പ്രസിഡന്റ് ജോ ബൈഡന്റെ പുത്രൻ ഹണ്ടർ ബൈഡനെതിരെ ആറു വർഷം നീണ്ട അന്വേഷണം നടത്തിയ ജസ്റ്റിസ് ഡിപ്പാർട്മെന്റിന്റെ സ്പെഷ്യൽ കൗൺസൽ ഡേവിഡ് വീസ് തന്റെ അന്തിമ റിപ്പോർട്ടിൽ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ചു. പുത്രനു മാപ്പു നൽകി കേസ് അവസാനിപ്പിച്ച ബൈഡൻ അതിനെ ന്യായീകരിക്കുമ്പോൾ വീസിനെ പരോക്ഷമായി വിമർശിച്ചിരുന്നു.
ഹണ്ടർ ബൈഡനു എതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതവും അന്യായവുമാണെന്നു ബൈഡൻ പറഞ്ഞു. അത് നീതിയുടെ ലംഘനമാണ്.
വീസ് തന്റെ 280 പേജ് റിപ്പോർട്ടിൽ പ്രതികരിച്ചു: "മറ്റു പ്രസിഡന്റുമാരും കുടുംബാംഗങ്ങൾക്ക് ഇങ്ങിനെ മാപ്പു കൊടുത്തിട്ടുണ്ട്. പക്ഷെ അതിന്റെ പേരിൽ ജസ്റ്റിസ് ഡിപ്പാർട്മെന്റിന്റെ ഉദ്യോഗസ്ഥരെ അവർ ആരും ഇങ്ങിനെ വിമർശിച്ചിട്ടില്ല.
"ഈ പ്രോസിക്യൂഷൻ നീതി എത്ര നിക്ഷ്പക്ഷമായി നടപ്പാക്കുന്നു എന്നതിന്റെ തെളിവായിരുന്നു. യുഎസിലെ എല്ലാ പൗരന്മാർക്കും നീതി തുല്യമായാണ് നടപ്പാക്കുന്നത് എന്നതിന്റെ മറ്റൊരു തെളിവ്."
പ്രോസിക്യൂഷനെ രാഷ്ട്രീയ പ്രേരിതമെന്നു വിശേഷിപ്പിക്കുമ്പോൾ രാഷ്ട്രീയക്കാർ നീതിന്യായ വ്യവസ്ഥിതിയിലുളള വിശ്വാസം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പ്രസിഡന്റിന്റെ അഭിപ്രായം ജസ്റ്റിസ് ഡിപ്പാർട്മെന്റിൽ മാത്രമല്ല, എല്ലാ വകുപ്പുകളിലും ജോലി ചെയ്യുന്ന ജനസേവകർ നല്ല വിശ്വാസത്തോടെ എടുക്കുന്ന തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതാണ്."
പ്രോസിക്യൂഷൻ അധികാരത്തിന്റെ ദുരുപയോഗം
ഹണ്ടർ ബൈഡന്റെ അഭിഭാഷകൻ ആബെ ലോവൽ പ്രതികരിച്ചു: "ഈ അന്വേഷണ റിപ്പോർട്ടിൽ തെളിയുന്നത് പ്രോസിക്യൂഷൻ അധികാരത്തിന്റെ ദുരുപയോഗമാണ്."
2023ൽ കേസ് അവസാനിപ്പിക്കാൻ പ്ളീ ഡീൽ കൊണ്ടുവരുന്നതിനു വീസ് തയാറായെങ്കിലും അവസാന നിമിഷം റിപ്പബ്ലിക്കൻ വിമർശനം ഭയന്ന് പിന്മാറിയെന്നു ലോവൽ ചൂണ്ടിക്കാട്ടി.
വീസിനെ ഡെലവെയറിൽ 2018ൽ യുഎസ് അറ്റോണിയായി നിയമിച്ചത് ഡൊണാൾഡ് ട്രംപ് ആയിരുന്നു. അന്ന് ഹണ്ടർ ബൈഡനു എതിരെ ആരംഭിച്ച അന്വേഷണം തുടരാൻ 2021ൽ പ്രസിഡന്റായ ബൈഡൻ അനുവദിച്ചു. മറ്റു പല അറ്റോണികളെയും മാറ്റിയ ബൈഡൻ വീസിനെ മാറ്റിയില്ല എന്നു മാത്രമല്ല 2023ൽ അദ്ദേഹം സ്പെഷ്യൽ കൗണ്സലായി ഉയർത്തപ്പെടുകയും ചെയ്തു. സ്വതന്ത്രമായി അന്വേഷണം നടത്താൻ അനുവദിച്ചതിനു റിപ്പോർട്ടിൽ വീസ് അറ്റോണി ജനറൽ മെറിക് ഗാർലൻഡിനു നന്ദി പറയുന്നുണ്ട്.
മാത്രമല്ല, ബൈഡൻ നിയമിച്ച ഗാർലൻഡ് അന്വേഷണത്തിൽ ഇടപെട്ടുവെന്ന റിപ്പബ്ലിക്കൻ വിമർശനം അദ്ദേഹം തള്ളിക്കളയുകയും ചെയ്യുന്നു.
യുഎസ് പ്രസിഡന്റിന്റെ പുത്രന് എതിരെ കേസെടുത്ത ആദ്യ പ്രോസിക്യൂട്ടർ എന്ന ബഹുമതിയും വീസ് നേടിയിരുന്നു.
Hunter Biden's prosecutor blasts Biden