ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്ന ജനുവരി 20 അടുത്തുവരുന്നതോടെ യുഎസിൽ എച്1 ബി പോലുള്ള താത്കാലിക വിസകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജർ വലിയ ആശങ്കയിലായി. നാട്ടിലേക്കു അവധിയിൽ പോയവർ 20നു മുൻപ് തിരിച്ചെത്താനുള്ള തിരക്കിലാണ്. യുഎസിൽ ഉള്ളവർ പുറത്തു പോകാൻ മടിച്ചു നിൽപുമാണ്.
ട്രംപ് വിസ നിയമങ്ങൾ മാറ്റിയാൽ പെട്ടു പോകും എന്നറിയാവുന്നതു കൊണ്ടാണ് ഈ ആശങ്ക. എച്-1 ബി വിസയുടെ മെച്ചം ഏറ്റവുമധികം കിട്ടുന്ന ഒരു വിഭാഗമാണ് ഇന്ത്യക്കാർ. അതു കൊണ്ട് അമേരിക്കയ്ക്ക് മികച്ച ഡോക്ടർമാരെയും എഞ്ചിനിയർമാരെയും മറ്റും താരതമ്യേന കുറഞ്ഞ വേതനത്തിൽ കിട്ടുന്നു.
എന്നാൽ ട്രംപിന്റെ ശക്തമായ പിൻബലമായ വലതുപക്ഷം ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കാരനായ ശ്രീറാം കൃഷ്ണൻ എന്ന സാങ്കേതിക പ്രതിഭയെ ട്രംപ് സീനിയർ എ ഐ അഡ്വൈസറായി നിയമിച്ചതോടെയാണ് ഈ വിവാദം തുടങ്ങിയത്.
അത് വംശീയ ആക്രമണങ്ങളിലേക്കു വരെ എത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നു കുറഞ്ഞ വേതനത്തിനു വരുന്നവർ അമേരിക്കക്കാർക്കു കിട്ടേണ്ട ജോലികൾ തട്ടിയെടുക്കുകയാണ് ചെയ്യുന്നതെന്ന് വിമർശകർ ആരോപിക്കുന്നു. മുസ്ലിങ്ങളെയും മെക്സിക്കൻ വംശജരെയും വെറുക്കുന്ന വലതു പക്ഷം ഇന്ത്യക്കാർക്കെതിരെ തിരിയുന്നത് ഇതാദ്യമാണ്.
കുടിയേറ്റക്കാരെ പറപ്പിക്കുമെന്നു ആവർത്തിച്ച് പറയുന്ന ട്രംപിൽ നിന്നു എത്രമാത്രം നീതി കിട്ടുമെന്ന് ഇന്ത്യക്കാർക്ക് ഉറപ്പില്ല.
വലതുപക്ഷത്തിന്റെ സമ്മർദത്തിന് അദ്ദേഹം വഴങ്ങും എന്നാണ് ആശങ്ക. ട്രംപ് പ്രവചിക്കാൻ കഴിയാത്ത രീതികൾ ഉള്ള നേതാവാണെന്നതു ആശങ്ക വർധിപ്പിക്കുന്നു.
H-1 B visa-holding Indians worried