ന്യൂയോർക്: 1983-ൽ ആരംഭിച്ച വടക്കേ അമേരിക്കയിലെ മലയാളികളുടെ അഭിമാന സംഘടനയായ ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന)യുടെ ട്രസ്റ്റി ബോർഡ് അംഗങ്ങളെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. ന്യൂയോർക്കിൽ നിന്നുള്ള ജോസഫ് കുരിയപ്പുറം ചെയർമാൻ, ഫ്ലോറിഡയിൽ നിന്നുള്ള എബ്രഹാം കളത്തിൽ വൈസ് ചെയർമാൻ, ചിക്കാഗോയിൽ നിന്നുള്ള വർഗീസ് പാലമലയിൽ സെക്രട്ടറി, ട്രസ്റ്റി ബോർഡ് അംഗങ്ങളായി ജേക്കബ് പടവത്തിൽ (ഫ്ലോറിഡ) ഡോ. കല ഷഹി (വാഷിംഗ്‌ടൺ ഡി.സി) സന്തോഷ് ഐപ്പ് (ഹ്യൂസ്റ്റൺ) അലക്സാണ്ടർ പൊടി മണ്ണിൽ (ന്യൂയോർക്ക്) ഷിബു വെണ്മണി (ചിക്കാഗോ) എന്നിവരും. സണ്ണി മറ്റമന (ഫ്ലോറിഡ) എബ്രഹാം ഈപ്പൻ(ഹ്യൂസ്റ്റൺ) എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങളായും പ്രവർത്തിക്കും.
ഫൊക്കാനയുടെ സീനിയർ നേതാക്കൻമ്മാരിൽ ഒരാളായ ജോസഫ് കുരിയപ്പുറം 1988 മുതൽ സംഘടനയോടൊപ്പം പ്രവർത്തിക്കുന്നു. അമേരിക്കയിലെ പ്രമുഖ സംഘടനകളായ കേരള അസോസിയേഷൻ ഓഫ് ലോസ്എയ്ഞ്ചൽസ്, ന്യൂയോർക്ക് ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ, നിയോഗ, ഹഡ എന്നിവയുടെ അമരക്കാരനായി തിളങ്ങി. ഫൊക്കാനയുടെ വിവിധ ഭാരവാഹിത്വങ്ങളും വിവിധ സബ് കമ്മറ്റി കളുടെ ചുമതലകളും ഭംഗിയായി നിർവഹിച്ചു. ഫൊക്കാനയുടെ ചരിത്രത്തിലെ പല സുപ്രധാന തിരുമാനങ്ങളിൽ കുരിയപ്പുറത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ദീർഘകാലം ബാങ്ക്വറ്റ് ചെയർമാനായിരിക്കെ 2008 മുതൽ രജിസ്ട്രേഷൻ ഫീസിൽ ഭക്ഷണവും കൂടി ഉൾപ്പെടുത്തിയത് ഇന്നും തുടരുന്നു. മൂന്ന് പ്രാവശ്യം കോൺസ്റ്റിട്യൂഷൻ കമ്മറ്റി ചെയർ ആയിരുന്ന അദ്ദേഹം മുന്കയ്യെടുത്ത നിർമിച്ച നിയമങ്ങളിൽ സ്ത്രികൾക്കുള്ള 33% സംവരണം എടുത്തു പറയേണ്ടത് ആണ്. സംഘടനയിലെ വ്യക്തി കേന്ദ്രികൃത അഴിമതികൾക്കും ധൂർത്തിനുമെതിരെ നിരന്തരം പോരാടുന്ന വ്യക്തിത്തങ്ങളിലൊരാളാണ്. കൊക്കോകോളയിലും, പെപ്സിയിലും മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ന്യൂയോർക്കിൽ ടാക്സ് കൺസൾട്ടന്റ്റ് ആയി പ്രവർത്തിക്കുന്നു.
വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എബ്രഹാം കളത്തിൽ സംഘടനയുടെ മുൻ നാഷണൽ കമ്മറ്റി മെമ്പർ, റിജിയണൽ വൈസ് പ്രസിഡന്റ്, ട്രഷറാർ തുടങ്ങിയ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചയാളാണ്. സ്കൂൾ, കോളേജ്, വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ മുഖ്യധാരയിലെത്തിയ കളത്തിൽ മികച്ച സംഘാടകനും വാഗ്‌മി, കലാ സാംസ്കാരിക സംഘടനയായ "അല" യുടെ സ്ഥാപക നേതാവ്, മയാമി സംഘമിത്ര തിയറ്റേഴ്‌സിന്റെ മുഖ്യ നടൻ, ഫ്ലോറിഡ കൈരളി ആർട് ക്ലബ്ബിന്റെ സെക്രട്ടറി, പ്രസിഡണ്ട്, സൗത്ത് ഫ്ലോറിഡയിലെ നവകേരള മലയാളി അസോസിയേഷൻ, പാം ബീച്ച് മലയാളി അസ്സോസിയേഷൻ എന്നി സംഘടനകളിലെ മുഖ്യ സംഘാടകനായും പ്രവർത്തിക്കുന്നു.
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വർഗീസ് പാലമലയിൽ സ്കൂൾ, കോളേജ് രാഷ്ട്രീയത്തിലൂടെ പ്രാഗൽഭ്യം തെളിയിച്ച വ്യക്തിയാണ്. ഫൊക്കാനയുടെ നാഷണൽ കമ്മറ്റി മെമ്പർ, റീജിയണൽ വൈസ് പ്രസിഡൻറ്, അസ്സോസിയേറ്റ് ട്രഷറർ, ജനറൽ സെക്രട്ടറി, ഫൌണ്ടേഷൻ മെമ്പർ തുടങ്ങിയ ഒട്ടുമിക്ക പദവികളും വഹിച്ചിട്ടുണ്ട്. ചിക്കാഗോ മിഡ്‌വെസ്ററ് മലയാളി അസോസിയേഷൻ വൈസ്പ്രസിഡന്റ്, സെക്രട്ടറി, ഓവർസീസ് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ഇന്ത്യ പ്രസ് ക്ലബ്ബിന്റെ സെക്രട്ടറി, മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഭദ്രാസന കൗൺസിൽ അംഗം തുടങ്ങിയ വൈവിദ്ധ്യമാർന്ന മേഘലകളിൽ തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. ഐടി മേഖലയിൽ ഉദ്യോഗം വഹിക്കുന്നു.
മികച്ച കാലാകാരി, ഡോക്ടർ, സംഘാടക ബോർഡ് ഓഫ് ട്രസ്റ്റി മെമ്പറായ ഡോക്ടർ കലാ ഷഹിയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. കഴിഞ്ഞ ടേമിലെ ജനറൽ സെക്രട്ടറി എന്ന നിലയിൽ വിഘടിച്ചു നിന്ന ഫൊക്കാന ഗ്രൂപ്പുകളെ രമ്യപ്പെടുത്താൻ കലാ ഷഹി വഹിച്ച നിസ്തുല്യമായ സേവനങ്ങൾ ഫൊക്കാനയിൽ എന്നും ഓർക്കപെടും. ഡോക്ടർ എന്ന നിലയിലുള്ള ജോലി തിരക്കിലും അങ്ങോളമിങ്ങോളം ഓടി നടന്നു സംഘടനാ പ്രവർത്തങ്ങളും അതോടപ്പം പാരമ്പര്യമായി പകർന്നു കിട്ടിയ കലാ വൈഭവങ്ങൾ നിർലോഭം സദസുകളിൽ അവതരിപ്പിക്കുന്നതിലും സ്റ്റേജ് ഷോകൾ കൊറിയോഗ്രാഫി ചെയ്യുന്നതിലും ആനന്ദം കണ്ടെത്തുന്ന ഡോക്ടർ കലക്ക് ഇത് പുതിയ നിയോഗം.
റോച്ചസ്റ്റർ കൺവൻഷൻ തൊട്ട് ഫൊക്കാനയുടെ നേതൃത്വത്തിലുള്ള സീനിയർ നേതാക്കളിലൊരളാണ് ജേക്കബ് പടവത്തിൽ. ഫ്ലോറിഡയിലെ കൈരളി ആർട്ട് സാരഥി. ഫൊക്കാന നാഷണൽ കമ്മറ്റി മെമ്പർ, റീജിയണൽ വൈസ് പ്രസിഡന്റ, പ്രസിഡന്റ്, ചീഫ് ഇലക്ഷൻ കമ്മീഷണർ, കോൻസ്റ്ററ്റൂഷൻ കമ്മറ്റി ചെയർ, ഫൌണ്ടേഷൻ ചെയർ, തുടങ്ങിയ വിവിധ നിലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്തിത്വ മാണ് ശ്രീ പടവത്തിൽ. ആരോഗ്യ രംഗത്ത് ജോലിചെയ്യുന്നതിനോടപ്പം ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ നാഷണൽ വൈസ് പ്രസിഡന്റ് സ്ഥാനവും സൗത്ത് ഫ്ലോറിഡയിലെ, ഫ്ലോറിഡ മലയാളി അസോസിയേഷൻ്റെ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു.
ഫൊക്കാനയുടെ നാഷണൽ കമ്മറ്റി മെമ്പർ, അസോസിയേറ്റു സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തി പരിചയമുള്ള അലക്‌സാണ്ടർ പൊടിമണ്ണിൽ ന്യൂയോർക് ഹഡ്‌സൺവാലി മലയാളി അസോസിയേഷന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നി നിലകളിലും, അസോസിയേഷന്റെ പ്രശസ്തമായ മലയാളം സ്കൂൾ നടത്തിപ്പിന്റെ മുഖ്യ സംഘടകനായും നിരവധി വർഷങ്ങൾ പ്രവർത്തിച്ചു. ന്യൂയോർക്കിലെ മികച്ച ബിസിനസ്സുകാരിൽ ഒരാളായ അദ്ദേഹം ഇൻഷുറൻസ് രംഗത്ത് പ്രവർത്തിക്കുന്നു.
ഷിബു വെണ്മണി, ഫൊക്കാനയുടെ നാഷണൽ കമ്മറ്റിമെമ്പർ, ജോയിന്റ് സെക്രട്ടറി, മിഡ്‌വെസ്‌ററ് മലയാളി അസോസിയേഷൻ സെക്രട്ടറി, പ്രസിഡന്റ്, ഫൊക്കാന ഐ.ടി സെൽ അംഗം തുടങ്ങിയ വിവിധ നിലകളിൽ ശോഭിച്ചയാളാണ്. ചിക്കാഗോ കേരളാ അസോസിയേഷന്റെ കമ്മറ്റി അംഗം കൂടിയായ ഷിബു പ്രമുഖ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ ഗവേഷണ ശാസ്ത്രജ്ഞൻ ആയി ജോലി ചെയ്യുന്നു. ഈ-കോമേഴ്സ‌് മേഖലയിൽ തന്റേതായ ബ്രാൻഡുമായി വ്യാപാര രംഗത്തും ചിക്കാഗോയിലെ എക്ക്യൂമെനിക്കൽ കൗൺസിൽ ഭാരവാഹിയായും പ്രവർത്തിക്കുന്നു.
സന്തോഷ് ഐപ്പ്, ഫൊക്കാനയിലെ ടെക്സസ് റീജിയൺ വൈസ് പ്രസിഡന്റ്, നാഷണൽ കമ്മറ്റി മെമ്പർ, പെയർ ലാൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചയാളാണ്. ദീർഘകാലം ഡൽഹി പോലീസ്, ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് എന്നിവയിൽ സേവനമനുഷ്ഠിച്ചു. ഹൂസ്റ്റണിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിനൊപ്പം റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തും പ്രവർത്തിക്കുന്നു.
ഫൊക്കാന ട്രസ്റ്റി ബോർഡിന്റെ നിയമനത്തെ, ഫൊക്കാന പ്രസിഡന്റ് സണ്ണി മറ്റമന, ജനറൽ സെക്രട്ടറി എബ്രഹാം ഈപ്പൻ, ട്രഷറർ സണ്ണി ജോസഫ്, എക്സിക്യൂട്ടീവ് കമ്മറ്റി, നാഷണൽ കമ്മറ്റി അംഗങ്ങൾ, തുടങ്ങിയവർ അനുമോദിച്ചു. 1983 - ൽ ആരംഭിച്ച യഥാർത്ഥ ഫൊക്കാന അമേരിക്കൻ മലയാളികളിടെ അഭിലാഷത്തിനൊത്ത് പ്രവർത്തിക്കുമെന്ന് പുതിയ ചെയർമാൻ ജോസഫ് കുരിയപ്പുറം അഭിപ്രായപ്പെട്ടു. സ്വന്തമായി ഭരണഘടനയോ, ഭാരവാഹികളോ ഇല്ലാത്ത അപര സംഘടനയുടെ പേരിൽ മലയാളികൾ വഞ്ചിതരാകരുതെന്നു ചെയർമാൻ മുന്നറിപ്പ് നൽകി. 2024 ൽ പൂർത്തിയാക്കാത്ത ജനറൽ കൗൺസിൽ മീറ്റിങ്ങും യഥാർത്ഥ ഫൊക്കാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പും എത്രയും വേഗം നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നു ചെയർമാൻ ഉറപ്പു നൽകി.