ഡൊണാൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി അധികാരം ഏൽക്കാൻ ഒരാഴ്ച്ച മാത്രം ബാക്കി നിൽക്കെ, 2020ൽ പരാജയപ്പെട്ടിട്ടും അധികാരത്തിൽ തുടരാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ നിയമവിരുദ്ധവും ശിക്ഷാർഹവും ആയിരുന്നുവെന്നു അതേപ്പറ്റി അന്വേഷണം നടത്തിയ സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്ത് തന്റെ റിപ്പോർട്ടിൽ പറഞ്ഞു.
ട്രംപ് 2024 തിരഞ്ഞെടുപ്പ് ജയിച്ചതു കൊണ്ടാണ് നിയമ നടപടികൾ ഉപേക്ഷിച്ചതെന്നും അല്ലെങ്കിൽ അദ്ദേഹം തീർച്ചയായും ശിക്ഷിക്കപ്പെടുമായിരുന്നു എന്നും സ്മിത്ത് പറഞ്ഞു. അധികാരത്തിൽ ഇരിക്കുന്ന പ്രസിഡന്റിനെതിരെ പ്രോസിക്യൂഷൻ ഭരണഘടന അനുവദിക്കുന്നില്ല.
ട്രംപിനെ കുറ്റവിമുക്തനാക്കി എന്ന അവകാശവാദം സ്മിത്ത് തള്ളി. അദ്ദേഹത്തെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടായിരുന്നു. "വിചാരണ നടത്തിയാൽ ട്രംപിനെ ശിക്ഷിക്കാൻ കഴിയുന്ന തെളിവുകൾ ലഭ്യമായിരുന്നു," ചൊവാഴ്ച്ച അറ്റോണി ജനറൽ മെറിക് ഗാർലൻഡ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
സ്മിത്തിനു ഭ്രാന്താണെന്നു ട്രംപ്
സ്മിത്തിനു ഭ്രാന്താണെന്നു റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ട്രംപ് ആക്ഷേപിച്ചു. "അയാളുടെ നിഗമനങ്ങൾ വ്യാജമാണ്."
2020 ഫലങ്ങൾ തിരുത്താൻ ഉദ്യോഗസ്ഥന്മാരുടെ മേൽ സമമർദം ചെലുത്തി, തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നുവെന്ന നുണകൾ അറിഞ്ഞു കൊണ്ട് പ്രചരിപ്പിച്ചു, 2021 ജനുവരി 6നു ക്യാപിറ്റോളിൽ കലാപം സംഘടിപ്പിച്ചു തിരഞ്ഞെടുപ്പു അട്ടിമറിക്കാൻ ശ്രമിച്ചു എന്നിവയാണ് ട്രംപിനെതിരായ മുഖ്യ ആരോപണങ്ങൾ.
യുഎസ് കോൺഗ്രസിനു 130 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിന്റെ പ്രസിദ്ധീകരണം തടയാൻ ട്രംപ് പല കോടതികളെയും സമീപിച്ചെങ്കിലും ഫലിച്ചില്ല.
ട്രംപ് ക്രിമിനൽ ശ്രമങ്ങളാണ് നടത്തിയത്
ജനവിധി അട്ടിമറിക്കാൻ ട്രംപ് ക്രിമിനൽ ശ്രമങ്ങളാണ് നടത്തിയതെന്നു സ്മിത്ത് വ്യക്തമായി പറയുന്നു. "ഫലങ്ങൾ ചോദ്യം ചെയ്യാനുള്ള നിയമപരമായ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ട്രംപ് ക്രിമിനൽ രീതികൾ അവലംബിച്ചു. എതിരാളികൾ എന്നു കണ്ടവർക്കെതിരെ അക്രമം വരെ സംഘടിപ്പിച്ചു."
അന്വേഷണ സംഘം കനത്ത വെല്ലുവിളികളാണ് നേരിട്ടത്. ട്രംപ് സാക്ഷികളെ ലക്‌ഷ്യം വച്ചു. കോടതികളെ ഭീതിപ്പെടുത്താൻ നോക്കി. ജസ്റ്റിസ് ഡിപ്പാർട്മെന്റ് ജീവനക്കാരെ വിരട്ടി.
"എന്റെ അന്വേഷണത്തെ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം സ്വാധീനിച്ചു എന്ന ട്രംപിന്റെ ആരോപണം കേട്ടാൽ ചിരിക്കാൻ മാത്രമാണ് കഴിയുന്നത്.
"ഞങ്ങൾ നിയമത്തിന്റെ വഴി വിട്ടു സഞ്ചരിച്ചിട്ടില്ല. പ്രോസിക്യൂട്ട് ചെയ്യാനുള്ള എന്റെ തീരുമാനത്തെ ആരും സ്വാധീനിച്ചിട്ടില്ല."
ട്രംപ് നടത്തിയ അട്ടിമറി ശ്രമം ഉണ്ടാവുന്നതു വരെ 130 വർഷത്തേക്ക് യുഎസ് തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് സർട്ടിഫൈ ചെയ്യുന്ന പ്രക്രിയ സുഗമമായി പ്രവർത്തിച്ചു വന്നുവെന്നു സ്മിത്ത് ചൂണ്ടിക്കാട്ടി.
Jack Smith report cites Trump's crimes