പ്രതിഷേധ പ്രാര്‍ത്ഥന യജ്ഞത്തിനും വൈദികരുടെ സസ്പെന്‍ഷനും കടുത്ത സംഘര്‍ഷത്തിനും കേസെടുക്കലിനുമൊക്കെ വഴിയൊരുക്കിയ സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തിന് താത്കാലിക സമവായമായി. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും വൈദികരും തമ്മില്‍ വെളുപ്പാന്‍കാലം വരെ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് മഞ്ഞുരുകിയത്.
ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു അപ്പോസ്തലിക് വികാരിയും പ്രതിഷേധിക്കുന്ന 21 വൈദികരുമായി ചര്‍ച്ച നടന്നത്. പൂര്‍ണമായ പ്രശനപരിഹാരത്തിന് പാംപ്ലാനി വൈദികരോട് ഒരു മാസം സമയം ആവശ്യപ്പെട്ടു. ഇത് സമ്മതിച്ച വൈദികര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
21 വൈദികരുടെ സഹനത്തിന് ഫലം ഉണ്ടായെന്ന് സമരം ചെയ്ത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പ്രതികരിച്ചു. കാനോനിക സമിതികളും കൂരിയയും പുനസംഘടിപ്പിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉറപ്പു നല്‍കി. ഈ മാസം 20-ന് അടുത്ത ചര്‍ച്ച നടക്കും. അതിനുമുന്‍പ് ബിഷപ്പ് ഹൗസിന്റെ ഗേറ്റുകള്‍ പൊലീസ് മുക്തമാക്കി വിശ്വാസികള്‍ക്ക് തുറന്നു നല്‍കും. വൈദികര്‍ക്കെതിരായ ശിക്ഷാനടപടികളില്‍ തുടര്‍നടപടികള്‍ വിഷയം പഠിച്ച ശേഷം മാത്രമെന്നും ഫാ. പാംപ്ലാനി ഉറപ്പുനല്‍കിയതായും ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു
കൊച്ചിയിലെ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനം കഴിഞ്ഞ ദിവസങ്ങളില്‍ നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. മൂന്ന് ദിവസമായി ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രാര്‍ത്ഥനാ യജ്ഞവുമായ പ്രതിഷേധിച്ച 21 വൈദികര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായി. വൈദികരെ ബലം പ്രയോഗിച്ചു അരമനയ്ക്ക് പുറത്തേക്ക് മാറ്റി. ഇതിനിടെ വൈദികരുടെ ളോഹ പോലീസ് വലിച്ച് കീറിയെന്ന് വിഘടിത വിഭാഗം ആരോപിച്ചു. വൈദികരെ പൊലീസ് വലിച്ചു കൊണ്ടു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നു.
പൊലീസ് നടപടിക്കിടെ പരിക്കേറ്റവര്‍ അടക്കം 21 വൈദികരും ബിഷപ്പ് ഹൗസിനടുത്തുള്ള സെന്റ് മേരിസ് ബസലിക്ക പള്ളിയുടെ മുറ്റത് നിലയുറപിച്ചു. ഇവര്‍ക്ക് പിന്തുണയുമായി മറ്റ് വൈദികരും വിശ്വാസികളും എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
21 വൈദികര്‍ക്കെതിരെയും പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. നിയമവിരുദ്ധമായി സംഘം ചേരല്‍, തടഞ്ഞു വക്കല്‍, അപായപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ആദ്യം പൊലീസ് കേസെടുത്തത്. 6 വൈദികരെ സിനഡ് സസ്പെന്‍ഡ് ചെയ്തു. കുര്‍ബാന തര്‍ക്കത്തിന്റെ പേരില്‍ എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ അതിക്രമിച്ച് കയറി സംഘര്‍ഷമുണ്ടാക്കിയതിന് ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് വൈദികര്‍ക്കെതിരെ പുതിയ കേസുകള്‍ എടുത്തത്.
നാശനഷ്ടങ്ങളുണ്ടാക്കിയതിന് 21 വൈദികര്‍ക്കെതിരെ കേസെടുത്തു. എസ്.ഐ അടക്കമുള്ള പൊലീസുകാരെ ആക്രമിച്ചതിന് 20 വൈദികര്‍ക്കെതിരെയും കേസെടുത്തു. വഴി തടഞ്ഞ് സമരം ചെയ്തതിനും കേസുണ്ട്. ഇതോടെ ബിഷപ്പ് ഹൌസ് സംഘര്‍ഷത്തില്‍ മൊത്തം നാല് കേസുകളാണ് വൈദികര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. സമരം അവസാനിപ്പിച്ച സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മേലുദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് എ.സി.പി സി ജയകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിരൂപതയില്‍ നിന്നുള്ള മെത്രാനെ നിയമിക്കുക, അതിരൂപത കൂരിയ പിരിച്ചുവിടുക, വൈദികര്‍ക്കെതിരെ സ്വീകരിച്ച ശിക്ഷാനടപടികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു 2 ദിവസമായി വൈദികര്‍ പ്രാര്‍ഥനാ യജ്ഞം നടത്തിയത്. ഇതിനിടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനമൊഴിയുന്നുവെന്ന് മാര്‍ ബോസ്‌കോ പുത്തൂര്‍ പ്രഖ്യാപിക്കുകയും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി നിലവിലെ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനിക്ക് ചുമതല നല്‍കുകയും ചെയ്തു.
വൈദിക വിദ്യാര്‍ഥികള്‍ക്ക് പട്ടം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ജനാഭിമുഖ കുര്‍ബാന അനുകൂലികളോട് അനുഭാവം പ്രകടിപ്പിക്കുന്ന കൂരിയ അംഗങ്ങളെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബോസ്‌കോ പുത്തൂര്‍ പുറത്താക്കിയതോടെയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം ഒരിടവേളയ്ക്കു ശേഷം വീണ്ടും പുകഞ്ഞത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്ന ഭൂമി ഇടപാട് ആരോപണങ്ങളില്‍ തെളിവു നശിപ്പിക്കാനാണ് കൂരിയ പുനസംഘടനയെന്ന് വിമത വിഭാഗം ആരോപിച്ചു.
കുര്‍ബാന വിവാദം കേവലം ഒരു തര്‍ക്കം മാത്രമല്ല, വര്‍ഷങ്ങളായി തുടര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ആധിപത്യത്തിന്റെ വിഷയം കൂടിയാണ്. ഇപ്പോഴത്തെ കുര്‍ബാന വിവാദം ആരാധനയിടമായ പള്ളികളുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട് എന്നുള്ളതും ശ്രദ്ധേയമാണ്. സീറോ മലബാര്‍ സഭയ്ക്കുള്ളിലെ സംഘര്‍ഷം വിശുദ്ധ കുര്‍ബാനയെ ചൊല്ലിയാണെന്നുള്ളതാണ് ഏറെ കൗതുകകരം.
സഭയിലിപ്പോള്‍ മൂന്നുതരം കുര്‍ബാനരീതികളാണുള്ളത്. ജനാഭിമുഖ കുര്‍ബാന, അള്‍ത്താരാഭിമുഖ കുര്‍ബാന, 50:50 ഫോര്‍മുല എന്നിവയാണിവ. വൈദികന്‍ പൂര്‍ണമായും ജനങ്ങളെ അഭിമുഖീകരിച്ചു നിന്ന് കുര്‍ബാന അര്‍പ്പിക്കുന്ന രീതിയാണ് ജനാഭിമുഖ കുര്‍ബാന. എറണാകുളം, തൃശ്ശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, മാനന്തവാടി, താമരശ്ശേരി രൂപതകളില്‍ ഈ രീതിയായിരുന്നു പാലിച്ച് പോന്നിരുന്നത്.
കുര്‍ബാന അര്‍പ്പിക്കുന്ന സമയം വൈദികന്‍ മുഴുവന്‍ സമയവും അള്‍ത്താരയ്ക്ക് അഭിമുഖമായി, ജനങ്ങള്‍ക്കൊപപ്പകമാണ് നില്‍ക്കുക. ചങ്ങനാശ്ശേരി അതിരൂപതയില്‍ ഈ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ജനാഭിമുഖമായും അള്‍ത്താരാഭിമുഖമായും നടത്തുന്ന കുര്‍ബാനയാണ് 50:50 ഫോര്‍മുല. രണ്ടും തുല്യമായി ഉപയോഗിക്കുന്ന ഈ രീതി കോതമംഗലം, കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി, തലശ്ശേരി രൂപതകളില്‍ തുടരുന്നുണ്ട്. 1999-ലെ സിനഡാണ് ഏകീകരണ ഫോര്‍മുലയായ 50:50 നിര്‍ദേശിച്ചത്. എന്നാല്‍ വിവിധ രൂപതകള്‍ ഇതില്‍ ഇളവുവാങ്ങി നേരത്തേ ഉപയോഗിച്ചിരുന്ന രീതി തുടര്‍ന്നു. അടുത്തിടെ ചേര്‍ന്ന സിനഡ് 1999-ലെ തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചപ്പോഴാണു ജനാഭിമുഖ കുര്‍ബാന തുടരുന്ന സ്ഥലങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നത്.