ന്യൂയോര്‍ക്ക്: 2025-ല്‍ കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിനെ നയിക്കുവാന്‍ അന്‍പത്തിമൂന്നാമത് പ്രസിഡന്റായി സജി എബ്രഹാമും സെക്രട്ടറിയായി മാത്യുക്കുട്ടി ഈശോയും ട്രഷറര്‍ ആയി വിനോദ് കെയാര്‍ക്കെയും ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി വിന്‍സെന്റ് സിറിയക്കും ചുമതലയേറ്റു. 2024 ഡിസംബര്‍ 14-ന് ശനിയാഴ്ച്ച വൈകിട്ട് ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്റര്‍ ഹാളില്‍ വച്ച് നടത്തപ്പെട്ട സമാജം പൊതുയോഗത്തിലാണ് പുതിയ വര്‍ഷത്തേക്കുള്ള ചുമതലക്കാരേയും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെയും ഐക്യകണ്ഡേന തെരഞ്ഞെടുത്തത്. 2025 ജനുവരി 11 ശനിയാഴ്ച ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ദില്‍ബാര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളും കമ്മറ്റി അംഗങ്ങളും ചുമതലയേറ്റത്.
വര്‍ഷങ്ങളായി കേരളാ സമാജത്തില്‍ സജീവ അംഗമായി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് സജി എബ്രഹാം മുന്‍ വര്‍ഷങ്ങളില്‍ സമാജത്തിന്റെ സെക്രട്ടറിയായും കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ച് എല്ലാവര്‍ക്കും സുപരിചിതനായ വ്യക്തിയാണ്. ഫോമായുടെ സ്ഥാപക അംഗമായ സജി ഫോമാ അഡ്വൈസറി ബോർഡ് സെക്രട്ടറിയായും നിരവധി തവണ നാഷണല്‍ കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മാത്യുക്കുട്ടി ഈശോ കേരളാ സമാജത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. ആദ്യമായാണ് സമാജം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
ട്രഷര്‍ വിനോദ് കെയാര്‍ക്കേ കേരളാ സമാജം പ്രസിഡന്റായി മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ട്രഷറായി സ്തുത്യര്‍ഹ സേവനം കാഴ്ച വച്ച വ്യക്തിയാണ് വിനോദ്. ഫൊക്കാനാ ജനറല്‍ സെക്രട്ടറി, ഫൊക്കാന നാഷണല്‍ കമ്മറ്റി അംഗം എന്ന നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിനോദ് കെയാര്‍ക്കേ ലോങ്ങ് ഐലന്‍ഡിലെ പ്രശസ്തനായ റിയല്‍ എസ്റ്റേറ്റ് അറ്റോര്‍ണിയാണ്. നാല് വര്‍ഷം മുമ്പ് സമാജത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ബോര്‍ഡ് ഓഫ് ട്രസ്റ്റിയായി ചുമതലയേറ്റ വിന്‍സെന്റ് സിറിയക്. നിരവധി വര്‍ഷങ്ങളില്‍ സമാജത്തിന്റെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള വിന്‍സെന്റ് ലോങ്ങ് ഐലന്‍ഡില്‍ അറിയപ്പെടുന്ന മോര്‍ട്ട്‌ഗേജ് ലോണ്‍ ഓഫീസറാണ്.
കേരളാ സമാജത്തിന്റെ മറ്റു ചുമതലക്കാരും കമ്മറ്റി അംഗങ്ങളും: വൈസ് പ്രസിഡന്റ് ബെന്നി ഇട്ടിയേറ, ജോയിന്റ് സെക്രട്ടറി ജോസി സ്‌കറിയാ. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍: ലീലാ മാരേട്ട്, ഷാജി വര്‍ഗ്ഗീസ്, ഹേമചന്ദ്രന്‍ പെരിയാല്‍, മാമ്മന്‍ എബ്രഹാം, തോമസ് വര്‍ഗ്ഗീസ്, ബാബു പാറക്കല്‍, പ്രകാശ് തോമസ്. മറ്റ് ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍: വര്‍ഗ്ഗീസ് കെ. ജോസഫ്, പോള്‍ പി. ജോസ്, ഫിലിപ്പോസ് കെ. ജോസഫ് (ഷാജി), തോമസ് ഡേവിഡ് (സിബി). ആഡിറ്റര്‍മാര്‍ : ചാക്കോ കോയിക്കലത്ത്, ജോയ്സണ്‍ വര്‍ഗ്ഗീസ്.
ഈ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളുടെ രൂപരേഖയും യോഗത്തില്‍ തയ്യാറാക്കി. പ്രവര്‍ത്തനോദ്ഘാടനവും ഈസ്റ്റര്‍ - വിഷു ആഘോഷവും മെയ് 3-ന് ശനിയാഴ്ചയും, പിക്നിക് ജൂലൈ 26-നും ഓണാഘോഷവും ഓണസദ്യയും സെപ്റ്റംബര്‍ 6-നും വാര്‍ഷിക ഡിന്നറും ഫാമിലി നൈറ്റും നവംബര്‍ 22-നും നടത്തുന്നതിന് യോഗം തീരുമാനമെടുത്തു. 2025-ലെ വാര്‍ഷിക പൊതുയോഗവും 2026 വര്‍ഷത്തേക്കുള്ള ചുമതലക്കാരുടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും ഡിസംബര്‍ 13 ശനിയാഴ്ച്ച നടത്തുന്നതിനും തീരുമാനിച്ചു. പതിവില്‍ നിന്നും വ്യത്യസ്തമായി സാഹിത്യ സമ്മേളനങ്ങളും സെമിനാറുകളും, ടാക്സ് സംബന്ധമായും എസ്റ്റേറ്റ് പ്ലാനിംഗ് സംബന്ധിച്ചുമുള്ള സ്റ്റഡി ക്ലാസ്സുകളും സെമിനാറുകളും നടത്തുന്നതാണ്. സാഹിത്യ സമ്മേളനങ്ങളുടെ നടത്തിപ്പിനായി എഴുത്തുകാരനും സാഹിത്യകാരനുമായ ബാബു പാറക്കലിനെ കോര്‍ഡിനേറ്ററായി തെരഞ്ഞെടുത്തു. ടാക്സ് നിയമങ്ങളെ സംബന്ധിച്ച സെമിനാറുകള്‍ക്കു നേതൃത്വം നല്‍കുന്നതിന് ടാക്‌സ് പ്രാക്ടീഷണറായ ഷാജു സാമിനെയും എസ്റ്റേറ്റ് പ്ലാനിംഗ് സെമിനാറുകളുടെ കോര്‍ഡിനേറ്ററായി റിയല്‍ എസ്റ്റേറ്റ് അറ്റേര്‍ണിയായ വിനോദ് കെയാര്‍ക്കെയെയും ചുമതലപ്പെടുത്തി.