ന്യൂ യോർക്ക് കോടതി ഹഷ് മണി കേസിൽ വെള്ളിയാഴ്ച വിധി പറയുന്നത് തടയാൻ ഡൊണാൾഡ് ട്രംപ് നടത്തിയ അവസാന ശ്രമവും പരാജയപ്പെട്ടു. മൻഹാട്ടൻ ജഡ്‌ജ് യുവാൻ മെർഷന്റെ വിധി പ്രഖ്യാപനം തടയാൻ യുഎസ് സുപ്രീം കോടതി വിസമ്മതിച്ചത് 5-4 തീർപ്പിലാണ്.
മൂന്ന് ലിബറൽ ജസ്റ്റിസുമാർക്കൊപ്പം ചേർന്ന് ട്രംപിന്റെ അപേക്ഷ തള്ളുന്നതിനെ ചീഫ് ജസ്റ്റിസ് ജോൺ റോബെർട്സ്, ജസ്റ്റിസ് ആമി കോണി ബാരറ്റ് എന്നിവർ അനുകൂലിച്ചു.
ജൂലൈയിൽ 34 ഫെലണികളിൽ കുറ്റക്കാരൻ എന്നു കോടതി കണ്ടെത്തിയ ട്രംപിനെ വെള്ളിയാഴ്ച്ച മെർഷൻ ശിക്ഷിക്കുമ്പോൾ ആ ശിക്ഷ ഏറ്റുവാങ്ങിയ ശേഷം പ്രസിഡന്റാവുന്ന ആദ്യ വ്യക്തിയാവും ട്രംപ്. ജയിൽ ശിക്ഷയും പ്രൊബേഷനും പ്രസിഡന്റ്റിന്റെ ചുമതലകൾ വഹിക്കാൻ തടസമാകും എന്നതു കൊണ്ട് മെർഷൻ അവ ഒഴിവാക്കും എന്നാണ് കരുതപ്പെടുന്നത്.
രഹസ്യ രേഖ റിപ്പോർട്ട് പുറത്തു വരുന്നു
അതേ സമയം, വൈറ്റ് ഹൗസിൽ നിന്നുള്ള രഹസ്യ രേഖകൾ ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ഫെഡറൽ അപ്പീൽസ് കോടതി ജസ്റ്റിസ് ഡിപ്പാർട്മെന്റിന് അനുമതി നൽകിയതും ട്രംപിനു തിരിച്ചടിയായി. സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്തിന്റെ റിപ്പോർട്ട് തടയണം എന്നാവശ്യപ്പെട്ടു ട്രംപ് നൽകിയ അടിയന്തര അപ്പീൽ അനുവദിക്കാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി.
ജനുവരി 6 കലാപം സംബന്ധിച്ച അന്വേഷണത്തിന്റെ റിപ്പോർട്ടും ജസ്റ്റിസ് ഡിപ്പാർട്മെന്റിനു പ്രസിദ്ധീകരിക്കാം.
SCOTUS allows hush money verdict