Image

ചൈനയുടെ ഇന്തോ-പാസിഫിക് അതിക്രമങ്ങളെ നേരിടുന്നത് മുന്ഗണനയെന്നു നിയുക്ത ഡിഫെൻസ് സെക്രട്ടറി (പിപിഎം)

Published on 15 January, 2025
 ചൈനയുടെ ഇന്തോ-പാസിഫിക് അതിക്രമങ്ങളെ നേരിടുന്നത് മുന്ഗണനയെന്നു നിയുക്ത ഡിഫെൻസ് സെക്രട്ടറി (പിപിഎം)

ഇന്തോ-പാസിഫിക്കിൽ കമ്യൂണിസ്റ്റ് ചൈന നടത്തുന്ന കൈയ്യേറ്റങ്ങൾ തടയുക എന്നതാവും തന്റെ പ്രധാന മുൻഗണനയെന്നു ഡിഫൻസ് സെക്രട്ടറി സ്ഥാനത്തേക്കു നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്ത പീറ്റ് ഹെഗ്സെത്ത് യുഎസ് സെനറ്റിന്റെ വിചാരണയിൽ പറഞ്ഞു. "അതിനായി നമ്മുടെ പങ്കാളികളോടും സഖ്യ രാഷ്ട്രങ്ങളോടും ചേർന്നു പ്രവർത്തിക്കും."

ട്രംപിന്റെ നോമിനികളിൽ ആദ്യം പരിശോധന നേരിട്ട ഹെഗ്സെത്ത് ഡെമോക്രാറ്റുകൾ ഉയർത്തിയ തടസങ്ങളെ മറികടന്നുവെന്നു റിപ്പബ്ലിക്കൻ സെനറ്റർമാർ പറഞ്ഞു. ബലാൽസംഗം ഉൾപ്പെടെയുള്ള ലൈംഗിക ആരോപണങ്ങളൂം അമിത മദ്യപാനവും ആരോപിക്കപ്പെട്ട ഹെഗ്സെത്തിനെ കുറിച്ച് പല വിവരങ്ങളും ലഭ്യമായിട്ടില്ലെന്നു ഡെമോക്രാറ്റ് സെനറ്റർമാർ ചൂണ്ടിക്കാട്ടി. ശക്തമായി പ്രതികരിച്ചു കൊണ്ടാണ് ഹെഗ്സെത്ത് അവരെ നേരിട്ടത്.  

പരസ്ത്രീ ബന്ധം, തുടർന്നു പോലീസ് അന്വേഷണം 

സ്ത്രീകൾ യുദ്ധരംഗത്തു പോകാൻ പാടില്ല എന്ന അദ്ദേഹത്തിന്റെ നിലപാടിനെ കുറിച്ചു ഡെമോക്രാറ്റ് സെനറ്റർമാർ ചോദിച്ചു. 2017 ൽ കാലിഫോർണിയ മൊണ്ടേരിയിൽ ഹോട്ടൽ മുറിയിൽ പരസ്ത്രീ ബന്ധം ഉണ്ടായതും തുടർന്നു പോലീസ് അന്വേഷണം നേരിട്ടതും ഡെമോക്രാറ്റ് സെനറ്റർ ടിം കെയ്ൻ (വിർജീനിയ) ഉന്നയിച്ചു.  അതൊരു ഏറ്റുമുട്ടലിലേക്കു നയിച്ചു.

നേരത്തെ തയാറാക്കിയ കുറിപ്പുകൾ വായിച്ചു കൊണ്ട് ഹെഗ്സെത്ത് പറഞ്ഞു: "ഏറ്റവും പ്രധാനമായി നമ്മുടെ മാതൃഭൂമിയും അതിർത്തികളും ആകാശവും സംരക്ഷിക്കും. രണ്ടാമത് ചൈനയുടെ ആക്രമണം നേരിടാൻ സഖ്യരാഷ്ട്രങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. മൂന്നാമത്, നമ്മൾ ഉത്തരവാദിത്തത്തോടെ യുദ്ധങ്ങൾ അവസാനിപ്പിച്ചു നമ്മുടെ വിഭവങ്ങൾ കൂടുതൽ വലിയ ഭീഷണികൾ നേരിടാൻ തിരിച്ചുവിടും."

മുൻ സൈനികനായ തന്നെ ട്രംപ് നിയോഗിച്ചത് പോരാളിയുടെ സംസ്കാരം പെന്റഗണിൽ തിരിച്ചു കൊണ്ടുവരാൻ ആണെന്നു ഹെഗ്സെത്ത് പറഞ്ഞു.

സെനറ്റ് സ്ഥിരീകരിച്ചാൽ ഹെഗ്സെത്ത്3.5 മില്യൺ ജീവനക്കാരും സൈനികരും ഉൾപ്പെട്ട അതിവിശാലമായ വകുപ്പിന്റെ ചുമതലക്കാരനാവും. ഇറാഖിലും അഫ്ഘാനിസ്ഥാനിലും സേവനം അനുഷ്ടിച്ച ഹെഗ്സെത്ത് രണ്ടു ബ്രോൺസ് സ്റ്റാറുകളും കോംബാറ്റ് ഇൻഫന്ററിമാൻസ് ബാഡ്ജും നേടിയിട്ടുണ്ട്. എട്ടു വർഷം ഫോക്സ് ന്യൂസിൽ അവതാരകൻ ആയിരുന്നു.

Hegseth sees China as first enemy 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക