കാൽഗറി: നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വാരാന്ത്യത്തിൽ കൂടിക്കാഴ്ച്ച നടത്തി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. മാർ-എ-ലാഗോയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. സംഭാഷണങ്ങൾ നടന്നുവെങ്കിലും നേതാവിൻ്റെ താരിഫ് ഭീഷണി ഒഴിവായിട്ടില്ലെന്ന് ഡാനിയേൽ സ്മിത്ത് പറഞ്ഞു.
ആൽബർട്ട ഊർജ്ജത്തെക്കുറിച്ചും അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ നേട്ടങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ സംസാരിച്ചു. എന്നാൽ, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 25 ശതമാനം തീരുവ ചുമത്തുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ട്രംപ്. അതേസമയം, യുഎസുമായുള്ള ബന്ധം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം സ്മിത്ത് ഊന്നിപ്പറഞ്ഞു. കാനഡയിൽ നിന്ന് യുഎസ് വാങ്ങുന്നതിനേക്കാൾ കൂടുതൽ അമേരിക്കൻ ചരക്കുകളും സേവനങ്ങളും കാനഡ വാങ്ങുന്നുണ്ടെന്നും അവർ ചൂണ്ടികാണിച്ചു.
കാനഡയും യുഎസും തമ്മിൽ “താരിഫ് രഹിത ബന്ധമാണ്” ആഗ്രഹിക്കുന്നത്. താരിഫ് കനേഡിയൻ പൗരന്മാരെയും അമേരിക്കൻ പൗരന്മാരെയും ദോഷകരമായി ബാധിക്കുമെന്ന് ഉറപ്പുള്ളതിനാൽ താരിഫുകൾ പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് ആഗ്രഹമെന്നും സ്മിത്ത് വ്യക്തമാക്കി.
ജനുവരി 20ന് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം താരിഫുകൾ നിലവിൽ വരും.