Image

പുതുവര്‍ഷപ്പിറ്റേന്ന് (കവിത : രാജന്‍ കിണ്ണറ്റിങ്കര)

രാജന്‍ കിണ്ണറ്റിങ്കര Published on 02 January, 2025
പുതുവര്‍ഷപ്പിറ്റേന്ന് (കവിത : രാജന്‍ കിണ്ണറ്റിങ്കര)

പുതുവര്‍ഷപ്പിറ്റേന്ന്
മഹാനഗരത്തിന്റെ
മുഖത്തേക്ക് 
നോക്കിയാല്‍
ജീവിതം എഴുതി വച്ച
ശിലാഫലകങ്ങള്‍
കാണാം ..

ആഘോഷങ്ങളുടെ
കെട്ടിറങ്ങാത്ത
ചില മുഖങ്ങള്‍
ജീവിത ശാന്തിക്ക്
അബോധാവസ്ഥയുടെ
സന്ദേശം പകരും ..

കടത്തിണ്ണകളിലിരുന്ന്
കൈയിലെ ഭാണ്ഡത്തില്‍
ഇന്നലത്തെ 
റൊട്ടിക്കഷണം
പരതുന്നവര്‍
വിശപ്പിന്റെ നോവിനെ
കാട്ടിത്തരുന്നുണ്ട്

ഷൂസിന്റെ കെട്ടാത്ത
ലെയ്‌സുമായി
ട്രെയിന്‍ പിടിക്കാന്‍
ഓടുന്നവര്‍
നിമിഷങ്ങള്‍ക്ക്
മണിക്കൂറിന്റെ വിലയുള്ള
നഗരചിത്രം വരച്ചിടുന്നു

ചുമരില്‍ തൂങ്ങിയാടുന്ന
ഡിസംബറിന്റെ
പേജ് മറയാത്ത കലണ്ടര്‍
ഓര്‍മ്മത്തെറ്റുകളില്‍
വീണു ചിതറിയ
നഗര ജീവിതത്തിന്റെ
നഷ്ട സ്വപ്നങ്ങളെ
ഓര്‍മ്മപ്പെടുത്തുന്നു

പാതി ഉയര്‍ത്തിയ
വിന്‍ഡോ സീറ്റില്‍
കൈയിലെ ബാഗ്
മാറോട് ചേര്‍ത്ത്
ഉറങ്ങുന്നവരുടെ മുഖത്ത്
അലോസരമില്ലാത്ത
നിദ്രയുടെ ഹൃദയതാളമുണ്ട്

കൈയിലെ മൊബൈലില്‍
ബാക്കി വച്ച 
പുതുവര്‍ഷാശംസകള്‍
നേരുന്നവര്‍
നാളെ എന്തെന്നറിയാത്ത
അനിശ്ചിതത്വത്തിന്റെ
നഗര ചിത്രം കോറിയിടുന്നു

വഴിയരികില്‍ 
പറന്നു നടക്കുന്ന
പൊട്ടിച്ചിതറിയ
പടക്കങ്ങളുടെ അനാഥ-
അവശേഷിപ്പുകളില്‍
ജ്വലിച്ചു നില്‍ക്കും വരെ
മാത്രം കൂട്ടിനാളുണ്ടെന്ന
ജീവിത സത്യം 
ആലേഖനം ചെയ്തിട്ടുണ്ട്
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക