Image

പൂക്കുവാൻ കാക്കുന്നു നീലക്കുറിഞ്ഞികൾ ! (കവിത: ജയൻ വർഗീസ്)

Published on 03 January, 2025
പൂക്കുവാൻ കാക്കുന്നു നീലക്കുറിഞ്ഞികൾ ! (കവിത: ജയൻ വർഗീസ്)

ദൂരേ കിഴക്കിന്റെ ചക്രവാളത്തിലെ

സൂര്യക്കുടത്തിന്റെ താരാട്ട്

താഴത്തെ മണ്ണിന്റെ മാറത്തു പ്രേമത്തിൻ

തൂവൽ സ്പർശത്തിന്റെ നീരാട്ട്‌ !

.

പൂവായി ഭൂമിയെ മൂടുന്ന രോമാഞ്ച

ലീലാ വിലാസങ്ങളിൽ

ഓരോരോ കാലമാം കാലാടിപ്പാടിലും

കോരിത്തരിപ്പായി സ്നേഹ ബിന്ദു !

 

മായാ പ്രപഞ്ച നിഗൂഢ നിമഞ്ജതാ

രൂപമെൻ നക്ഷത്ര ധൂളീ ലയം

സാധകം ! ബോധമായ് എന്നിൽ തെളിയുന്ന ഞാനെന്ന

തേജസാം ദൈവ പ്രഭ !

 

ഓരോ പ്രഭാതത്തുടുപ്പിലും സ്വപ്നമായ്

നാളേകൾ  താണ്ടുമീ ജീവ ലോകം

ആറടി മണ്ണിൽ അലിഞ്ഞു ചേരാനുള്ള

യാതനാ യാത്രാ വഴിയിലല്ലോI ?

 

ആര് ഞാൻ ?  നക്ഷത്ര ധൂളികൾ ക്കപ്പുറ -

ത്താളുന്ന സത്യ സമസ്ഥതയിൽ

ചേതസ്സായ്  മുൻ ചിന്താ രൂപം പ്രപഞ്ചത്തിൻ

സാരമായ് ശക്തിയായ് പിന്നരങ്ങിൽ ?

 

സ്നേഹമാണെങ്ങും കണികകൾ ഒന്നിച്ച

പ്രേമം രചിച്ചൊരീ വിശ്വ രൂപം !

പ്രേമിച്ചു പ്രേമിച്ചു മണ്ണും മനുഷ്യനും

ഭൂമിയിൽ സ്വർഗ്ഗം പണിഞ്ഞു വയ്ക്കും !

 

ലോകാവസാനം മത / ശാസ്ത്ര ചൂഷണ

കാപാലികർ വിറ്റ  ക്രൂരം  നുണ

പോരിക മണ്ണിൽ മനുഷ്യനും ദൈവവും

ചേരുന്ന സ്വർഗ്ഗ കവാടങ്ങളിൽ !

 

നാളത്തെ സൗര മഹാ സ്പോടനങ്ങളിൽ

ധൂളികളായി വഴി പിരിഞ്ഞാൽ

കാലത്തിൻ മാറിലെ ചൂടിൽ അനശ്വര

നാളങ്ങളായി നാം വീണ്ടും വരും !  

Join WhatsApp News
(ഡോ.കെ) 2025-01-03 17:15:11
കവിത നന്നായിരിക്കുന്നു ശ്രീ.ജയൻ. വൈകാരികമായ മനോഹാരിത,ചിന്താപരമായ പ്രബോധനം,ഹൃദയത്തെ സ്പർശിക്കുന്ന ഭാവങ്ങൾ എല്ലാം ഒരുമിക്കുമ്പോഴാണ് സാഹിത്യമുണ്ടാകുന്നത്.ഈ കവിതയിൽ എല്ലാ സൗന്ദര്യവുമുണ്ട്.ചിന്ത മാത്രമായാലും,ആനന്ദം മാത്രമായാലും സാഹിത്യമില്ല.അതുപോലെ തന്നെ പ്രേമം മാത്രമാകുമ്പോൾ സാഹിത്യമില്ലാതായി അതൊരു വിനോദമാകും.ഒരു കവിത വായിക്കുമ്പോൾ അതിന്റെ അർത്ഥത്തിന്റെ അർത്ഥത്തിലേക്ക് അന്വേഷിച്ച് അനുവാചനം വഴി ആത്മാവിൽ രസത്തെ പ്രസരിപ്പിക്കണം.ഈ പുതിയ രസങ്ങളുടെ മാനങ്ങൾ ഹൃദയത്തിലുണ്ടാകുമ്പോൾ അവിടെ സാഹിത്യമുണ്ടാകുന്നു.ഇതിനെയാണ് ചില ആളുകൾ ശശിധരൻ കാടു കയറുന്നുവെന്ന് പറയുന്നത്. എല്ലാവർക്കുമിന്ന് തോട്ടമാണിഷ്ടം.വനമാണ് നമ്മുടെ സംസ്ക്കാരത്തിന്റെ മാതൃക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക