Image

ഒരു മില്യൺ കുടിയേറ്റക്കാർക്കു ഒന്നര വർഷം കൂടി യുഎസിൽ തുടരാനുള്ള സംരക്ഷണം ബൈഡൻ നീട്ടി (പിപിഎം)

Published on 11 January, 2025
ഒരു മില്യൺ കുടിയേറ്റക്കാർക്കു ഒന്നര വർഷം കൂടി യുഎസിൽ തുടരാനുള്ള സംരക്ഷണം ബൈഡൻ നീട്ടി (പിപിഎം)

വെനസ്വേല, എൽ സാൽവദോർ, യുക്രൈൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഒരു മില്യൺ കുടിയേറ്റക്കാർക്കു ഒന്നര വർഷം കൂടി യുഎസിൽ തുടരാൻ അനുമതി നൽകുന്ന വിധം താത്കാലിക സംരക്ഷണം പ്രസിഡന്റ് ജോ ബൈഡൻ നീട്ടി. അധികാരമേറ്റാലുടൻ മില്യൺ കണക്കിന് ആളുകളെ നാട് കടത്താനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിനു ബൈഡൻ തടയിട്ടു.

ടി പി എസ് (Temporary Protected Status) എന്നറിയപ്പെടുന്ന സംരക്ഷണം ബൈഡൻ അവർക്കു 18 മാസത്തേക്കു കൂടി നീട്ടിക്കൊടുത്തു.  ഈ വർഷം അവസാനിക്കേണ്ടതായിരുന്നു ഈ ചട്ടം.

വെനസ്വേലയിൽ നിന്നുള്ള 600,000 പേർക്കും 232,000 സാൽവദോറൻ കുടിയേറ്റക്കാർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടും. പുറമെ യുക്രൈനിൽ നിന്നുള്ള 103,700 പേർക്കും 1,900 സുഡാൻകാർക്കും.

മൊത്തം 937,600 വിദേശ പൗരന്മാർക്ക് 2026 വരെ തുടരാനുള്ള സംരക്ഷണമാണ് ഇതു നൽകുന്നത്.

1990ൽ പ്രസിഡന്റ് ജോർജ് എച് ഡബ്ലിയു ബുഷ് കൊണ്ടുവന്ന ഈ ചട്ടം 16 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സംരക്ഷണം നൽകുന്നു. യുദ്ധമോ രാഷ്ട്രീയ അസ്ഥിരതയോ മറ്റു ഭീഷണികളോ മൂലം സ്വന്തം നാടുകളിൽ നിന്ന് ഓടിപ്പോന്നവർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.

ആദ്യ ഭരണകാലത്തു ട്രംപ് ഈ ചട്ടം റദ്ദാക്കി ഏതാണ്ട് 400,000 പേരെ പുറത്താക്കി. പക്ഷെ നിയമപോരാട്ടങ്ങൾ നേരിട്ടപ്പോൾ അദ്ദേഹത്തിനു പിന്മാറേണ്ടി വന്നു. വീണ്ടും ടി പി എസ് റദ്ദാക്കുമെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ ബൈഡന്റെ ഉത്തരവ് വന്നതോടെ, ട്രംപ് ആ നീക്കത്തിനു തുനിഞ്ഞാൽ നീണ്ടു പോകുന്ന നിയമയുദ്ധം ഉണ്ടാവാം എന്ന സാധ്യത ഉയർന്നു.

ടി പി എസിനു 1990ൽ യുഎസ് കോൺഗ്രസ് അംഗീകാരം നൽകിയിരുന്നു. അതുകൊണ്ടു അത് സ്ഥിരമായി നീക്കം ചെയ്യണമെങ്കിൽ കോൺഗ്രസ് കൂടി നടപടി എടുക്കേണ്ടി വരും.

2023 ഓഗസ്റ്റ് 16  മുതലെങ്കിലും യുഎസിൽ ജീവിക്കുന്ന യുക്രൈൻ-സുഡാൻ കുടിയേറ്റക്കാർക്കും 2023 ജൂലൈ 31നു മുൻപ് എത്തിയ വെനസ്വേലൻ വംശജർക്കുമാണ് ആനുകൂല്യം ലഭിക്കുക. ടി പി എസിൽ കഴിയുന്നവർ വീണ്ടും അപേക്ഷിക്കണം. അവരെ കർശനമായ പരിശോധനയ്ക്കു വിധേയമാകുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി.

Biden extends protected status to a million immigrants  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക