ടൊറന്റോ : ലിസ ചലഞ്ചേഴ്സ് സ്പോർട്സ് ക്ലബിന്റെ ഉദ്ഘാടനം ജനുവരി 11 ന് സ്കാർബ്റോയിൽ നടന്നു. ചടങ്ങിൽ മുഖ്യാതിഥിയായ എംപിപിയും അസോസിയേറ്റ് ഹൗസിങ് മന്ത്രിയുമായ വിജയ് താനിഗാസലം ക്ലബ്ബിന്റെ പുതിയ ലോഗോ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു. സാമൂഹിക മനോഭാവവും ആരോഗ്യകരമായ ജീവിതശൈലിയും വളർത്തുന്നതിൽ കായികരംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച മന്ത്രി, ലിസ ചലഞ്ചേഴ്സ് സ്പോർട്സ് ക്ലബിന്റെ ഈ തുടക്കം അടുത്ത തലമുറയിലെ കായിക താരങ്ങളെ പ്രചോദിപ്പിക്കട്ടേയെന്ന് ആശംസിച്ചു.
പ്രാദേശിക ബിസിനസുകാർ, കമ്മ്യൂണിറ്റി നേതാക്കൾ, കായിക പ്രേമികൾ എന്നിവരടക്കം നൂറുകണക്കിന് പേർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീത വിരുന്നും വിനോദ പരിപാടികളും ഏർപ്പെടുത്തിയിരുന്നു. സാംസ്കാരിക വൈവിധ്യം ഉയർത്തിക്കാട്ടി പ്രാദേശിക കഴിവുകൾ പ്രദർശിപ്പിച്ച പ്രകടനങ്ങളും ശ്രദ്ധേയമായി.
ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ക്ലബ്ബ്, ഗ്രേറ്റർ ടോറന്റോ ഏരിയയിലെ കായിക പ്രേമികൾക്ക് പ്രതീക്ഷയേകുന്നതാണ്. എല്ലാ പ്രായത്തിലുമുള്ള അത്‌ലറ്റുകൾക്കും ചിട്ടയായ പരിശീലനം, പിന്തുണ എന്നിവ നൽകി പ്രദേശത്തെ കായികരംഗത്തിന്റെ വികസന കേന്ദ്രമായി മാറാനാണ് ലിസ ചലഞ്ചേഴ്സ് സ്പോർട്സ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
സ്പോർട്സിനോടുള്ള അഭിനിവേശം വളർത്തുന്നതിനും അംഗങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ക്ലബ്ബിന്റെ സ്ഥാപകർ പറഞ്ഞു. എല്ലാ ജിടിഎ നിവാസികളും ഈ മേഖലയിലെ കായിക സംസ്കാരം വളർത്തുന്നതിനായി കൂടെ നിൽക്കണമെന്നും എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു. ക്ലബ്ബിൽ ഔദ്യോഗികമായി മെമ്പർഷിപ്പ് വിതരണം ആരംഭിച്ചിട്ടുണ്ട്.
ലിസ ചലഞ്ചേഴ്സ് സ്പോർട്സ് ക്ലബ്ബിനെക്കുറിച്ചും വരാനിരിക്കുന്ന ഇവന്റുകളെക്കുറിച്ചും കൂടുതൽ അറിയാൻ www.lisachallengers.com എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.