Image

ഫ്യൂച്ചർ ഷോക്ക് ( കഥ : സാലു അനിയൻ )

Published on 25 January, 2025
ഫ്യൂച്ചർ ഷോക്ക് ( കഥ :  സാലു അനിയൻ )

നബീസുമ്മയെ കാണണം. നബീസുമ്മയെപ്പറ്റി പറഞ്ഞു കേട്ടതാണ്. നിരപ്പായ കുന്നിൻ ചെരുവിന്റെ ഓരം ചേർന്ന് ഒരു ചെറിയ നടപ്പാതയുണ്ട് നടപ്പാതയ്ക്ക് ഇരുവശവും മതിൽക്കെട്ട് പോലെയാണ് ഇടവഴി .
പക്ഷേ വഴി ചോദിക്കണം. നേരെ കുന്നിൻ മുകളിൽ രാജമല്ലിയും ചെമ്പരത്തിപ്പൂക്കളും ഇടകലർന്ന് നിൽക്കുന്ന തെരേസാമ്മയുടെ വീട് . ഇതൊക്കെ പറഞ്ഞുതന്നത് മെയിൻ റോഡിന് തൊട്ടടുത്തുള്ള മാടക്കടയുടെ മുതലാളിയാണ്. തെരേസാമ്മയുടെ വീടിനു മുന്നിലെത്തിയപ്പോൾ മുതലാളി പറഞ്ഞതുപോലെ അവർ വീടിന്റെ വരാന്തയിൽ ഒരു ഈസി ചെയറിൽ ഇരിക്കുകയാണ്. ഞാൻ കുത്ത്കല്ലുകൾ കയറി അവിടെ എത്തി. 
തെരേസാമ്മ അല്ലേ ഞാൻ ചോദിച്ചു .
അതേ മോനേ ,
മോനേ ഇവിടൊന്നും കണ്ടിട്ടില്ലല്ലോ. 
ഈ കുന്നിന് അപ്പുറത്താണ് എൻറെ വീട്. ഞാൻ  വിദേശത്തായിരുന്നു. ഇപ്പോൾ അമ്മ മാത്രമേയുള്ളൂ. കുറെ നാൾ ഉണ്ടാവും അമ്മയ്ക്ക് കൂട്ടായി ഇവിടെ.
എനിക്ക് നബീസ ഉമ്മയുടെ വീട് പറഞ്ഞു തരുമോ.? സ്വന്തം അമ്മയുടെ പേര് പറയുന്നതുപോലെ ആയിരുന്നു അയാളുടെ മുഖം 
. അത് കണ്ടിട്ട് ആവാം തെരേസമ്മ ചോദിച്ചു.നബീസായെ എങ്ങനെ അറിയാം മോന്. പറഞ്ഞുകേട്ടതാണ്, ഒറ്റയ്ക്ക് താമസിക്കുന്ന വളരെയേറെ പ്രായമുള്ള അവരെപ്പറ്റി. തെരേസാമ്മ ഈസി ചെയറിൽ നിന്ന് കഷ്ടപ്പെട്ട് എഴുന്നേറ്റു നിന്ന് അയാളുടെ കയ്യിലെ ബാഗിലേക്ക് നോക്കി ചോദിച്ചു .എന്താണ് ഇതിൽ ?
കുറച്ച് ഭക്ഷണമാണ്. അയാൾ പറഞ്ഞു. നബീസ അമ്മയെ പറ്റി എന്റെ അമ്മയുടെ സഹായി പറഞ്ഞിരുന്നു. കാണണമെന്നും തോന്നി .
എനിക്ക് ,
പോന്നപ്പോൾ കുറച്ച് ഭക്ഷണവും കരുതി. തെരേസാമ്മ അത്ഭുതത്തോടെ അയാളെ നോക്കി" എന്റെ മോനെ"എന്ന് സ്നേഹത്തോടെ വിളിച്ചു 
കണ്ടോ മോനെ എന്റെ കാല് ഒന്ന് ഉളുക്കിയതാ. നടക്കാൻ വയ്യ. നബീസക്ക് എന്നും ഭക്ഷണം കൊടുക്കുമായിരുന്നു. ഇന്നലെ രാത്രി അവരൊന്നും കഴിച്ചു കാണില്ല. മോൻ വേഗം ചെന്നാട്ടെ തിരിച്ചു വരുമ്പോൾ എന്നെ വിളിക്കണം. 
ഇടവഴിയിലൂടെ നടക്കുമ്പോൾ വല്ലാത്ത ഒരു കുളിർമ തോന്നി. മഞ്ഞു വീഴുന്ന കാലമായിരുന്നെങ്കിലും ഇത്രയധികം തണുപ്പ് തോന്നിയത് നാട്ടിൽ വന്നിട്ട് ആദ്യമായാണ്. നബീസുമ്മയുടെ വീട്ടിലെത്തി. ഇടവഴിയിൽ നിന്ന് കുറച്ച് അകത്തേക്ക് കയറി നിരപ്പായ ഒരു സ്ഥലത്താണ് വീട്. വഴിയോരം തന്നെ. ഒരൊറ്റ മുറി വീട്. ആസ്ബസ്ടോസ് ചരിച്ച് പാകിയ മേൽക്കൂര .
അവിടെ ചൂട് ഏൽക്കില്ല കുന്നിൻ മുകളിലെ മരങ്ങൾ മേലാപ്പ് തീർത്തിരിക്കുന്നതിനാൽ എപ്പോഴും തണുപ്പുണ്ടെന്ന് പിന്നീട് ഉമ്മ തന്നെ പറഞ്ഞു. 
ഉമ്മയുടെ മകൻ വിദേശത്താണ് പോലും . കുറച്ച് പണം ഒക്കെ മകൻ ഒരു ബന്ധു വഴി കൊടുക്കുമായിരുന്നു എന്ന് ഉമ്മ പറഞ്ഞു. അവൻ പോയിട്ട് 15 വർഷങ്ങളായി എന്നും. ഉമ്മയ്ക്ക് കുന്നിൻ ചെരുവിൽ 15 സെന്റോളം സ്ഥലം ഉണ്ടെന്നും മനസ്സിലാക്കി. അത് പൂച്ചക്കാട് വളർന്നു കിടക്കുകയാണ്. മോൻ എന്നെങ്കിലും വന്ന് അവിടെ വീട്. വയ്ക്കുമായിരിക്കും ഉമ്മ നെടുവീർപ്പുതിർത്തുകൊണ്ട് സ്വയം പറഞ്ഞു. 
ഉമ്മയ്ക്ക് എത്ര വയസ്സായി..? ചോദ്യത്തിന് ഉത്തരമായി ഉമ്മ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു .. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ എനിക്ക് 16 വയസ്സ്. ചെറുപ്പക്കാരന്റെ കണ്ണുകൾ തിളങ്ങി എൻറെ അമ്മയ്ക്കും ഇതേ പ്രായമാണ്.. അയാൾ പറഞ്ഞു. നബീസുമ്മ അൽപനേരം എന്തോ ഓർത്തിരുന്നു. ഉമ്മയ്ക്ക് ഞാൻ ബ്രേക്ക്ഫാസ്റ്റ് കൊണ്ടുവന്നിട്ടുണ്ട്. ഉമ്മ എഴുന്നേറ്റു അകത്തു കടന്നു ഒരു പിഞ്ഞാണിപ്പാത്രം എടുത്തു .
അപ്പവും മുട്ടക്കറിയും അയാൾ പാത്രത്തിൽ എടുത്ത് ഉമ്മയ്ക്ക് കൊടുത്തു.

പിന്നീട് ഒത്തിരി ഒരുപാട് ഒന്നും ഉമ്മ പറഞ്ഞില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ എന്നുമാത്രം !

അതെന്നും ഒരു പതിവായി . അങ്ങനെ
ഒരു മാസം കഴിഞ്ഞു

തെരേസാമ്മ ഒരു ഞായറാഴ്ച പറഞ്ഞു.
ഇനി മോൻ വിഷമിക്കേണ്ട എൻറെ കാല് സുഖമായി .
ഞാൻ അവൾക്ക് ഭക്ഷണം കൊടുക്കും. എങ്കിലും അയാൾ എന്നും വന്നുകൊണ്ടിരുന്നു. നബീസുമ്മയെ കാണാൻ . 
ഒരു ദിവസം
അയാൾ അവിടെ എത്തിയപ്പോൾ ഒരു ടാക്സി ഇടവഴിയോട് ചേർത്തിട്ടിരുന്നു. നബിസുമ്മയുടെ മോനും കൊച്ചുമോനും വന്നിരിക്കുന്നു. എന്ന് തെരേസാമ്മ 
വിളിച്ചുപറഞ്ഞു.
അയാൾ ചെല്ലുമ്പോൾ വഴിക്കണ്ണുമായി നബീസുമ്മ നിൽക്കുന്നത് കണ്ടു. ഇതാ എന്റെ മോൻ വന്നു .. അവർ അയാളെ ചൂണ്ടി മോനോടും കൊച്ചുമോനോടും വിളിച്ചുപറഞ്ഞു. അയാൾ ആരാണെന്ന് കൊച്ചുമോൻ പിതാവിനോട് ചോദിച്ചു. അയാൾ ഒന്നും മറുപടി പറഞ്ഞില്ല. 
ഞാനും നിന്റെ അപ്പനും നീയും ഒരുമിച്ച് താമസിച്ചിരുന്ന ചെറിയ വീടും 15 സെൻറ് സ്ഥലവും അവിടെ ഇപ്പോഴുമുണ്ട്. നബീസുമ്മാ പറഞ്ഞു. 
നിനക്ക് അവിടെ പുതിയ വീട് പണിത് താമസിക്കാം. നബീസുമ്മാ കൊച്ചുമോനെ നോക്കി ചോദിച്ചു'"നിന്റെ മമ്മി മമ്മിയുടെ വീട്ടിൽ ഉണ്ടാവുമല്ലോ, എന്നെങ്കിലും കാണാം. ഉമ്മയുടെ മകൻ അത് ഇംഗ്ലീഷിൽ  കൊച്ചുമോന് മനസ്സിലാക്കി കൊടുത്തു. 
ഓക്കേ ഗ്രാൻമാ
ബൈ.
നബീസുമ്മ ആകാശത്തേക്ക് നോക്കി. ചന്ദ്രനും ശുക്രനും അയൽക്കാരെപ്പോലെ ആകാശത്ത് ഉദിച്ചിരിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക