പ്രസ് ഗേനീ അസോഷ്യേറ്റ്സിന്റെ ആദ്യത്തെ 'പ്രസ് ഗേനീ നേഴ്സ് ഓഫ് ദി ഇയർ - നേഴ്സ് ലീഡർ അവാർഡ്' ജേതാവ്; ന്യൂ യോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസിന്റെ 'ഹെൽത്ത്കെയർ എക്സെല്ലെന്സ്'; ഇൻഡ്യൻ നഴ്സസ് അസോസിയേഷന്റെ 'സെന്റർ ഓഫ് നഴ്സിംഗ് ലീഡര്ഷിപ് എക്സെല്ലെന്സ്'; എച് എച് സി ഡോക്ടറൽ സർക്കിൾ ഓഫ് എക്സെല്ലെന്സ്; കേരള സമാജം ഓഫ് ന്യൂ ജേഴ്സിയുടെ വുമൻ ഓഫ് എക്സെല്ലെൻസ്; ഏഷ്യാനെറ്റിന്റെ ഹെൽത് കെയർ എക്സെല്ലെന്സ്; അമേരിക്കൻ നഴ്സസ് ക്രെഡന്ഷ്യലിംഗ് സെന്റർ നേതൃസമിതി അംഗം; സി ജി എഫ് എൻ എസിന്റെ നഴ്സിംഗ് സ്‌കൂൾസ് നേതൃസമിതി അംഗം - ആനി ജോർജിന്റെ അംഗീകാരങ്ങളുടെയും ബഹുമതികളുടെയും ലിസ്റ്റ് നീളുന്നു. നാൽപ്പതു ലക്ഷത്തിലധികം വരുന്ന അമേരിക്കയിലെ നഴ്‌സുമാരിൽ ഏറ്റവും ഉന്നതിയിലെ ചെറിയൊരു ഗ്രൂപ്പിൽ മികവിന്റെ കിരീടങ്ങൾ നേടുന്ന ഒരു മലയാളിയെ കുറിച്ച് :
അമേരിക്കയിലെത്തി നേഴ്സ് ആയി ജോലി ചെയ്യുകയെന്ന സ്വപ്നവുമായാണ് മാൻഗളൂർ യൂണിവേഴ്സിറ്റിയിലെ പത്തു കോളേജുകളിൽ ബി എസ് സി നഴ്സിങ്ങിൽ ഡിസ്റ്റിംക്ഷനോടെ ഒന്നാം റാങ്കു നേടി, ഫാദർ മുള്ളേഴ്‌സ് കോളേജ് ഓഫ് നഴ്സിങ്ങിന്റെ ഡിഗ്രിയുമായി 2003-ൽ അമേരിക്കയിൽ എത്തിയത്. ഇന്ത്യയിലെ നഴ്സിംഗ് വിദ്യാഭ്യാസം സി ജി എഫ് എൻ എസിനെ കൊണ്ട് വെരിഫിക്കേഷൻ നടത്തി, എൻക്ലേക്സ്-ആർ എൻ പരീക്ഷ പാസ്സായി. ഒരു ക്രിട്ടിക്കൽ കെയർ നഴ്സ് ആയി 2006-ൽ ജോലി തുടങ്ങിയതോടെ ആനിയുടെ സ്വപ്നസാക്ഷാൽക്കാരം അമേരിക്കൻ സ്വപ്നത്തിന്റെ തുടക്കമായി. തുടർന്ന് വ്യക്തികൾക്ക് അവരുടെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും സ്വതന്ത്രമായി പിന്തുടരാൻ അവസരങ്ങളുള്ള ഈ രാജ്യത്ത് ഏതൊരു വ്യക്തിക്കും ദൃഢനിശ്ചയത്തിലൂടെ, കഠിനാദ്ധ്വാനത്തിലൂടെ വിജയം കൈവരിക്കാനും തുടർച്ചയായ ഉയർച്ചയുടെ പടവുകൾ കയറുവാനും കഴിയുമെന്ന് കാണിച്ചു ആനി.
യു എസ് ഡിപ്പാർട്ടമെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്സിന്റെ വി.എ. നോർത്പോർട്ട് മെഡിക്കൽ സെന്ററിൽ അസ്സോസിയേറ്റ് ഡയറക്റ്റർ ഓഫ് പേഷ്യന്റ് കെയർ സെർവീസസ്/ചീഫ് നഴ്സ് എക്സിക്കുട്ടീവ് ആയി ഡോ. ആനിജോർജ് ചുമതലയേറ്റത് ആനിയുടെ കയറ്റങ്ങളുടെയും അംഗീകാരങ്ങ ളുടെയും ബഹുമതികളുടെയും ഏറ്റവും പുതിയ നാഴികക്കല്ലാണ്. അമേരിക്കയിലെ ഏറ്റവും വലിയ മുനിസിപ്പൽ ഹെൽത്ത്കെയർ സിസ്റ്റം ആയ ന്യൂ യോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസ് കോർപറേഷനിലെ (എച് എച് സി) എഴുപതോളം സ്ഥാപനങ്ങളിൽ ഓരോ ദിവസവും ലക്ഷക്കണക്കിന് രോഗികളെ ശുസ്രൂഷിക്കുന്ന പതിനായിരത്തിൽ പരം നഴ്സുമാർക്ക് ആരോഗ്യപരി പാലനത്തിന്റെ മികവ് വികസിപ്പിച്ച് കോര്പ്പറേഷനു തന്നെ ഉന്നത അംഗീകാരങ്ങൾ നേടിക്കൊടുത്ത ശേഷമാണ് ഡോ. ആനി ജോർജ് അടുത്ത വെല്ലുവിളി ഏറ്റെടുത്തത്. അമേരിക്കൻ മിലിട്ടറി, നേവി, എയർ സെർവിസ് എന്നിവ വഴി രാജ്യത്തിന് സേവനം ചെയ്തു പിരിഞ്ഞവർക്ക് നഴ്സിംഗ് സേവനത്തിന്റെ രീതിയും നിലവാരവും രൂപപ്പെടുത്തി ഗുണ നിലവാരത്തോടെ നടപ്പിലാക്കുന്നതിന് നേതൃത്വം നൽകുകയാണ് ഈ നിലയിൽ ഡോ. ജോർജിന്റെ ദൗത്യം. എച് എച് സി കോർപ്പറേറ്റ് സീനിയർ നഴ്സിംഗ് ഡയറക്റ്റർ ആയി ആരോഗ്യ രംഗത് ആതുര സേവനത്തിന്റെ മികവു വർധിപ്പിക്കുന്നതിനും ഗവേഷണങ്ങളിലൂടെ രോഗ വിമുക്തിക്ക് വേഗത വർധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നതിനും നേതൃത്വം നൽകി ദേശീയ തലത്തിൽ അംഗീകാരം നേടിയിട്ടുള്ളയാളാണ് ഡോ. ആനി ജോർജ്.
2006-ൽ നഴ്സിംഗ് പ്രാക്ടീസ് തുടങ്ങിയയുടനെ പുതിയ അറിവിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും വാതായനങ്ങൾ തുറക്കാൻ ഒട്ടും സമയം പാഴാക്കിയില്ല. ഫുൾ ടൈം ജോലി ചെയ്തുകൊണ്ടു തന്നെ, വളർന്നു വരുന്ന രണ്ടു കുട്ടികളുടെ അമ്മ, നല്ലൊരു സഹധർമ്മിണി, കുടുംബനാഥ എന്നീ പ്രാഥമിക ധർമ്മങ്ങൾക്ക് ഒട്ടും വിട്ടു വീഴ്ച്ച വരുത്താതെ, ആഡൽഫൈ യൂണിവേഴ്സിറ്റിയിൽ നിന്ന് നഴ്സിങ്ങിൽ മാസ്റ്റേഴ്സ് ഡിഗ്രി എടുത്തു.
ക്രിട്ടിക്കൽ കെയർ നഴ്സ് ആയി ജോലി ചെയ്തുകൊണ്ടിരുന്ന ആനിക്ക് മാസ്റ്റേഴ്സ് ബിരുദം ലഭിച്ചയുടനെ നോർത്-വെൽ ഹെൽത്തിലെ ലെനോക്സ് ഹിൽ ഹോസ്പിറ്റലിൽ നേഴ്സ് എജുക്കേറ്റർ ആയി മൂന്നു വര്ഷം ജോലി കിട്ടി. തുടർന്ന് അസ്സോസിയേറ്റ് ഡയറക്റ്റർ ഓഫ് നഴ്സിംഗ് പദവിയുമായി എച് എച് സിയുടെ ക്യുൻസ് ഹോസ്പിറ്റൽ സെന്ററിലേക്കു മാറി. അതെ സമയം തന്നെ ലെനോക്സ് ഹിൽ ഹോസ്പിറ്റലിൽ അസിസ്റ്റന്റ് ഡയറക്റ്റർ ഓഫ് നഴ്സിംഗ് ആൻഡ് നേഴ്സ് റിസേർച്ചർ ആയി പെർ ഡീം നിലയിൽ തുടർന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ അടുത്ത പടവിലേക്കു കയറുന്നതിന്, നഴ്സിങ്ങിൽ അറിവിന്റെ നൂതന മേഖലകൾ വികസിപ്പിക്കുന്നതിന് പി എച്ച്ഡി പ്രോഗ്രാമിൽ ചേരാൻ ഒട്ടും സമയം വൈകിച്ചില്ല. തന്റെ ഗവേഷണത്തിനായി ആനി തെരഞ്ഞെടുത്തതാകട്ടെ ലോകത്തു തന്നെ ഇദംപ്രദമായ ഒരു വിഷയവും! വെർച്വൽ ആയി ജോലി ചെയ്യുന്ന ഇന്റെൻസീവ് കെയർ നഴ്സുമാരുടെ ജീവിതാനുഭവങ്ങളെ പര്യവേക്ഷണം ചെയ്ത് ആ വിഭാഗക്കാരുടെ തനതായ സംകീർണ്ണതകളും അതുല്യതയും എങ്ങനെ രോഗികളുടെ ചികിത്സാഫലത്തെ ബാധിക്കുന്നു എന്നതായിരുന്നു ആനിയുടെ ഗവേഷണം. 2020-ൽ ആനി നഴ്സിങ്ങിൽ ടെർമിനൽ ബിരുദമായ പിഎച്ഡി ഡിഗ്രി നേടി. അമേരിക്കയിലെ നഴ്‌സുമാരിൽ ഒരു ശതമാനത്തിൽ താഴെ മാത്രം നഴ്സുമാർക്കേ ഈ ബിരുദമുള്ളൂ. അമേരിക്കയിൽ വിദ്യാഭ്യാസം ചെലവുള്ളതാണെന്നത് സത്യമാണെങ്കിലും ശ്രമവും പഠിക്കാനുള്ള ദൃഢനിശ്ചയവുമുണ്ടെങ്കിൽ സ്കോളര്ഷിപ്പുകളും ഗ്രാന്റുകളും സഹായങ്ങളും അന്വേഷിച്ചു കണ്ടെത്തി നേടാവുന്നതേയുള്ളൂ എന്നാണ് ഡോ. ആനി ജോർജിന്റെ അഭിപ്രായം.
ഇക്കാലയളവിൽ തന്നെ ക്രിട്ടിക്കൽ കെയർ രജിസ്റ്റേർഡ് നഴ്സ്, നഴ്സിംഗ് പ്രൊഫെഷണൽ ഡെവലപ്മെന്റ്, നഴ്സ് എക്സ്ക്യൂട്ടീവ് അഡ്വാൻസ്ഡ് എന്നീ പ്രത്യേക വിഭാഗങ്ങളിൽ അമേരിക്കൻ നഴ്സസ് ക്രെഡൻഷ്യലിങ് സെന്റർ നടത്തിയ മൂന്നു പ്രത്യേക ബോർഡ് സർട്ടിഫിക്കേഷൻ പരീക്ഷകളും പാസ്സായത് അറിവിന്റെ ചക്രവാളങ്ങളിൽ ലഭ്യമായ അവസരങ്ങൾ ഒന്നും തന്നെ നഷ്ടപ്പെടുത്താൻ ആനി തയ്യാറായില്ല എന്നതിന്റെ ഉദാഹരണമത്രേ. അതിനി ടയ്ക്ക് തന്നെ വീണ്ടും ക്യുൻസ് ഹോസ്പിറ്റൽ സെന്ററിൽ ഡയറക്റ്റർ ആയി പ്രൊമോഷൻ ലഭിച്ചിരുന്നു.
വിദ്യാഭ്യാസം വഴി നേടിയ നൂതനമായ അറിവുകൾ പ്രയോഗിക്കുന്നതിനും താൻ നേതൃത്വം നൽകുന്ന സ്ഥാപനത്തിന് ഡിപ്പാർട്മെന്റിന് മികവിന്റെ പുതിയ വാതിലുകൾ തുറക്കാനും വിജയിച്ച ആനി എച് എച് സിയുടെ നേതുത്വത്തിനു തന്നെ വലിയൊരു സമ്പത്തായാണ് കണക്കാക്കപ്പെട്ടത്. പി എച് ഡി ഡിഗ്രി ലഭിച്ചതിൽ അനുമോദിക്കാൻ ക്ഷണിച്ച ന്യൂ യോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസ് കോര്പറേഷന് സിസ്റ്റം വൈസ് പേസിഡന്റ് ഡോ. ചിനിയസ് ആനിയെ കണ്ടത് എച് എച് സിയുടെ തന്നെ കോർപറേറ്റ് നേതൃത്വത്തിലേക്കുള്ള പ്രൊമോഷനുമായാണ്. അമേരിക്കയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് ഉന്നത പദവിയിലെത്തുന്ന ആദ്യത്തെ ഇൻഡ്യക്കാരിയായിരുന്നു ആനി. പതിനൊന്നു വലിയ ഹോസ്പിറ്റലുകളും അഞ്ചു നഴ്സിംഗ് ഹോമുകളും എൺപതിലധികം കമ്മ്യൂണിറ്റികൾക്കുള്ള ആംബുലറ്റോറി ഹെൽത് കെയർ സെന്ററുകളും ഇരുപത്തിയൊന്പത് ഹെൽത് സെന്ററുകളുമുള്ള കോർപറേഷന്റെ സീനിയർ ഡയറക്ടർ ഓഫ് നഴ്സിംഗ് എക്സെല്ലെന്സ് ആൻഡ് റീസേർച്ച് എന്ന സ്ഥാനം ഏറ്റെടുത്ത ആനി സ്ഥാപനത്തിലെ പതിനായിരത്തിൽ പരം വരുന്ന നഴ്സുമാർക്ക് പുതിയൊരു ദീപമായി മാറി.
താൻ ജോലി ചെയ്ത സ്ഥാപനങ്ങളിലെ നഴ്‌സുമാരിൽ ഓരോരുത്തരുടെയും കഴിവുകളും സാധ്യതകളും തിരിച്ചറിഞ്ഞു അവയെ പോഷിപ്പിക്കുന്നതിനും അവ വഴി വ്യക്തികളുടെ ഉയർച്ചയ്ക്കുള്ള വഴികൾ തുറക്കാൻ ആനി ഒരു മെന്റർ എന്ന നിലയിൽ സഹായിച്ചിട്ടുണ്ട്; സഹായിക്കുന്നുണ്ട്. അതിന്റെ ഫലമാണ് നഴ്സിങ്ങിൽ രോഗികളുടെ നന്മയ്ക്ക് ഫലവത്തായ പുതിയ രീതികൾ വികസിപ്പിക്കുന്നതിനുള്ള പഠനങ്ങൾ നടത്തുന്നതിന് അനേകം നഴ്സുമാരെ ശാക്തീകരിക്കാൻ കോർപറേറ്റ് സീനിയർ ഡയറക്റ്റർ എന്ന നിലയിൽ ആനിക്കു കഴിഞ്ഞത്. പുതിയ പ്രോജക്റ്റുകളുടെ വിജയങ്ങൾ, പുതിയ അറിവുകൾ പ്രചരിപ്പിക്കുന്നതിനും പങ്കിടുന്നതിനും വിവിധ ടീമുകളെ നയിച്ച് അമേരിക്കയിലും സ്കോട്ലൻഡ്, പോളണ്ട്, കുവൈറ്റ് എന്നീ രാജ്യങ്ങളിലും അനേകം ദേശീയവും അന്തർദേശീയവുമായ കോണ്ഫറന്സുകളിൽ അവ അവതരിപ്പിക്കുക വഴി ലോകവ്യാപകമായ അഭിനന്ദന്ദങ്ങളാണ് നേടിയത്. നഴ്സുമാരുടെ ഉന്നത വിദ്യഭ്യാസം രോഗീപരിപാലനത്തിൽ മികവും നിലവാരവർധനയും സൃഷ്ടിക്കും. ആനിയുടെ സംരംഭമായി എച് എച് സിയിൽ തുടങ്ങിയ ‘ഡോക്ടറൽ സർക്കിൾ ഓഫ് എക്സെല്ലെന്സ്’ ഡോക്ടറൽ ഡിഗ്രിയുള്ള നഴ്സുമാരെ ഒരുമിപ്പിച്ചു അറിവുകളെ സമന്വയിപ്പിച്ചു നഴ്സിങ്ങിനും കമ്മ്യൂണിറ്റികൾക്കും സ്ഥാപനത്തിനും ഫലവത്തായ പടികൾ പടുത്തുകൊണ്ടിരിക്കുന്നു.
താൻ സേവനം ചെയ്യുന്ന സംഘടനയുടെ വളർച്ചയാണ് തന്റെ വളർച്ച എന്ന തത്വം സൂക്ഷിക്കുന്ന ആനിയുടെ നേതൃസംരംഭങ്ങളുടെ വിജയോദാഹരണങ്ങളാണ് ന്യൂ യോർക്ക് സിറ്റി ഹോസ്പിറ്റൽസ് കോർപ്പറേഷനു ലഭിച്ച അമേരിക്കൻ നഴ്സിംഗ് ക്രെഡൻഷ്യലിങ് സെന്ററിന്റെ 'പാത്-വേ ടു എക്സെല്ലെന്സ്', അമേരിക്കൻ അസോസിയേഷൻ ഓഫ് ക്രിട്ടിക്കൽ കെയർ നഴ്‌സസിന്റെ 'ബീക്കൺ', ‘എമർജൻസി നഴ്സസ് അസോസിയേഷൻ ലാന്റേൺ’, അസോസിയേഷൻ ഓഫ് പെരി-ഓപ്പറേറ്റീവ് രജിസ്റ്റേർഡ് നഴ്സസിന്റെ 'എക്സെല്ലെന്സ് ഇൻ സർജിക്കൽ സേഫ്റ്റി' എന്നീ പദവികൾ. എ എൻ സി സി, എ എൻ സി സി എന്നീ വിഖ്യാത സ്ഥാപനങ്ങളുടെ നേതൃസമിതികൾ, ഹോഫ്സ്ട്ര യൂണിവേഴ്സിറ്റിയുടെ അഡ്വൈ സറി ബോർഡ്, ഹണ്ടർ-ബെൽവ്യൂ സ്‌കൂൾ ഓഫ് നഴ്സിംഗ് പി എച് ഡി ഫാക്കൽറ്റി, അമേരിക്കൻ നഴ്സസ് ക്രെഡന്ഷ്യലിംഗ് സെന്ററിന്റെ കോൺടെന്റ് എക്സ്പെർട്ട് പാനൽ എന്നിവയിൽ അംഗമായ ഡോ. ആനി ജോർജ് ദേശീയവും അന്തർദേശീയവുമായ വിവിധ പ്രൊഫഷണൽ കോണ്ഫറന്സുകളിൽ തന്റെ ഗവേഷണങ്ങൾ അവതരിപ്പിക്കുകയും പ്രമുഖ ജേര്ണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും വഴി ആരോഗ്യരംഗത്തെ ഉന്നതങ്ങളിൽ നിന്നുതന്നെ അനവധി അഭിനന്ദനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ആനി വഹിക്കുന്ന സ്ഥാനങ്ങളിൽ ആഡെൽഫൈ യൂണിവേഴ്സിറ്റി കോളേജ് ഓഫ് നഴ്സിംഗ് ആൻഡ് പബ്ലിക് ഹെൽത്തിൽ ബക്ളീ വിസിറ്റിംഗ് സ്കോളർ, ന്യൂ യോർക്ക് അക്കാദമി ഓഫ് മെഡിസിനിൽ ഇൻഡക്ട് ചെയ്യപ്പെട്ട ഫെല്ലോ, ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ പാറ്റ് മക്ഘീ സ്കോളർഷിപ് സ്വീകർത്താവ്, നഴ്സ് എജുക്കേഷണൽ ഫണ്ട് സ്കോളർ എന്നിവയും ഉൾപ്പെടുന്നു.
ആരോഗ്യ പരിപാലന സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പരിചരണത്തിന്റെ അനുഭവം വിലയിരുത്തുന്ന ഒരു അന്തർദേശീയ കമ്പനിയായ 'പ്രസ് ഗേനീ അസോഷ്യേറ്റ്സ്' അമേരിക്കയിലെ നാല്പത്തിയൊരായിരം സ്ഥാപനങ്ങളുമായി അടുത്തു പ്രവർത്തിക്കുന്ന ഒന്നാണ്. സ്റ്റാഫ് വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷാനുഭവങ്ങളുടെ മെച്ചപ്പെടുത്തൽ, എന്നിവയിൽ അസാധാ രണമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന മികച്ച നേഴ്സ് ലീഡര്മാര്ക്ക് ഏർപ്പെടുത്തിയ വാർഷിക അംഗീകാരമാണ് 2023 മുതൽ പ്രസ് ഗേനീ നാഷണൽ നേഴ്സ് ലീഡർ ഓഫ് ദി ഇയർ അവാർഡ്. ഇത് ആദ്യമായി ലഭിച്ചത് ആനിക്കായിരുന്നുവെന്നത് ഇൻഡ്യക്കാർക്കു മുഴുവൻ തന്നെ അഭിമാനം നൽകുന്നു. ഒരു ലീഡർ എന്ന നിലയിൽ മികവിനു വേണ്ടിയുള്ള ആനിയുടെ പ്രതിബദ്ധതയും അമേരിക്കയിലെ ഏറ്റവും വലിയ പബ്ലിക് ആരോഗ്യപരിപാലന സംഘടനയായ ന്യൂ യോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസ് കോർപറേഷൻ സ്റ്റാഫിനെ മികവിനു വേണ്ടി ശാക്തീകരിക്കുന്നതിനു വിജയകരമായി നടത്തിയ നടപടികളും ആയിരുന്നു ആനിക്ക് ഈ ബഹുമതി നേടികൊടുത്തത്.
വളർച്ചയ്ക്കും ഉയർച്ചയ്ക്കും പിന്നിൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും സ്വാധീനം? ഭർത്താവ് ജോർജ് ഒരു ഹോസ്പിറ്റൽ മാനേജ്‌മന്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. അൽപ്പം റിയൽ എസ്റ്റേറ്റ് ബിസിനസ്സുമുണ്ട്. ഭർത്താവിന്റെ പിന്തുണ തീർച്ചയായും ഒരു സഹായമായിരുന്നു. മാതാപിതാക്കൾ (ജോൺ ജോസഫും എച് എച് സിയിൽ നഴ്‌സായി ജോലി ചെയ്തു റിട്ടയർ ചെയ്ത 'അമ്മ ശോശാമ്മയും) സഹായിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ വളച്ചയിലും ഉയർച്ചയിലും തന്റെ കഴിവുകൾക്കുപരി സഹായിച്ചവരും വഴികാട്ടി തന്നവരുമായ അനേകം പേരുണ്ട് - വ്യക്തിജീവിതത്തിലും വിദ്യാഭ്യാസജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും. ഓരോ നാഴികക്കല്ലു പിന്നിടുമ്പോളും അവരെ കടപ്പാടോടെ ഓർക്കും. പഠിക്കണം, ഉയരണം എന്ന ലക്ഷ്യങ്ങളുണ്ടെങ്കിൽ ഏറ്റവും ആവശ്യം സ്വന്തം ദൃഢനിശ്ചയവും പ്ലാൻ ചെയ്ത് സമയം മാനേജ് ചെയ്യാനും മുൻഗണന കൊടുക്കേണ്ട കാര്യങ്ങളെ തിരിച്ചറിഞ്ഞു ഉന്മേഷത്തോടെ പ്രവർത്തിക്കാനുള്ള മനോഭാവവും ആണ് വേണ്ടത്. ഇത്തരം ഒരു സമീപനമാണ് താൻ സ്വീകരിച്ചതും തുടരുന്നതുമെന്ന് ആനി. ചെയ്യാനുള്ള കാര്യങ്ങളെ കാര്യക്ഷമതയോടെയും പ്രയോഗക്ഷമതയോടെയും ചെയ്തുതീർക്കാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കുടുംബത്തിന്റെയും ജോലിയുടെയും പഠനത്തിന്റെയും കാര്യങ്ങൾക്ക് വിട്ടുവീഴ്ച വരുത്താതെ മുന്നോട്ടു പോകാൻ സാധിക്കുന്നു – ആനി ആല്മപ്രകടനം നടത്തി. അദ്ധ്വാനിക്കുന്നതിനു ഫലമുണ്ടാകുന്നതും അറിവിന്റെ സമൂഹം അത് അംഗീകരിക്കുകയും ചെയ്യുമ്പോൾ കൂടുതൽ ചെയ്യാനുള്ള പ്രോത്സാഹനം ലഭിക്കുന്നു. ജോലിയും സ്വകാര്യ ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ പരിപാലിക്കാൻ സാധിക്കുന്നതിന് ഭർത്താവ് ജോർജ്ജിനോടും മക്കൾ എവിറ്റാ, എലിസാ എന്നിവരോടും ചെറുപ്പത്തിൽ തന്നെ വാത്സല്യത്തോടെ വളർത്തിയ അമ്മച്ചി അന്നമ്മയോടും ജോർജിന്റെ മാതാപിതാക്കന്മാരോടും തന്റെ മാതാപിതാക്കളോടും ഹൃദയത്തിൽ എന്നും നന്ദി സൂക്ഷിക്കുന്നു.
ഇത്ര ചെറുപ്പത്തിൽ തന്നെ അഭിമാനകരമായ ഉയർച്ചയുണ്ടായി. ഇൻഡ്യയിൽ നിന്ന് പഠിച്ചു അമേരിക്കയിൽ കുടിയേറിയ, കുടിയേറിക്കൊണ്ടിരിക്കുന്ന നഴ്സുമാരോട് എന്തെങ്കിലും സന്ദേശം നൽകാറുണ്ടോയെന്ന ചോദ്യത്തിന് ആനിയുടെ മറുപടി: "നഴ്സുമാരോട് എനിക്ക് പറയാനുള്ളത് അവർ നഴ്സിംഗ് മേഖലയെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണയുണ്ടാക്കി വിദ്യാഭ്യാസം തുടർന്ന് ഉയർച്ചയ്ക്കുള്ള അവസരങ്ങൾ തേടണമെന്നാണ്. നഴ്സിംഗ് ജോലിയെക്കുറിച്ചുള്ള വിമര്ശനാല്മകമായ ചിന്തകളെ പരിപോഷിപ്പിക്കുകയും നഴ്സിംഗ് പ്രാക്ടിസിൽ ധാര്മികമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും ചെയ്യണം. നമ്മുടെ സമയം സമർത്ഥമായി കൈകാര്യം ചെയ്ത ജോലിയും ജീവിതവും തമ്മിലുള്ള ബാലൻസ് നില നിർത്തണം. പ്രൊഫഷണൽ ഓർഗനൈസേഷനുകളിൽ ചേരുന്നതു വഴി പ്രൊഫെഷണൽ ആയ അഭിമാനം വർധിപ്പിക്കുന്നതിനും നല്ല നെറ്റ്‌വർക്കിങ് വികസിപ്പിക്കാനും ഉപകരിക്കും.
ഈസ്റ്റേൺ നഴ്സിംഗ് റിസർച്ച് സൊസൈറ്റിലെ സജീവ അംഗമെന്ന നിലയ്ക്ക് രാജ്യവ്യാപകമായി പല റിസർച്ച് പ്രോജെക്റ്റുകളിലും ജേര്ണലുകളിലേക്കുള്ള ലേഖനങ്ങൾ എഴുതുന്നതിലും വ്യാപൃതയായ ആനി, അഭിവൃദ്ധിയുടേതായ മാറ്റം വരുത്തണമെന്ന തീവ്രമായ ആഗ്രഹത്തോടെയാണ് വി എ നോർത്തപോർട് ഹെൽത് കെയറിലേക്ക് മാറുന്നത്. തൊടുന്നതെല്ലാം സ്രേഷ്ടമാക്കി മാറ്റിയ ആനി വി എ നോർത്പോർട്ടിന്റെ നേതൃത്വത്തിന് വലിയൊരു മുതൽക്കൂട്ടാണ്.