കലിഫോർണിയയിലെ കാട്ടുതീ പ്രതിസന്ധി നേരിടാൻ തന്റെ സൂപ്പർ പി എ സി വഴി പണം പിരിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഗവർണർ ഗവിൻ ന്യൂസം വിമർശനം നേരിടുന്നു.
അദ്ദേഹത്തിന്റെ ധനസമാഹരണ കമ്മിറ്റിയുടെ californiafirefacts.com എന്ന വെബ്സൈറ്റിൽ കാലിഫോർണിയ ഫയർ ഫൗണ്ടേഷനു പണം ചോദിക്കുകയും അതിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ ആക്ട്ബ്ലൂ എന്ന ധനസമാഹരണ സൈറ്റുമായി ബന്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആക്ട്ബ്ലൂ ഡൊണേഷൻ ബോക്സിൽ പറയുന്നത് ന്യൂസമിന്റെ സൂപ്പർ പി എ സി കാമ്പയ്ൻ ഫോർ ഡെമോക്രസിയാണ് പണം പിരിക്കുന്നത് എന്നാണ്.
സൈറ്റിൽ പറയുന്നു: "നിങ്ങളുടെ സംഭാവന അഗ്നിശമന ഭടന്മാരെയും അവർ സഹായിക്കുന്ന സമൂഹങ്ങളെയും പിന്തുണയ്ക്കാൻ നേരിട്ട് നൽകുന്നതാണ്. ദുരിതബാധിതരായ ജനങ്ങൾക്കും ഈ സഹായം എത്തും."
എന്നാൽ അഗ്നിശമന സേനാന്ഗങ്ങളെയും അവരുടെ കുടുംബങ്ങളെയും ദുരിതബാധിതരെയും സഹായിക്കുന്ന കാലിഫോർണിയ ഫയർ ഫൗണ്ടേഷൻ നേരിട്ട് സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. അതിനു ആക്ട്ബ്ലൂവിന്റെ സഹായം ആവശ്യമില്ല.
ന്യൂസമിന്റെ വക്താവ് ന്യൂ യോർക്ക് പോസ്റ്റിനോടു പറഞ്ഞു: "ഈ സംഭാവനകളിൽ ഒരു സെന്റ് പോലും ഗവിൻ ന്യൂസമിനോ അദ്ദേഹത്തിന്റെ പി എ സിക്കോ പോകുന്നില്ല. ഫയർ ഫൗണ്ടേഷനു വേണ്ടി ചെറുകിട സംഭാവനകളിൽ നിന്നായി $450,000 പിരിച്ചെടുത്തതിൽ ഗവർണർ ന്യൂസമിന് അഭിമാനമുണ്ട്. കാലിഫോർണിയയുടെ പ്രതിസന്ധിയിൽ സഹായിക്കാൻ രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി മുന്നോട്ടു വന്നവരോട് അദ്ദേഹത്തിനു നന്ദിയുണ്ട്."
എന്നാൽ ആക്ട്ബ്ലൂ ഓരോ സംഭവനയ്ക്കും 3.95% പ്രോസസിംഗ് ഫീ വാങ്ങുന്നുണ്ടെന്നു നിരീക്ഷകർ പറയുന്നു.
ഡെമോക്രാറ്റിക് സെനറ്റർ എലിസബത്ത് വാറനും ഈ പണപ്പിരിവിൽ ആക്ട്ബ്ലൂവിനെ ബന്ധപ്പെടുത്തി എന്നു വിമർശനമുണ്ട്.
2026ൽ രണ്ടാം കാലാവധിയും കഴിയുന്ന ഗവർണർ പിന്നീട് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ ഡെമോക്രാറ്റിക് പാർട്ടി അംഗീകാരം തേടുമെന്നാണ് കരുതപ്പെടുന്നത്.
Newsom faces flak for fire donation link to PAC