എപ്പോഴെങ്കിലും, ജീവിത പരിസരങ്ങളിലെവിടെയെങ്കിലും വെച്ച് ഏതെങ്കിലുമൊരു മനുഷ്യനിൽ അഡിക്റ്റായിപ്പോയിട്ടുണ്ടോ..
അയാളുടെ ചിരിയിലേക്ക്, കഥ പറയുന്ന കണ്ണുകളിലേക്ക്, അയാളുടേത് മാത്രമായ അംഗവിക്ഷേപങ്ങളിലേക്കൊക്കെയും കൗതുകത്തോടെ നോക്കിനിന്ന്... കേട്ടു കേട്ടിരുന്നിട്ട് മതിവരാതെ പിന്നെയും പിന്നെയും മിണ്ടാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്ന്..
പ്രണയമോ സൗഹൃദമോ വാത്സല്യമോ ഏതുമായ്ക്കൊള്ളട്ടെ.. ആ ഒരു മനുഷ്യനിലൂടെയല്ലാതെ ഉറങ്ങാനാവാത്ത അയാൾക്ക് വേണ്ടിയോ അയാളിലേയ്ക്കല്ലാതെയോ ഉണരാനാഗ്രഹിക്കാത്ത ഒറ്റയാവുമ്പഴൊക്കെയും അയാളിനാൽ നിറഞ്ഞൊരു ബലൂൺ മാത്രമായിപ്പോവുകയെന്ന അനുഭൂതിയിൽ ഒരു വസന്തകാലം കടന്നു വന്നവരാണോ നിങ്ങൾ..
പതിവു നേരത്തെയാളെ കണ്ടില്ലെങ്കിൽ വിശപ്പറ്റുപോവുന്ന.. ആ ഒരാളുടെ ഒറ്റ മൗനത്തിൽനിന്ന് പറന്ന നൂറു നൂറു ചീവീടുകൾ എത്രയോ രാത്രികളിലമ്പേ ഉറക്കം കെടുത്തിക്കളഞ്ഞ... ഓർമ്മകളുടെ പ്രപഞ്ച ശാഖികളിലൊക്കെയും മറക്കപ്പെടാനാവാത്ത ഒരു മുഖവുംപേറി ജീവിച്ചു പോവുന്ന പ്രിയപ്പെട്ട മനുഷ്യരേ.. നിങ്ങളീ ജീവിതത്തിൽ നുകർന്നത്ര ലഹരിയൊന്നും ഒരു പുകയും പൊടിയും പാനീയവും ആർക്കും പകർന്നിട്ടില്ല.
പറഞ്ഞു വന്നതെന്തെന്നു വെച്ചാൽ "മനുഷ്യന് മനുഷ്യനെക്കാൾ വലിയ ലഹരിയൊന്നുമില്ലെടോ" എന്ന മനോഹരമായ വാക്കിനാലെ... "നീ കഞ്ചാവാണോ ഡേ.."എന്ന ഒളിയമ്പിനെ മുനയൊടിച്ച് തോട്ടിലെറിയുന്നു എന്ന്..