നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹഷ് മണി കേസിൽ കുറ്റക്കാരനാണെന്നു ന്യൂ യോർക്ക് കോടതിയിൽ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിനു ജയിൽ ശിക്ഷ ഒഴിവാക്കുന്നുവെന്നു ജഡ്‌ജ് യുവാൻ മെർഷൻ വെള്ളിയാഴ്ച വിധി പ്രഖ്യാപനത്തിൽ പറഞ്ഞു. നീതിയുടെ താല്പര്യം കണക്കിലെടുത്തു കേസ് അവസാനിപ്പിക്കയാണ്.
"നീതിയുടെ അനീതി" എന്നു വിളിച്ചു കൊണ്ട് ട്രംപ് പറഞ്ഞു: "ഡെമോക്രറ്റുകൾ ഒരിക്കൽ കൂടി പരാജയപ്പെട്ടു. കേസിൽ തെളിവില്ല. അതു കൊണ്ടാണ് എന്ന ശിക്ഷിക്കാതിരുന്നത്."
2016 തിരഞ്ഞെടുപ്പിനു മുൻപ് നീലച്ചിത്ര നടി സ്റ്റോർമി ഡാനിയൽസുമായുള്ള ബന്ധം മറച്ചു വയ്ക്കാൻ അവർക്കു $130,000 കൊടുത്തുവെന്നും അതു മൂടി വയ്ക്കാൻ ന്യൂ യോർക്കിലെ ബിസിനസ് രേഖകളിൽ കൃത്രിമം കട്ടി എന്നുമുള്ള കേസിൽ ആരോപിച്ച 34 കുറ്റങ്ങളും തെളിഞ്ഞെന്നു ജൂറി പ്രഖ്യാപിച്ചിരുന്നു. ജയിൽ ശിക്ഷ നൽകാവുന്ന കേസിൽ ശിക്ഷ ഒഴിവാക്കിയത്ട്രംപ് ജനുവരി 20നു പ്രസിഡന്റായി സ്ഥാനമേറ്റു കഴിയുമ്പോൾ അദ്ദേഹത്തിന്റെ ചുമതലകൾ നിർവഹിക്കാൻ തടസം ഉണ്ടാവാൻ പാടില്ല എന്നതു കൊണ്ടാണ്.
പ്രസിഡന്റുമാർക്കു ഭരണഘടന നൽകുന്ന സംരക്ഷണം നിയുക്ത പ്രസിഡന്റിനില്ല
എന്നാൽ പ്രസിഡന്റുമാർക്കു ഭരണഘടന നൽകുന്ന സംരക്ഷണം നിയുക്ത പ്രസിഡന്റിനു ലഭ്യമാവില്ലെന്നു മെർഷൻ ചൂണ്ടിക്കാട്ടി. ആ സുരക്ഷാ വ്യവസ്ഥകൾ വളരെ വിശാലമാണെങ്കിലും ഒരു വിധിന്യായത്തെ തുടച്ചു നീക്കാൻ അവയ്ക്കു സാധ്യമല്ല. "ഡൊണാൾഡ് ട്രംപ് എന്ന സാധാരണ പൗരൻ ക്രിമിനൽ കേസിൽ പ്രതിയാണ്. അദ്ദേഹത്തിന് ആ സംരക്ഷണം ലഭ്യമാവില്ല."
ട്രംപ് കുറ്റവാളിയായി തന്നെ തുടരും എന്നതാണ് വിധിയുടെ പ്രത്യേകത. ചരിത്രത്തിൽ ആദ്യമായി കൂറ്റം തെളിയിക്കപ്പെട്ട പ്രസിഡന്റാവുന്നു അദ്ദേഹം.
ജഡ്‌ജ് മെർഷൻ പറഞ്ഞു: "തെളിവുകൾ സസൂക്ഷ്മം പരിശോധിച്ചതിൽ നിന്നു നിയമത്തിന്റെ അതിരുകളിൽ നിന്നു കൊണ്ട് നോക്കുമ്പോൾ വ്യവസ്ഥകൾ കൂടാതെ കേസ് അവസാനിപ്പിക്കുക (unconditional discharge) എന്നതാണ് ഉചിതമെന്നു കോടതി കരുതുന്നു. ബിസിനസ് റെക്കോർഡുകൾ തിരുത്തിയതിനു നിയമം അനുവദിക്കുന്ന ശിക്ഷാ നടപടിയാണിത്.
"തെളിഞ്ഞു കഴിഞ്ഞ എല്ലാ 34 കുറ്റങ്ങളുടെയും പേരിൽ ഞാൻ ആ ശിക്ഷ നൽകുന്നു."
ഏതാണ്ട് 40 മിനിറ്റ് നീണ്ട വിധി പ്രസ്താവം കേൾക്കാൻ ട്രംപ് കോടതിയിൽ എത്തിയില്ല. എന്നാൽ അദ്ദേഹം ഓൺലൈൻ പ്രത്യക്ഷപ്പെട്ടു തിരഞ്ഞെടുപ്പ് പ്രചാരണ ശൈലിയിൽ സംസാരിച്ചു. "ഞാൻ തീർത്തും നിരപരാധിയാണ്," അദ്ദേഹം പറഞ്ഞു. "ഇതെനിക്കൊരു ഭീകരമായ അനുഭവം ആയിരുന്നു. ഇത് നീതിയുടെ അനീതിയാണ്.
ജൂലൈയിൽ വരേണ്ട വിധി പ്രഖ്യാപനം മെർഷൻ നീട്ടി വച്ചതു നവംബർ 5 തിരഞ്ഞെടുപ്പ് പരിഗണിച്ചാണ്. അതിനിടെ വിധി പ്രഖ്യാപനം തടയാൻ ട്രംപ് സുപ്രീം കോടതി വരെ പോയി. പ്രയോജനം ഉണ്ടായില്ല.
അമേരിക്കൻ ശൈലിക്കു അന്യമായ വേട്ടയാടൽ ആണ് ബൈഡൻ-ഹാരിസ് ഭരണകൂടം നടത്തിയതെന്നു വിധിന്യായം വന്ന ശേഷം ട്രംപ് ആരോപിച്ചു. ഡെമോക്രാറ്റിക് ഇടതു തീവ്രവാദികൾ കിണഞ്ഞു പരിശ്രമിച്ചിട്ടും അവരുടെ കേസ് വിജയിച്ചില്ല എന്നാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനം. "ആ സമയത്തു അവർക്കു ന്യൂ യോർക്ക് സംസ്ഥാനത്തും സിറ്റിയിലും കുറ്റകൃത്യങ്ങൾ തടയാൻ ശ്രമിക്കാമായിരുന്നു," അദ്ദേഹം തന്റെ സാമൂഹ്യ മാധ്യമമായ ട്രൂത് സോഷ്യലിനോടു പറഞ്ഞു.
Judge closes hush money case in 'unconditional discharge'