അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ 21-മത് മെത്രാഭിഷേക വാര്‍ഷികവും , ക്രിസ്തുമസ് - ന്യൂഇയര്‍ ആഘോഷവും മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അനുഗ്രഹീത സാന്നിധ്യത്തില്‍ നടത്തപ്പെട്ടു.
2025 ജനുവരി നാലാം തീയതി ഭദ്രാസനാസ്ഥാനത്ത് വച്ച് നടത്തപ്പെട്ട ചടങ്ങില്‍ അഭിവന്ദ്യ ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത, വന്ദ്യ വൈദീകര്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് പുറമെ വിവിധ ദേവാലയങ്ങളില്‍ നിന്നായി ഒട്ടനവധി വിശ്വാസികളും പങ്കെടുത്തു.
ഈ പരിപാടിയില്‍ പങ്കുചേരുവാന്‍ ഇടയായതില്‍ ഏറെ സന്തോഷമുണ്ടെന്നും, അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തെ നയിക്കുന്ന മോര്‍ തീത്തോസ് മെത്രാപ്പോലീത്തയ്ക്ക് എല്ലാവിധ ഭാവുകങ്ങളും ഈ അവസരത്തില്‍ ആശംസിക്കുന്നതായും, തുടര്‍ന്നും ഈ ഭദ്രാസനത്തെ നേരാംവണ്ണം നയിക്കുവാന്‍ സര്‍വ്വേശ്വരന്‍ കൂടുതല്‍ കരുത്ത് നല്‍കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും പരിശുദ്ധ ബാവാ ആശംസിച്ചു. സിറിയയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്തീയ സഭ നേരിടുന്ന കഷ്ടതകളിലും പീഡനങ്ങളിലും ഏറെ ദുഖമുണ്ടെന്നും സഭാമക്കള്‍ സുറിയാനി സഭയ്ക്കായി മുട്ടിപ്പായി പ്രാര്‍ത്ഥിക്കണമെന്നും ബാവാ ഓര്‍മിപ്പിച്ചു.
അഭിവന്ദ്യ ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. പരിശുദ്ധ ബാവാ തിരുമനസ്സുകൊണ്ട് എഴുന്നള്ളി വന്ന് ചടങ്ങ് ഏറെ ധന്യമാക്കിയതില്‍ പ. ബാവായോടുള്ള നന്ദിയും കടപ്പാടും വന്ദ്യ തീത്തോസ് മെത്രാപ്പോലീത്ത പ്രകടിപ്പിക്കുകയുണ്ടായി. ഭദ്രാസനത്തിന്റെ ഉന്നമനത്തിനുതകുന്ന വിവിധ പ്രവര്‍ത്തന പരിപാടികള്‍ക്ക് നാളിതുവരെ അകമഴിഞ്ഞ് സഹകരിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അഭിവന്ദ്യ മെത്രാപ്പോലീത്ത അറിയിച്ചു. കഴിഞ്ഞ 21 വര്‍ഷക്കാലം ഈ ഭദ്രാസനത്തെ നയിക്കുവാന്‍ ദൈവം തന്ന കൃപയ്ക്കായി ദൈവത്തെ നന്ദിയോടെ സ്മരിക്കുന്നതായും, തുടര്‍ന്നും ഏവരുടേയും പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നതായും അഭിവന്ദ്യ തിരുമേനി ഓര്‍മ്മിപ്പിച്ചു.
ഭദ്രാസന സെക്രട്ടറി റവ.ഫാ. ജെറി ജേക്കബ്, റവ.ഫാ. തോമസ് പൂതിക്കോട്, ഭദ്രാസന ട്രഷറര്‍ ജോജി കാവനാല്‍, ജെയിംസ് ജോര്‍ജ്, അബ്രഹാം പുതിശേരില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.