Image

ട്രംപ് മോദിയെ അവഗണിച്ചതിനു പിന്നിൽ നിരവധി ഘടകങ്ങൾ (പിപിഎം)

Published on 13 January, 2025
ട്രംപ് മോദിയെ അവഗണിച്ചതിനു പിന്നിൽ നിരവധി ഘടകങ്ങൾ (പിപിഎം)

ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണമില്ലെന്നു വ്യക്തമായി. ട്രംപ്-വാൻസ്‌ ഇനാഗുറേഷൻ കമ്മിറ്റിയിൽ നിന്ന് ക്ഷണം സംഘടിപ്പിക്കാൻ ഡിസംബറിൽ അഞ്ചു ദിവസം യുഎസിൽ ക്യാമ്പ് ചെയ്ത വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനാണ് ഇപ്പോൾ ക്ഷണം ലഭിച്ചിട്ടുള്ളത്.

കൂടുതൽ വിസ്മയം ഉളവാക്കിയ കാര്യം ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിനെ ക്ഷണിച്ചു എന്നതാണ്. ലോകത്തിനു ഏറ്റവും വലിയ ഭീഷണിയെന്നു ട്രംപ് വിശേഷിപ്പിക്കുന്ന ചൈനയുടെ ഒരു നേതാവിന് ഇങ്ങിനെയൊരു ക്ഷണം ലഭിക്കുന്നത് 1874നു ശേഷം ഇതാദ്യമാണ്.

ഷി ജിൻ പിംഗ് ക്ഷണം സ്വീകരിച്ചിട്ടില്ല എന്ന വാർത്ത ശരിയോ തെറ്റോ ആവട്ടെ. ഇവിടെ പ്രസക്തമാവുന്നത് ഏറ്റവും വലിയ ഭീഷണി എന്നു വിശേഷിപ്പിക്കുന്ന രാജ്യത്തിൻറെ നേതാവിനെ ക്ഷണിക്കയും ആ ഭീഷണി നേരിടാൻ വേണ്ട ഏറ്റവും പ്രിയ സുഹൃത്താണ് എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയെ ഒഴിവാക്കുകയും ചെയ്തു എന്നതാണ്.

2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുമ്പോൾ മോദിയെ ട്രംപ് "അതിശയ മനുഷ്യൻ" എന്നു വരെ വിളിച്ചിരുന്നു. പ്രസിഡന്റ് ബൈഡൻ സ്റ്റേറ്റ് ഗസ്റ്റായി ക്ഷണിച്ച മോദി സെപ്റ്റംബറിൽ നടത്തിയ യുഎസ് സന്ദർശനത്തിനിടയിൽ തന്നെ കാണുമെന്നു ട്രംപ് പ്രഖ്യാപിക്കയും ചെയ്തു. എന്നാൽ 2020 തിരഞ്ഞെടുപ്പു കാലത്തു ട്രംപിനെ പരസ്യമായി പിന്താങ്ങിയ മോദി ആ അബദ്ധം ആവർത്തിക്കാൻ തയാറായില്ല.

ബൈഡൻ വലിയ ആഘോഷത്തോടെ നൽകിയ വിരുന്നിൽ പങ്കെടുക്കുകയും പ്രവാസി സമൂഹവുമായി ഇടപെടുകയും ചെയ്ത ശേഷം മോദി മടങ്ങിയപ്പോൾ ട്രംപിനതു നാണക്കേട് തന്നെയായി. അതൊന്നും മറക്കുന്നയാളല്ല ട്രംപ് എന്ന് ആർക്കാണ് അറിയാത്തത്.

ഡോളറിനെ ഉപേക്ഷിക്കാൻ നടത്തിയ  നീക്കത്തിൽ രോഷം 

സ്വന്തം താൽപര്യങ്ങളും താൻ ആവർത്തിക്കുന്ന 'അമേരിക്ക ഫസ്റ്റ്' നയവും കൈവിട്ടു കളിക്കാറില്ല ട്രംപ്. യുഎസ് മണ്ണിൽ മോദിയുടെ സുഹൃത്ത് ഗൗതം അദാനി ചെയ്‌തതായി യുഎസ് പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ എന്തിനു പൊറുക്കണം എന്ന് ട്രംപ് ചിന്തിക്കുന്നത് സ്വാഭാവികം.  

അതൊരു വിഷയമെങ്കിൽ, ഖാലിസ്ഥാൻ നേതാവായ യുഎസ് പൗരനെ അമേരിക്കൻ മണ്ണിൽ വച്ചു വധിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഗൂഢാലോചന നടന്നു എന്ന യുഎസ് പ്രോസിക്യൂഷന്റെ വാദവും അവഗണിക്കാൻ ട്രംപിനു കഴിയില്ല. അതേപ്പറ്റി മോദിക്ക് അറിവുണ്ടായിരുന്നു എന്ന ആരോപണവും അവഗണിക്കാൻ കഴിയുമായിരുന്നില്ല.

മോദിയുടെ വ്യക്തിപ്രഭാവത്തിനു മങ്ങലേറ്റു എന്ന വിലയിരുത്തലും കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പ്രസക്തമാണ്. അതേ സമയം, സ്വന്തം ആവശ്യത്തിനു മോദി തന്നെ ഉപയോഗിക്കുന്നു എന്ന വിലയിരുത്തലും ട്രംപ് നടത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റഷ്യയും ഇന്ത്യയും കൂടി ഉൾപ്പെട്ട ബ്രിക്‌സ് കൂട്ടായ്മ ഡോളറിനെ ഉപേക്ഷിക്കാൻ നടത്തിയ നീക്കത്തിലും ട്രംപ് രോഷാകുലനായത് സ്വാഭാവികം. ബ്രിക്‌സ് അംഗ രാജ്യങ്ങളുടെ മേൽ കനത്ത തീരുവ അടിച്ചേല്പിക്കുമെന്നു അദ്ദേഹം ഭീഷണി മുഴക്കി. ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നു ഇന്ത്യയ്ക്കു വിശദീകരിക്കേണ്ടി വന്നു.

മോദി കടുത്ത നിലപാടുകൾ എടുത്തിട്ടില്ല 

ചൈനക്കെതിരെ മോദി കടുത്ത നിലപാടുകൾ എടുത്തിട്ടില്ലെന്നും ട്രംപിനു പരാതിയുള്ളതായി റിപ്പോർട്ടുണ്ട്. ശത്രുരാജ്യമാണ് ചൈനയെന്ന നിലപാട് പോലും ഇന്ത്യ പ്രകടമാക്കുന്നില്ല. ചൈനയുടെ ഉത്പന്നങ്ങൾ വൻ തോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ തുടരുകയും ചെയ്യുന്നു. 

ഇന്ത്യയേക്കാൾ പ്രസക്തി കുറഞ്ഞ രാജ്യങ്ങളുടെ നേതാക്കളെ ക്ഷണിച്ച ട്രംപ് മോദിക്കൊരു താക്കീതാണ് നൽകിയതെന്ന് നിരീക്ഷകർ കരുതുന്നു. ആഗോള വേദിയിൽ പ്രമുഖനാണ് എന്ന നിലയിൽ 'വിശ്വഗുരു' എന്ന് വരെ അനുയായികൾ വിളിക്കുന്ന മോദിയെ ട്രംപ് ചെറുതാക്കി കളഞ്ഞു. ആ പ്രതിച്ഛായയാണ് മോദിയെ സംബന്ധിച്ചു കൂടുതൽ വിലപ്പെട്ടതെന്ന് ട്രംപ് വിലയിരുത്തി.

ഇന്ത്യയിൽ നിന്നുളള വിദഗ്‌ധ തൊഴിലാളികൾക്ക് എച്-1 ബി വിസ വർധിപ്പിക്കണം എന്ന ആവശ്യത്തെ ട്രംപിന്റെ 'മാഗാ' അനുയായികൾ എതിർപ്പിനിടയിലാണ് ഈ സംഭവ വികാസം. ആ എതിർപ്പ് ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനെതിരായ വിദ്വേഷമായി തന്നെ 'മാഗാ' വളർത്തിയിട്ടുണ്ട് എന്നതും ശ്രദ്ധിക്കണം.  

Trump snubs Modi 

Join WhatsApp News
Menon 2025-01-14 17:05:08
Gopi chetta, Modiji katta puka
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക