നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യ ഭരണകാലത്തു വൈറ്റ് ഹൗസിൽ നിന്നു കടത്തിക്കൊണ്ടു പോയി എന്നാരോപിക്കപ്പെടുന്ന രഹസ്യ രേഖകൾ തേടി എഫ് ബി ഐ അദ്ദേഹത്തിന്റെ ഫ്ലോറിഡ വസതിയിൽ എത്തിയത് ഉത്തരവാദിത്തം കൊണ്ടു മാത്രമാണെന്നു സ്ഥാനമൊഴിയുന്ന ഡയറക്റ്റർ ക്രിസ്റ്റഫർ റെയ് പറഞ്ഞു. "അന്വേഷണം ഞങ്ങളെ എവിടേക്കു നയിച്ചാലും ഞങ്ങൾക്ക് അവിടെ പോയേ തീരൂ," അദ്ദേഹം സി ബി എസിൽ പറഞ്ഞു. "ആർക്കു ഇഷ്ടപ്പെട്ടില്ലെങ്കിലും ഞങ്ങൾക്ക് ഞങ്ങളുടെ ജോലി ചെയ്തേ തീരൂ."
മാർ-എ-ലാഗോ വസതിയിൽ തിരച്ചിൽ നടത്താനുള്ള തീരുമാനം മറ്റെല്ലാ വഴികളും പരിഗണിച്ച ശേഷം എടുത്തതാണ്. "രഹസ്യ രേഖകൾ സുരക്ഷിതമായല്ല സൂക്ഷിച്ചിട്ടുള്ളതെന്നു വിവരം കിട്ടിയാൽ നടപടി എടുക്കേണ്ട ചുമതല ഞങ്ങൾക്കുണ്ട്."
അന്വേഷണത്തിന്റെ ഭാഗമായി വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടിട്ടില്ലെന്നും റെയ് വ്യക്തമാക്കി.
പ്രസിഡന്റ് ജോ ബൈഡന്റെ പുത്രൻ ഹണ്ടർ ബൈഡന്റെ പേരിലുളള ആരോപണങ്ങൾ എഫ് ബി ഐ അന്വേഷിച്ചതിനെയും റെയ് ന്യായീകരിച്ചു. പച്ചയായ രാഷ്ട്രീയമായിരുന്നു ആ പ്രോസിക്യൂഷൻ എന്നാരോപിച്ച ബൈഡൻ കഴിഞ്ഞ മാസം മകന് മാപ്പു കൊടുത്തു കേസ് തീർത്തിരുന്നു.
പലരെയും രോഷം കൊള്ളിക്കേണ്ടി വരും
"ഇതൊരു കട്ടിയായ പണിയാണ്," റെയ് പറഞ്ഞു. "പല ആളുകളെയും രോഷം കൊള്ളിക്കേണ്ടി വരും. പലപ്പോഴും കരുത്തരായ ആളുകളെ."
എഫ് ബി ഐയെ ഭാവിയിൽ ഉണ്ടാകാവുന്ന രാഷ്ട്രീയ പോരാട്ടങ്ങളിൽ നിന്ന് മാറ്റി നിർത്താനാണ് കാലാവധി പൂർത്തിയായില്ലെങ്കിലും താൻ പിരിയുന്നതെന്നു റെയ് പറഞ്ഞു. 58 വയസുള്ള റെയ്‌ക്ക് 10 വർഷത്തെ കാലാവധിയിൽ മൂന്നു വർഷം ബാക്കിയുണ്ട്.
"എഫ് ബി ഐയെ കുറിച്ച് എനിക്ക് ഏറെ കരുതലുണ്ട്," റെയ് പറഞ്ഞു. "ഞങ്ങളുടെ ദൗത്യം, ഞങ്ങളുടെ ജീവനക്കാർ ഇവയൊക്കെ പ്രധാനമാണ്.
"മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നു എന്ന് നിയുക്ത പ്രസിഡന്റ് പറഞ്ഞു. അതിനദ്ദേഹത്തിനു കഴിയും. അപ്പോൾ പിന്നെ ഒരു പോരാട്ടത്തിനു നിൽക്കാതെ വഴിമാറുന്നതാണ് എഫ് ബി ഐക്കു നല്ലതെന്നു തോന്നി."
ട്രംപ് ആദ്യഭരണകാലത്തു നിയമിച്ച റെയ് അദ്ദേഹത്തെ രോഷം കൊള്ളിച്ചത് ഫ്ലോറിഡ റെയ്‌ഡ് മൂലമാണ്. രാജി വച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
ചൈനയിൽ നിന്നു ഭീഷണിയുണ്ട്
ചൈനീസ് സർക്കാരിൽ നിന്നും യുഎസ് ഭീഷണി നേരിടുന്നുണ്ടെന്നു റെയ് പറഞ്ഞു. പ്രത്യേകിച്ച് അവരുടെ സൈബർ പ്രോഗ്രാം. അവർ യുഎസിൽ നിന്നുള്ള സ്വകാര്യ-കോർപറേറ്റ് ഡാറ്റ അടിച്ചു മാറ്റുന്നുണ്ട്. നിർണായക യുഎസ് അടിസ്ഥാന സൗകര്യങ്ങളെ ലക്‌ഷ്യം വയ്ക്കുന്നുമുണ്ട്.
"വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകൾ, ഗതാഗത സംവിധാനം ഇതൊക്കെ. ഊർജ സംവിധാനങ്ങൾ. ഇലക്ട്രിക്ക് ഗ്രിഡ്. നാച്ചുറൽ ഗ്യാസ് ലൈനുകൾ. ടെലക്കോം സംവിധാനത്തെയും ലക്‌ഷ്യം വയ്ക്കുന്നുണ്ട്."
FBI director justifies Mar-a-Lago raid