Image

എന്റെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്മി മിസ്സ്‌ (ചന്ദ്രമതി)

Published on 02 January, 2025
എന്റെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്മി മിസ്സ്‌ (ചന്ദ്രമതി)

പ്രീഡിഗ്രിയുടെ സ്പെഷ്യൽ ഇംഗ്ലീഷ് ബാച്ചിന് വേൾഡ് ഹിസ്റ്ററി പഠിപ്പിക്കാനായി ക്ലാസ് റൂമിലെത്തിയ ലക്ഷ്മി മിസ്സ്  നേരെ കാൽ വച്ച് കയറിയത് എന്റെ ഹൃദയത്തിലേക്ക് ആയിരുന്നു. റിട്ടയർമെന്റിന് ശേഷം ടീച്ചർ തിരുവനന്തപുരം വിടുന്നത് വരെ  അമ്മയുടെയും ചേച്ചിയുടെയും ഒക്കെ സ്ഥാനമായിരുന്നു. മുഖം ഒന്നു വാടിയിരുന്നാൽ ഉടനെ ശ്രദ്ധിക്കും. സ്റ്റാഫ് റൂമിനു വെളിയിലേക്കോ കാന്റീനിലേക്കോ കൂട്ടിക്കൊണ്ടുപോകും. വിഷമത്തിന്റെ കാരണം അറിയുന്നതുവരെ ദയയോടെ ചോദിച്ചു കൊണ്ടിരിക്കും. കാരണം അറിഞ്ഞു കഴിഞ്ഞാൽ  പ്രശ്നത്തിന്റെ പോം വഴി പറഞ്ഞുതരും. സ്വന്തം വിദ്യാർത്ഥികളെ ഇത്രത്തോളം സ്‌നേഹിക്കുന്ന ഒരു ടീച്ചറെ കണ്ടിട്ടില്ല.
ഞാൻ ടീച്ചറായപ്പോൾ ലക്ഷ്മി മിസ്സിനെയാണ് റോൾ മോഡൽ ആയി സ്വീകരിച്ചത്.

എന്റെ കാൻസർ കാലം. അടുത്ത കൂട്ടുകാർ പോലും വീട്ടിൽ വന്ന് കാണാൻ മടിച്ചിരുന്ന സമയം. ലക്ഷ്മി ടീച്ചർ സ്ഥിരം സന്ദർശകയായിരുന്നു. എന്റെ അമ്മയെയും  ബാലേട്ടനെയും ആശ്വസിപ്പിക്കും. മക്കളോട് എന്നെ എങ്ങനെ പരിചരിക്കണം എന്ന് പറഞ്ഞു കൊടുക്കും. ആദ്യ കീമോതെറാപ്പി കഴിഞ്ഞു വായിലെ തൊലി മുഴുവൻ പൊള്ളി അടർന്നപ്പോൾ പേരയില കൊണ്ട് ഒരു പ്രയോഗം. മുടി മുഴുവൻ പോയപ്പോൾ " സാരമില്ല കേട്ടോ. നിനക്ക് ഞാൻ ഒരു എണ്ണയുണ്ടാക്കി തരാം. ചികിത്സ തീരട്ടെ. " എന്നൊരു സാന്ത്വനം. ഒരു ദിവസം ദേവീക്ഷേത്രത്തിൽ നിന്ന് ഒരു രക്ഷാ യന്ത്രം തയ്യാറാക്കി കൊണ്ടുവന്നു.
" നോക്ക്, അമ്മ പാടുപെട്ട് ഉണ്ടാക്കി കൊണ്ടുവന്ന് തരുന്നതൊക്കെ കുറേശെ എങ്കിലും കഴിക്കണം കേട്ടോ. അമ്മയെ വിഷമിപ്പിക്കരുത്. നിനക്കൊന്നുമില്ല.നിനക്ക് വേഗം സുഖമാകും " എന്നൊരു ഉപദേശം.

" ഈ ടീച്ചർ കഴിഞ്ഞ ജന്മത്തിൽ നമ്മുടെ ആരായിരുന്നു" എന്ന് കൂപ്പുകൈയോടെ എന്റെ അമ്മ!

ബ്ലഡ് കൗണ്ട് കുറഞ്ഞു പനിയുമായി രാത്രി കുഴഞ്ഞുവീണ എന്നെ Dr. ഗംഗാധരൻ പറഞ്ഞിരുന്ന ഇഞ്ചക്ഷൻ എടുക്കാൻ ഏത് ഡോക്ടറാണ് അടുത്ത് എന്ന് ആലോചിച്ചിരുന്ന ബാലേട്ടന്റെ മുന്നിൽ  ദേവതയായി ലക്ഷ്മി മിസ്സ് പ്രത്യക്ഷപ്പെട്ടു., പരിചയമുള്ള ഒരു ഡോക്ടറെയും കൊണ്ട്.

ഇങ്ങനെ ഓരോന്നായി  പറഞ്ഞാൽ തീരില്ല. ഞാൻ ആത്മാവ് കൊണ്ട് ചേർത്തുപിടിച്ച ഗുരുവായിരുന്നു ലക്ഷ്മി മിസ്സ്‌.

റിട്ടയർമെന്റിന് മുമ്പ് തന്നെ ടീച്ചർ എന്റെ അയൽപക്കക്കാരിയായി താമസത്തിനെത്തി. അവിടെനിന്ന് വരുന്ന പയർ ദോശയും പായസവും  ഒക്കെ എന്റെ വീട്ടിൽ ഹിറ്റായി. ഭർത്താവിന്റെ മരണം കഴിഞ്ഞ്  മക്കൾ കുടുംബമായി കേരളത്തിനു വെളിയിൽ  സെറ്റിൽ ആയപ്പോൾ ടീച്ചർ അങ്ങോട്ട് മാറി.  ടീച്ചറിന്റെ മകൾ ശാന്തി Santhi Ramachandran  ഫേസ്ബുക്കിൽ ഉള്ളതായിരുന്നു ഒരു കോൺടാക്ട്. പിന്നെ ടീച്ചറും ഫെയ്സ്ബുക്കിൽ വന്നു.

നന്മയും സ്നേഹവും മൂർത്തീഭവിച്ച ഗുരുനാഥയുടെ  പാദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക