പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികളെ സംരക്ഷിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, 18-ാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വികസിത ഭാരതത്തിന് പ്രവാസികളുടെ പങ്ക്...' എന്ന വിഷയം പ്രധാന തീം ആക്കിക്കൊണ്ട് പ്രവാസി ഭാരതീയ ദിവസ് ഒഡിഷയിലെ ഭുവനേശ്വറിലുള്ള ജന്ത മൈതാനിയിലാണ് നടന്നത്. പ്രവാസി ഭാരതീയ ദിനമായി ആഘോഷിച്ച ജനുവരി 9-ാം തീയതി പ്രധാനമന്ത്രി ടിനിഡാഡ് ആന്‍ഡ് ടുബാഗോ പ്രസിഡന്റ് ക്രിസ്റ്റിന്‍ കാര്‍ല കാങ്ങലൂവിന്റെ സാന്നിധ്യത്തില്‍ ഇപ്രകാരം പറഞ്ഞു.
''പത്ത് വര്‍ഷത്തിനിടെ ലോകമെമ്പാടും ഇന്ത്യന്‍ എംബസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശത്തെ ഇന്ത്യന്‍ എംബസികളില്‍ സഹായത്തിന് കാത്തിരിക്കേണ്ട സ്ഥിതി മാറ്റി ജനകീയമാക്കാനാണ് ശ്രമിക്കുന്നത്. ആഗോളവേദികളില്‍ ലോകനേതാക്കളെല്ലാം ഇന്ത്യന്‍ പ്രവാസികളെ പ്രശംസിക്കുകയാണ്. അതിനുകാരണം നമ്മുടെ മൂല്യങ്ങളാണ്. ജനാധിപത്യം നമ്മുടെ ജീവല്‍ പദ്ധതിയാണ്. ലോകത്തിന്റെ ഏതുഭാഗത്തു പോയാലും ഇന്ത്യയെ ഹൃദയത്തോടു ചേര്‍ത്തുകൊണ്ട് ഭാരതീയര്‍ അവിടത്തെ വൈവിധ്യത്തിനും സംസ്‌കാരത്തിനുമൊപ്പം ചേര്‍ന്നുനില്‍ക്കും. അത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. യുവാക്കള്‍ കൂടുതലുള്ള രാജ്യം മാത്രമല്ല, ഇന്ത്യ വിദഗ്ധരായ യുവാക്കളുടെ രാജ്യം കൂടിയാകും...''
അതേസമയം, പ്രവാസി ഭാരതീയ ദിവസിന്റെ ഭാഗമായി നോര്‍ക്കയുടെ ഇക്കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച അച്ചീവ്‌മെന്റ് കലണ്ടര്‍ ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഡോ. എം.എ യൂസഫലി മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി ഓണററി കോണ്‍സുലര്‍ (സലാല മേഖല) ഡോ. സനാതനന് നല്‍കി പ്രകാശനം ചെയ്തു. ഇക്കുറി 70 രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തോളം ഇന്ത്യന്‍ പ്രവാസി പ്രതിനിധികളാണ് പ്രവാസി ഭാരതീയ ദിവസിലെ വിവിധ സെഷനുകളില്‍ സന്നിഹിതരായത്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി 1915 ജനുവരി 9-ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷം അദ്ദേഹം സ്വാതന്ത്ര്യത്തിന് വഴിയൊരുക്കി. മഹാത്മജിയുടെ തിരിച്ചുവരവിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കത്തിന്റെയും സ്മരണയിലാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്. മഹാത്മജിയുടെ മടങ്ങിവരവ് ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ വിദേശത്തുള്ള ഇന്ത്യക്കാരുടെ വലിയ സ്വാധീനത്തെ അടയാളപ്പെടുത്തുന്നു. വിദേശത്ത് തങ്ങളുടെ മേഖലകളില്‍ പ്രത്യേക നേട്ടങ്ങള്‍ കൈവരിച്ച ഇന്ത്യക്കാരെ ഈ ദിനത്തില്‍ ആദരിക്കുന്നു.
ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വിദേശ രാജ്യത്തുള്ള ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകളെ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള ദിവസം കൂടിയാണ് പ്രവാസി ഭാരതീയ ദിവസ് നിയമജ്ഞനും പാര്‍ലമെന്റേറിയനും പണ്ഡിതനും എഴുത്തുകാര്ും നയതന്ത്രജ്ഞയുമായിരുന്നു ലക്ഷ്മിമാല്‍ സിംഗ്വി കമ്മിറ്റിയാണ് 1915-ല്‍ ഈ ദിനം ആഘോഷിക്കാന്‍ ശുപാര്‍ശ ചെയ്തത്. 2015-ല്‍ ഇത് പരിഷ്‌കരിച്ചു. 2002-ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2003-ല്‍ ആദ്യമായി പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചു. അതിനുശേഷം രണ്ട് വര്‍ഷം കൂടുമ്പോള്‍ ഈ ദിനം ആഘോഷിക്കുന്നു. കൊറോണ വൈറസ് കാരണം 2021-ല്‍ പ്രവാസി ഭാരതീയ ദിവസ് വെര്‍ച്വലായി ആഘോഷിച്ചു.
വിദേശത്ത് പ്രത്യേക നേട്ടങ്ങള്‍ കൈവരിച്ച ഇന്ത്യക്കാരെ ആദരിക്കുക, വിദേശ ഇന്ത്യക്കാര്‍ക്കും രാജ്യക്കാര്‍ക്കും ഇടയില്‍ ഒരു ശൃംഖല സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുക, രാജ്യത്തെ യുവാക്കളെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുമായി ആശയവിനിമയം നടത്താനുള്ള വഴിയൊരുക്കുക, നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് പ്രവാസി ഭാരതീയ ദിവസിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
അന്താരാഷ്ട്ര തലത്തില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ ഇന്ത്യന്‍ വംശജരെ ഒരുമിപ്പിച്ച് ഒരേ വേദിയില്‍ എത്തിച്ച് കൊണ്ട് വിപുലമായ ആഘോഷ പരിപാടികളാണ് ഓരോ പ്രവാസി ഭാരതീയ ദിവസിലും സംഘടിപ്പിക്കുന്നത്. വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന് ഇത് ഏറെ പ്രയോജനകരമായി മാറുന്നു. കൂടാതെ ഇന്ത്യയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും പ്രയോജനകരമായ പല പദ്ധതികളും നടപ്പാക്കാന്‍ ഇത്തരത്തില്‍ ഒരു വേദി സഹായിക്കുന്നു.
ഇന്ത്യയും ലോക ജനങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിനൊപ്പം സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വ്യാപാരം തുടങ്ങിയ മേഖലകളിലുടനീളം അവരുടെ സംഭാവനകളെക്കുറിച്ചും ഈ ദിവസം ഊന്നിപ്പറയുന്നു. 32 ദശലക്ഷത്തിലധികം ഇന്ത്യക്കാരാമ് വിദേശത്ത് താമസിക്കുന്നത്. അതിനാല്‍, ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ഒരു സുപ്രധാന കണ്ണിയാണ് പ്രവാസികള്‍.
പണമടയ്ക്കല്‍, നിക്ഷേപം, ഇന്ത്യയുടെ ആഗോള പ്രതിച്ഛായ എന്നിവയില്‍ പ്രവാസി ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്. സാങ്കേതിക വിദ്യ, സമ്പദ്ഘടന അടക്കമുള്ള മേഖലകളില്‍ വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സംഭാവനകള്‍ വളരെ വലുതാണ്. വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്‍മാരും ഇന്ത്യന്‍ വേരുകളുള്ള വിദേശപൗരന്‍മാരും ഉള്‍പ്പെടുന്ന വരെയാണ് ഇന്ത്യന്‍ വംശജര്‍ എന്ന് വിശേഷിപ്പിക്കുന്നത്.
പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് സ്വന്തം മേഖലകളില്‍ അനന്യമായ സംഭാവനകള്‍ നല്‍കിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് പ്രവാസി ഭാരതീയ സമ്മാന്‍. 10-ാം തീയതി നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങളും സമ്മാനിക്കും. യു.എ.ഇ വ്യവസായിയായ മലയാളി രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍ അടക്കം 25 പേര്‍ക്കും രണ്ട് സന്നദ്ധ സംഘടനകള്‍ക്കുമാണ് ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസ് പുരസ്‌കാരം.