Image

ഹണി റോസ്, ബോച്ചെ, പിന്നെയും കുറേ ഞരമ്പൻമാർ

സനൂബ് ശശീധരൻ Published on 10 January, 2025
ഹണി റോസ്, ബോച്ചെ, പിന്നെയും കുറേ ഞരമ്പൻമാർ

കാൻ ചലചിത്രമേളയിൽ അടക്കം പുരസ്ക്കാരം നേടിയ ചലചിത്രം. അതിൽ മലയാളഭാഷയുണ്ട്. മലയാളി താരങ്ങളുണ്ട്. ആ ചിത്രം പറഞ്ഞതും മലയാളികളുടെ ജീവിതം. പക്ഷെ അപ്പോഴും നമ്മൾ മലയാളിക്ക് അതിൽ കാണാനായത് ഒന്നുമാത്രം. ദിവ്യപ്രഭയെന്ന നായികയുടെ ലൈംഗികത നിറഞ്ഞദൃശ്യം. ആ ക്ലിപ്പിനായി മലയാളി അലഞ്ഞത് നാട്ടിൽ പാട്ടാണ്. അതാണ് മലയാളിയെന്ന് (എല്ലാവരുമല്ല, ഒരുവിഭാഗം മാത്രം) പറയേണ്ടിവരുന്നത് നാണക്കേടാണ്. അതിൻറെ തുടർച്ച തന്നെയാണ് ഹണി റോസ് കേസും നമ്മോടുപറയുന്നത്.

കടയുടെ ഉദ്ഘാടനത്തിന് വിളിക്കുന്നു, പണം നൽകുന്നു. എന്നാലത് ലൈംഗികമായി അധിക്ഷേപിക്കാനോ ഡബിൾ മീനിങ്ങിൽ സംസാരിക്കാനോ ഉള്ള അവകാശം നൽകുന്നുവെന്ന് ധരിക്കുന്നവരാണ് മിക്കവരും. ഉദ്ഘാടനത്തിനെത്തുന്ന നടി അല്ലെങ്കിൽ സെലിബ്രിറ്റി എന്ത് വസ്ത്രം ധരിക്കണമെന്നതടക്കം നേരത്തെ വിളിച്ച് ആവശ്യപ്പെടാറുണ്ട് എന്ന് വെളിപ്പെടുത്തിയത് ഇത്തരത്തിൽ ഉദ്ഘാടനത്തിന് പോകുന്ന ഒരു താരമാണ്. പലരും പലതരം ആവശ്യങ്ങളും നിർദേശങ്ങളും മുന്നോട്ട് വെക്കാറുണ്ടെന്നും പലരും പിന്നാലെ പറഞ്ഞു. ഇതാണ് മുതലാളിമാരുടെ പൊതുസ്വഭാവം എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. എന്തിനാണ് കടയുടെ ഉദ്ഘാടനത്തിന് വരുമ്പോൾ മുതലാളിക്ക് വസ്ത്രധാരണത്തിൽ ഇടപെടേണ്ട ആവശ്യം. അപ്പോൾ ആവശ്യം കടയുടെ ഉദ്ഘാടനം നന്നായി നടത്തൽ അല്ല, മറിച്ച് ആളെക്കൂട്ടി കൊഴുപ്പിച്ച് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് സാമ്പത്തികവും അല്ലാത്തതുമായ നേട്ടമുണ്ടാക്കുക എന്നത് മാത്രമാണ്.

 

താൻ പണം കൊടുത്തുകൊണ്ടുവന്ന താരത്തെ, താരത്തിൻറെ ശരീരത്തെകുറിച്ച് എന്തും തനിക്ക് പറയാനുള്ള അവകാശവും അധികാരവുമുണ്ടെന്ന് കരുതുന്നവരാണ് ബോച്ചെ എന്ന് സ്വയം വിളിക്കുന്ന (വിളിപ്പിക്കുന്ന) ബോബി ചെമ്മണ്ണൂർ അടക്കമുള്ള മുതലാളിമാർ. അതിനുള്ളതാണ് താൻ നൽകുന്ന പ്രതിഫലമെന്നാണ് വിചാരം. ആണധികാരത്തിൻറെ മറ്റൊരുമുഖം.

താരങ്ങൾ ഉദ്ഘാടനത്തിന് പണം വാങ്ങി വരുന്നത് അവരുടെ വരുമാനമാർഗത്തിൻറെ ഭാഗം മാത്രമാണ്. സിനിമയ്ക്ക് പുറമെ, സിനിമകൾ കുറയുമ്പോൾ സമ്പാദിക്കാനുള്ള ഒരു ഉപവഴിയായാണ് താരങ്ങൾ ഇതിനെ കാണുന്നത്. അല്ലാതെ ഇത് മാത്രം ഉപജീവനമാർഗ്ഗം ആക്കിയവരല്ല അവരാരും. അങ്ങന ഉദ്ഘാടനത്തിന് വരുന്നത് പക്ഷെ സ്വന്തം ശരീരത്തെ കുറിച്ച് എന്ത് ആഭാസത്തരവും പറയാനുള്ള ലൈസൻസ് നൽകലല്ല.
നാട്ടിൻപുറത്ത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കടകളുടെ ഉദ്ഘാടനത്തിന് താരങ്ങളെ കൊണ്ടുവരുന്നത്. പണ്ടും ആളുകൾ താരങ്ങളെ കാണാൻ തടിച്ചുകൂടാറുണ്ട്. അത് പക്ഷെ താരാരാധനയുടെ ഭാഗമാണ്. അന്നൊന്നും താരങ്ങളെ കൊണ്ടുവന്ന് ദ്വയാർത്ഥപ്രയോഗം നടത്തിയല്ല ശ്രദ്ധ പിടിച്ചുപറ്റിയിരുന്നത്. നല്ല സേവനവും മാതൃകാപരമായി പെരുമാറിയുമാണ്. എന്നാലിപ്പോൾ കടകളുടെ ഉദ്ഘാടനമെന്നത് സേവനം നൽകുക എന്നതിനപ്പുറം ഉടമകളുടെ മനസിലെ ലൈംഗിക ദാരിദ്ര്യം കരഞ്ഞ്തീർക്കാനുള്ള മാർഗ്ഗമായി അധപതിച്ചിരിക്കുകയാണ്.

ഹണി റോസിൻറെ കേസ് നോക്കാം. കഴിഞ്ഞ കുറേ മാസങ്ങളായി ബോബിയുടെ കടയുടെ ഉദഘാടനത്തിനെത്തിയ ഹണി റോസിനെ കുറിച്ച് മുതലാളി നടത്തിയ പരാമർശങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലെല്ലാം നിറഞ്ഞത്. ക്ലിക്ക് ബൈറ്റ് കിട്ടാനാവുന്ന തരത്തിൽ ആഭാസത്തരം പറയുന്ന മുതലാളിയുടെ ഇളിക്കുന്ന ദൃശ്യങ്ങളാണ് എല്ലായിടത്തും. ഒപ്പം അത് കേട്ട് ആർത്തലച്ച് ചിരിക്കുന്ന മലയാളിയുടെ ദയനീയ ചിത്രവും.

എല്ലാകാലത്തും വഷളത്തരം പറയുകയും കാട്ടുകയും ചെയ്യുന്ന മുതലാളിയാണ് ബോബി ചെമ്മണ്ണൂർ. അദ്ദേഹം നൽകുന്ന അഭിമുഖങ്ങളിലെല്ലാം അവ നിറയുന്നു. അതെല്ലാം മലയാളി ആഘോഷിക്കുകയും മില്ല്യൺ വ്യൂ നൽകുകയും ചെയ്യുന്നു. ഇത് കോവലം ഒരു ബോബിയുടെ മാത്രം കാര്യമല്ല. ഡോക്ടർ രജിത്ത് അടക്കമുള്ളവരെ മലയാളി ആഘോഷിച്ചതും അവരിലെ വഷളത്തരത്തിൻറെയെല്ലാം അടിസ്ഥാനത്തിലാണ്. മലയാളിയും ലൈംഗികദാരിദ്ര്യത്തിൻറെ തെളിവ്. 
രാഹുൽ ഈശ്വറിൻറെ പരാമർശവും വിരൽ ചൂണ്ടുന്നത് അതിലേക്ക് തന്നെയാണ്. വസ്ത്രം കണ്ടാൽ കൺട്രോൾ പോകുന്നവരാണ് ഇവരെങ്കിൽ ചികിത്സവേണ്ടത് അവർക്ക് ആണ്. മറ്റൊരാൾ എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്ന മനസ്ഥിതിക്കാണ്.

കേസ് എടുക്കുമെന്നും തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും ഒരുപക്ഷെ മുതലാളി വിചാരിച്ചിരിക്കില്ല.  തൻറെ പണത്തിന്ർറെ ഹുങ്കിൽ എല്ലാം മാറിനിൽക്കുമെന്നായിരുന്നു മുതലാളി കരുതിയിരുന്നത്. എന്നാൽ അസഭ്യം പറഞ്ഞ ഒരോരുത്തരെയായി പൂട്ടിയപ്പോൾ അവസാനത്തെ വലിയ പൂട്ട് ബോബി ചെമ്മണ്ണൂരിനായി കരുതിവെച്ചുവെന്നതാണ് ഈ കേസിലെ ഹൈലൈറ്റ്. ഒപ്പം സോഷ്യൽ മീഡിയയിൽ മറഞ്ഞിരുന്ന സ്ത്രീയെ, സ്ത്രീത്വത്തെ അപമാനിക്കുന്ന ഓരോരുത്തർക്കുമുള്ള താക്കീതുമായി. 
 

Join WhatsApp News
Jose kavil 2025-01-10 17:47:15
ഈ അറസ്റ്റ് മുകേഷിനേ യും സിദ്ദിഖിനേയും ഇടവളേ ബാബുവിനേ യും അങ്ങനെ ചില ഞരമ്പൻ മാരെ യും ബാധിക്കാതെ അവർ വീണ്ടും പീഡിത ലക്ഷ്യം നോക്കി ജീവിക്കുന്നു. ഒരു രാജ്യത്ത് രണ്ടു നിയമമോ ? നവീൻ ബാബുവിൻ്റെ വിധവക്ക് നീതികിട്ടിയോ ? കവിയൂർ പീഡന വീരൻ, സൂര്യനെല്ലി , ഐസ്ക്രീം , ഫ്രാങ്കോ , ഗോവിന്ദചാമി ആർക്കെങ്കിലും ശിക്ഷ കിട്ടിയോ? വാളയാർ രണ്ടു പിഞ്ചുകു ഞ്ഞുങ്ങളെ ബലാൽ സംഗം ചെയ്തു കെട്ടിത്തുക്കിയവർ ഇന്നും വിലസുന്നു. അവരുടെ മതാപിതാക്കളെ അറസ്‌റ്റു ചെയ്യുന്നു. ഒരു നാട്ടിൽ രണ്ടു നീതി എവിടെ ശശി ? ബലാൽസംഗ വീരൻമാർ പുറത്തും കമൻ്റ് പറയുന്നവർ അകത്തും .ഇത് വെള്ളരിക്കാ പട്ടണമോ? സർക്കാർ രാജിവെച്ചിട്ടു മാങ്ങാ പറിക്കുവാൻ പോകുന്നതാണ് നല്ലത്.
വിദ്യാധരൻ 2025-01-11 03:44:04
ഇയാളെ എന്തിന് കുറ്റം പറയുന്നു. അമേരിക്കൻ പ്രസിഡണ്ടിന്റെ കഥ നോക്കു. പണവും അധികാരവും ഉണ്ടെങ്കിൽ സ്ത്രീകൾ എന്തിനും തയാറാകുമെന്ന് ഒരു ധാരണ പലർക്കുമുണ്ടു. ഇവർ ധർമ്മനീതിയെ പുനഃവ്യാഖ്യാനം ചെയ്യുകയാണ്. ഇത് കണ്ടിട്ടും കാണാതെ ഇതിനെ വാഴ്ത്തി പുകഴ്ത്തുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. ഇവർ പിംഗളന്റെ കവിത വായിക്കാതെ, "യാ കുചഗുർവീ മൃഗശിശു നയനാ പീനനിതംബ മദകരി ഗമനാ കിന്നരകണ്ഠി സുരുചിരദശനാ സാ തവ സൗഖ്യം തരുതു ലലനാ" (യാതൊരുവൾ വലിയ സ്തനങ്ങളും മാൻകിടാവിന്റെ നയനങ്ങളും തടിച്ച അരക്കെട്ടും മദയാനയെപ്പോലെയുള്ള നടത്തയും കിന്നരന്മാരെപ്പോലെയുള്ള കണ്ഠനാദവും ഭംഗിയുള്ള പല്ലുകളും ഉള്ളവളാണോ ആ സുന്ദരി നിനക്ക് സൗഖ്യം തരട്ടെ ) ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിലെ താഴെ പറയുന്ന ശ്ലോകം ഉയർവിട്ടിരുന്നങ്കിൽ ഇപ്പോൾ ജയിലിൽ കിടുക്കേണ്ടതായി വരില്ലായിരുന്നു. "നാരീസ്തനഭര നാഭീദേശം ദൃഷ്ടാ മാ ഗാ മോഹാവേശം ഏതാന്മാംസവ സാദി വികാരം മനസി വിചിന്തയ വാരം വാരം " (സ്ത്രീകളുടെ സ്തനവും ജഘനവുമെല്ലാം കണ്ട് കാമവിവശനാകാതിരിക്കുക. മാംസത്തിന്റെയും കൊഴുപ്പിന്റെയും രൂപഭേദമാണ് അവയെല്ലാം എന്ന് കൂടെക്കൂടെ മനസ്സിൽ ഓർക്കുക" പക്ഷെ എന്തു ചെയ്യാം ഒടുവിൽ കുഞ്ഞികൃഷ്ണമേനോനെപ്പോലെ കാണുന്നതിനെ ഒക്കെ "അത് താനല്ലയോ ഇതെന്ന് നിരൂപിച്ചാൽ എന്തു ചെയ്യാം. "മുത്തണി സ്തനയുഗം പതിഞ്ഞതായി മെത്തമേലരിയ പാടു കാണ്മു ഞാൻ മത്തകാശിനി കമിഴ്ന്നതിൽ കിട - ന്നത്തൽ പൊക്കിയതിനുണ്ട് ലക്ഷണം " (മുത്തണിഞ്ഞ സ്ഥാനങ്ങൾ പതിഞ്ഞുണ്ടായിട്ടുള്ള അസാധാരണമായ അടയാളം മെത്തയിൽ ഞാൻ കാണുന്നു. സുന്ദരിയും വിലാസവതിയുമായ അവൾ അതിൽ കമിഴ്ന്നു കിടന്നു ദുഃഖം നീക്കിയതിന്റെ ലക്ഷണം ഉണ്ട്. വിദ്യാധരൻ
Jayan varghese 2025-01-11 06:20:51
ചാനൽ സംസ്ക്കാരം വരിയുടച്ചു കളഞ്ഞ പഴയ കാളകളുടെ പ്രതികരണ ശേഷി മാത്രമാണ് ഇന്ന്‌ കേരളത്തിൽ നില നിൽക്കുന്ന ധർമ്മികത എന്നതിനാൽ കുഴിയിൽ വീണവന്റെ തലയിൽ വീണ്ടും വീണ്ടും കല്ലിടുന്ന സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ നീണ്ട നിര ഇനിയും നീണ്ടു കൊണ്ടേയിരിക്കും ! ജയൻ വർഗീസ്.
A fan 2025-01-11 13:38:33
Welcome back Vidyadharan Mash.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക