

366 ഇതളുകൾ പൊഴിയുന്നു (രാജൻ കിണറ്റിങ്കര)

Published on 31 December, 2024
366 ഇതളുകൾ പൊഴിയുന്നു (രാജൻ കിണറ്റിങ്കര)

ഡിസംബർ 31,  വർഷം  2024 ന്റെ അസ്തമയം.   366 ദിനങ്ങളുടെ ചില്ലകൾ കൊഴിഞ്ഞു വീഴുന്ന ദിനം.   നാളെ പുതിയ തളിരുകൾ കിളിർക്കും, പുതിയ പ്രതീക്ഷകൾ ഉണരും, പുതിയ സ്വപ്നങ്ങൾക്ക് തിരി തെളിയും.    ഒരു വിഷുവും ഓണവും ക്രിസ്തുമസും കഴിഞ്ഞാൽ തീരുന്ന ഒരു വർഷം.  നോക്കി നിൽക്കെ മറയുന്ന കലണ്ടറിലെ പേജുകൾ, അവയിലെ ദിനരാത്രങ്ങൾ.   ഈ വർഷം ഒരു ദിവസം കൂടുതൽ ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ.  ഫെബ്രുവരി യിൽ 29 ദിവസം ഉള്ളതുകൊണ്ട് വർഷം 366 ദിവസങ്ങളായിരുന്നു.

ഡിസംബറിന്റെ പകുതി കഴിഞ്ഞാൽ മുംബൈയിൽ പൊതുവെ ആളുകൾ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, 31st ന് എന്താ പരിപാടി ?    എന്ത് പരിപാടി ?  എല്ലാ മാസങ്ങളിലും 30ഉം 31ഉം തീയതികൾ ഉണ്ട്, അതുപോലൊരു തീയതി അല്ലാതെ ഡിസംബറിന് എന്താ കൊമ്പുണ്ടോ?

ഡിസംബർ എന്ന് പറയുന്നത് തണുപ്പ് കാലത്തിന്റെ മൂർധന്യമാണ്‌.  ഇല പൊഴിയുന്ന ശിശിരത്തിന്റെ നടവഴികളിൽ തിരുവാതിരക്കാറ്റേറ്റ് നടന്ന ഒരു ബാല്യം.   വർഷം പൊഴിയുന്നതും തനിക്ക് ഒരു വയസ്സ് കൂടുന്നതും ഒന്നും അവനറിഞ്ഞില്ല.    സൗകര്യങ്ങളും സുഖങ്ങളും ഇല്ലാത്ത കാലത്തിനോട് യുദ്ധം ചെയ്ത് ജീവിതത്തെ ഉല്ലാസപ്രദമാക്കുന്ന തിരക്കിലായിരുന്നു അവൻ.  ജനുവരി ആഘോഷങ്ങളുടെ വാതിൽ തുറക്കുന്ന മാസമാണ്.  ഗ്രാമത്തിലും അയൽ  ഗ്രാമങ്ങളിലും പൂരങ്ങളും പള്ളി പെരുന്നാളുകളും തുടങ്ങുന്ന മാസം.   വഴിയോരങ്ങളിൽ നിമിഷാർദ്ധത്തിൽ പൊട്ടിച്ചിതറുന്ന ബലൂൺ ഭംഗികൾ,  പല വർണ്ണങ്ങളിൽ പെട്ടികളിൽ നിരന്നിരിക്കുന്ന കുപ്പിവളകൾ,   അങ്ങാടിയിലെ കടത്തിണ്ണകളിൽ പ്രദർശനത്തിന് വച്ച തുണിക്കെട്ടുകൾ,  ഗ്രാമത്തിന്റെ വിശപ്പിന് രുചിപകരാൻ  അകലെ പൊന്നാനിയിൽ നിന്നും കുന്നംകുളത്തു നിന്നും ഗ്രാമത്തിൽ തമ്പടിച്ച മീൻ കച്ചവടക്കാർ.   പോക്കറ്റിലെ  ഇപ്പോഴത്തെ പത്ത് രൂപ നാണയത്തിന്റെ വലിപ്പത്തിലുള്ള വിക്സ് ഡബ്ബയിൽ കിലുങ്ങുന്ന  25 പൈസക്ക് ഒരു ദിനം ആഘോഷമാക്കാനുള്ള കെൽപ്പുണ്ടായിരുന്നു.

ക്ഷേത്രത്തിന് ചുറ്റുമുള്ള ഒഴിഞ്ഞ പറമ്പുകളിൽ കറങ്ങി മറയുന്ന യന്ത്ര ഊഞ്ഞാലുകൾ,  ബാല്യം കണ്ട ഏറ്റവും വലിയ കണ്ടുപിടുത്തതിന് മുന്നിൽ അത്ഭുതത്തോടെ നോക്കി നിന്ന ബാലന് മുന്നിലൂടെ  യന്ത്ര ഊഞ്ഞാൽ താഴ്ന്നും ഉയർന്നും ചീറിപ്പാഞ്ഞു.  പോക്കറ്റിലെ 25 പൈസയിൽ തിരുപ്പിടിച്ചു നിന്ന അവന് ഒരു രാത്രികൂടി പൂരപ്പറമ്പിൽ ചിലവഴിക്കാനുള്ളതാണ് ആ സമ്പാദ്യം.  അതിനാൽ വിക്സ് ഡബ്ബയിലെ കിലുക്കങ്ങൾക്കൊപ്പം അവന്റെ ഹൃദയതാളങ്ങളും ഉത്സവപ്പറമ്പിലെ വാദ്യഘോഷങ്ങളിൽ അലിഞ്ഞു ചേർന്നു.   കൈയിലുള്ള പൈസയെ ഇരട്ടിക്കുവാനുള്ള ആനമയിലൊട്ടകം, മുച്ചീട്ട് തുടങ്ങിയ കലാപരിപാടികൾക്ക് ചുറ്റും  ആർത്തുവിളിക്കുന്ന ജനസഞ്ചയത്തിൽ അവനും  തിരക്കിലൂടെ തലയിട്ട് കൺകെട്ട് വിദ്യയുടെ അത്ഭുതം നുകർന്നു.

നിരത്തി വച്ച ചിത്രങ്ങളിൽ  പത്ത് പൈസ വച്ചാൽ കറങ്ങി വരുന്ന ചക്രത്തിലെ പൈസ വച്ച മൂന്ന് ചിത്രങ്ങൾ  ഒന്നിച്ച് വന്നാൽ ഒരു രൂപ കിട്ടും.   വന്നില്ലെങ്കിലോ,  25 പൈസ 15 ആയി ചുരുങ്ങും.    വിവേകം അത്യാഗ്രഹത്തെ കീഴടക്കിയ നിമിഷങ്ങൾ.   നിരാശയോടെ തിരിഞ്ഞു നടക്കുമ്പോൾ താൽക്കാലികമായി കെട്ടി ഉണ്ടാക്കിയ ചായക്കടകളിൽ നിന്ന് പഴംപൊരിയുടെയും സുഖിയന്റേയും നെയ്യപ്പത്തിന്റെയും ഗന്ധം.  പോക്കറ്റിലെ ലോക്കറിലുള്ള ഇരുപത്തഞ്ച് പൈസ മതി ആഗ്രഹങ്ങളെ സാധിക്കാൻ, പക്ഷെ അത് കഴിഞ്ഞാൽ വിക്സ് ഡപ്പി ശൂന്യം.  കൈയിൽ നയാപൈസ ഇല്ലാതെ എങ്ങനെ പൂരപ്പറമ്പിൽ കറങ്ങും.   ഒന്നും വാങ്ങിയില്ലെങ്കിലും പോക്കറ്റിൽ പൈസ ഉണ്ടെന്നുള്ളത് ഒരു ആത്മവിശ്വാസമാണ്.   അത് കഴിഞ്ഞാൽ ഇ.എം.ഐ അടച്ച്  അക്കൗണ്ട് ശൂന്യമായ പ്രവാസിയുടെ മനോവ്യഥയാണ്‌.

ഡിസംബറിന്റെ  അപരാഹ്ന വേളയിൽ നഗരത്തിലെ ഹോട്ടലുകളും ബാറുകളും ജനനിബിഡമാണ്.  365 ദിവസം പട്ടിണിയായിരുന്നു, ഇന്നെങ്കിലും മനസ്സിന് ഇഷ്ടമുള്ള എന്തെങ്കിലും കഴിക്കട്ടെ എന്ന ഭാവമാണ് അപ്പുറത്തെ മേശയിലെ പ്ളേറ്റിലേക്ക് നോക്കി വെയിറ്ററെ കാത്തിരിക്കുന്ന ഓരോരുത്തരുടെയും മുഖത്ത് .,  മഹാനഗരവും തണുപ്പിന്റെ പിടിയിലാണ് .  റൂമിലെ എ.സി ഓണാക്കി തണുപ്പകറ്റാൻ ഹീറ്റർ വയ്ക്കുന്ന വിചിത്ര ജീവികളും മഹാനഗരത്തിന്റെ സംഭാവനയാണ്.    പരിചയക്കാരായ രണ്ടു സ്ത്രീകൾ പരസ്പരം കണ്ടാൽ  അവരുടെ സംസാരം മൂന്നാമതൊരു സ്ത്രീയെ കുറിച്ചായിരിക്കും എന്ന് പറയും പോലെ രണ്ട് പുരുഷൻമാർ ബാറിൽ കണ്ടാലും സംസാരം മൂന്നാമതൊരു പുരുഷനെ കുറിച്ചാവും.  പെഗുകൾ കൂടുന്നതിനനുസരിച്ച്  ട്രംപും ട്രൂഡോയും എന്തിന് റഷ്യൻ വിപ്ലവംവരെ ചർച്ചയാകും.
ബാറിലെ അരണ്ട വെളിച്ചത്തിൽ ആസ്ട്രേലിയയിൽ പന്ത് ഔട്ടായതിന്റെ റീപ്ളേ കാണിക്കും.  നിർത്താതെ വർത്തമാനം പറയുന്ന കസ്റ്റമേഴ്സിനെയാണ് ഹോട്ടലുടമയ്ക്കും വെയിറ്റർമാർക്കും ഇഷ്ടം.

ഹോട്ടലിന് പുറത്ത് ഫുട് പാത്തിലും  റെയിൽവേ ബ്രിഡ്ജിലും തണുപ്പിനെ അകറ്റാൻ ഉടുതുണി കൊണ്ട് വാരിപ്പുതച്ച് ഡിസംബറും നവംബറും ഭേദമില്ലാത്ത ചിലർ ചുരുണ്ട് കിടപ്പുണ്ട്.  ഹോട്ടലിനുള്ളിലെ പ്ളേറ്റുകളിൽ ഓരോരുത്തരും പാതി കഴിച്ച് ബാക്കി വക്കുന്നത് അവരുടെ ഒരു മാസത്തെ ആഹാരമാണ് .  പക്ഷെ ചവറ്റുകൊട്ടയിൽ പോകുന്ന ഈ ഭക്ഷണം പോലും നിഷേധിക്കപ്പെട്ട ഹതഭാഗ്യരാണവർ.

വിരഹത്തിന്റെ നിശ്ശബ്ദ വിഷാദം പോലെ നഗരാകാശം മുടിക്കെട്ടിയിരുന്നു. ഒരു ഡിസംബറിന്കൂടി വിട ചൊല്ലാൻ മേഘരാഗങ്ങളിൽ ശ്രുതി മീട്ടാൻ മഞ്ഞുതുള്ളികൾ മഹാനഗരത്തിന് മീതെ നൂൽ പെയ്ത്തുകളായി നൂർന്നിറങ്ങി.  യൗവനത്തിന്റെ ഹരിത വനങ്ങളിൽ വാർദ്ധക്യത്തിന്റെ കരിയിലകൾ ചിതറിക്കിടക്കുന്നു.  നിശ്ചലമാകാത്ത യാത്രയുടെ  ഉരുക്കു പാളങ്ങൾക്കു മീതെ ഹൃദയത്തിന്റെ ദ്രുതതാളങ്ങളിൽ ഒലിച്ചിറങുന്ന വിയർപ്പു കണങ്ങൾ,  നാളെ ഒരു പുതുവർഷ പുലരികൂടി പിറക്കും.  മറ്റൊരു ഡിസംബർ 31 ലേക്ക് അത് പാലായനം ചെയ്യും, പുറത്താക്കപ്പെട്ട അഭയാർത്ഥിയെ പോലെ.

*നവവർഷ ആശംസകൾ !!!*

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക