1.
രമേശ് ബാബുവിന്റെ ക്ലാസ്സി ലുക്ക് പാന്റിനെയും ഷർട്ടിനെയും ചേർത്ത് ബന്ധിപ്പിച്ച ലെദർ ബെൽറ്റ് കണ്ടപ്പോൾ ലാമ്യയുടെ മനസ്സിലേക്കാദ്യം കയറി വന്ന പേര്, അതാണ് ' അരപ്പട്ട കെട്ടിയ ആണുങ്ങൾ.'
'ഞാൻ രമേശ് ബാബു. അസോസിയേറ്റ് ഡയറക്ടറാണ്.. വിജയൻ സാറിന്റെ വലിയൊരു ആരാധകനും .'
കാഴ്ചയിൽ ഏകദേശം നാൽപത്തിയൊൻപത് വയസ്സ് പ്രായം തോന്നിക്കുന്ന അയാൾ ലാമ്യക്ക് മുൻപിൽ സ്വയം പരിചയപ്പെടുത്തിയതങ്ങനെയായിരുന്നു. ആ നിമിഷത്തിലവളുടെ ശ്രദ്ധ പോയതത് മുഖത്തേക്കല്ലായിരുന്നു. മറിച്, വെളിയിലോട്ട് കാണും വിധത്തിലയാൾ അരയിൽ ചുറ്റി വരിഞ്ഞിരുന്ന എക്സോട്ടിക്ക് ബെൽറ്റ്ലേക്കായിരുന്നു. അതിന്റ മധ്യത്തിലായി സിൽവർ നിറത്തിലെ വൃത്തത്തിനുള്ളിലെ സിംഹമുഖത്തിലേക്കായിരുന്നു. ആ സിംഹമുഖത്തിന് കറുപ്പ് നിറമായിരുന്നു. അങ്ങനെയൊരു ബെൽറ്റ് അവളാദ്യമായി കാണുകയായിരുന്നു.
അതവളെ പ്രത്യേകം ആകർഷിച്ചു. അത് അത്യപൂർവ്വമായൊരു സംഗതിയാണെന്നവൾക്ക് തോന്നി.
തൊട്ട് മുൻപിലിരിക്കുന്ന ഗാനരചയിതാവ് കെ. ആർ വിജയന്റെ മെലിഞ്ഞുണങ്ങിയ കൈവിരലുകളിൽ തൊട്ടുവണങ്ങി
'ദൈവം അനുഗ്രഹിച്ച വിരലുകള'
എന്നും പറഞ്ഞ് രമേഷ് ബാബു വിനയം പ്രകടമാക്കി. കെ ആർ വിജയനാ വാക്കുകളിൽ പ്രത്യേകിച്ചെന്തെങ്കിലും തോന്നിയോ എന്ന് ലാമ്യ ചിന്തിച്ചില്ല. അവൾക്ക് സന്തോഷം തോന്നി. അത്രമാത്രം. ഫാഷൻ പീസായി അരയിലൊരു സിംഹത്തെ ചുറ്റി നടക്കുന്നെങ്കിലും മുൻപിലിരിക്കുന്ന മനുഷ്യനെത്രമാത്രം കുലീനനും മാന്യനുമാണെന്ന് ലാമ്യയപ്പോൾ ചിന്തിച്ചു. അയാൾക്കുവേണ്ടി ചായയെടുക്കാൻ ലാമ്യ അടുക്കളയിലേക്ക് പോയി. അടുക്കളയിൽ ചായ തയ്യാറാക്കുന്ന അതേ വേളയിലാണ് പൂക്കാത്ത വസന്തം എന്ന പഴയകാല സിനിമയിലെ
പ്രിയസഖി പ്രണയദേവതേ..
പ്രിയസഖി പ്രണയദേവതേ..
നിൻ ചൊടിയിൽ വിടരും
മന്ദഹാസ മലർ
നിൻ ചൊടിയിൽ വിടരും മന്ദഹാസ മലർ..
കാണുമ്പോൾ എൻ മനം കുളിരണിയുന്നു..
എന്ന ഗാനം രമേഷ് ബാബുവിന്റെ മനോഹരമായ ശബ്ദത്തിൽ അവൾ കേട്ടത്. കെ ആർ വിജയൻ മലയാള സിനിമയ്ക്ക് വേണ്ടി നൽകിയ തന്റെ ആദ്യത്തെ വരികൾ. 1984ലെ യുവത്വത്തെ കുളിരണിയിപ്പിച്ച മനോഹരമായ ഗാനം. കെ. ആർ വിജയൻ എന്ന സംഗീത രചയിതാവിന്റെ മൈൽസ്റ്റോൺ തുടങ്ങുന്നത് തന്നെ ആ ഒരൊറ്റ വർക്കിലൂടെയാണ്. ആദ്യത്തെ വർക്കിലൂടെ. അതിൽപ്പിന്നെ കണക്കില്ലാത്ത സിനിമകൾക്കത്രയും പാട്ടെഴുതി. സംസ്ഥാന പുരസ്കാരം, ഫിലിം ക്രിട്ടിക്ക്, ദേശീയ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി. എവർഗ്രീൻ ഹിറ്റുകളിൽ എത്രയെത്രയോ വരികൾ ഇടം നേടി. പറഞ്ഞിട്ടെന്താണ് കാര്യം. ഇന്നിപ്പോൾ ഓസ്റ്റിയോസർ കോമയുടെ അർബുദ കോശങ്ങൾ കെ ആർ വിജയന്റെ ശരീരം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രണയത്തെക്കുറിച്ച് വർണ്ണിച്ച , കാത്തിരിപ്പിനെ കുറിച്ച് എഴുതിയ, നഷ്ടങ്ങളെ അടയാളപ്പെടുത്തിയ - പിന്നെയും അനേകമനേകം അവസ്ഥകളെ ഓർമ്മിപ്പിച്ച അയാളുടെയാ പഴയ വരികൾക്ക് മാറ്റമൊന്നും സംഭവിച്ചില്ലെങ്കിലും അയാളിൽ വലിയ വലിയ മാറ്റങ്ങൾ സംഭവിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി വരികൾ എഴുതാനുള്ള അവസരങ്ങൾ വിജയനെ തേടി വരാതായി. കാതിന് വിരുന്നായി പോലും അയാളുടെ വരികളെ ആരും ചോദിക്കാതായി. ആരോഗ്യം നഷ്ടപ്പെട്ട വിജയനിൽ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടായിരിക്കും, ഒരാൾ പോലും തിരഞ്ഞു വന്നില്ല. എന്തിനേറെ? മകൾ ലാമ്യക്ക് സാമ്പത്തികമായി പിന്തുണ നൽകാനും വിജയന് കഴിഞ്ഞില്ല. ഭാര്യ സവിധ ഏഴുവർഷം മുൻപാണ് മരണപ്പെട്ടത്. ആക്സിഡന്റിൽ. വിജയനും മകളും മാത്രമുള്ള കുടുംബമിപ്പോൾ പിടിച്ചു നിൽക്കുന്നത് തന്നെ പാരമ്പര്യമായുള്ള ഭൂസ്വത്തിന്റെയും പിന്നെ വേണ്ടപ്പെട്ട ചില സുഹൃത്തുക്കളുടെയും പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് . ഉള്ളത് പറഞ്ഞാൽ ലോകം വിജയന്റെ പഴയ വരികളിലിന്നും ഉന്മാദം കണ്ടെത്തുമ്പോഴും വിജയനിത വിഷാദത്തിന്റെ പടുകുഴിയിലാണ്.
പ്രിയസഖി പ്രണയദേവതേ..
പ്രിയസഖി പ്രണയദേവതേ..
രമേഷ് ബാബു പാട്ട് അവസാനിക്കുന്നിടത്തേക്കാണ് ലാമ്യ ഒരു കപ്പ് ചായയുമായി അയാൾക്ക് മുമ്പിൽ വരുന്നത്. ചായ വാങ്ങുന്നതിനിടയിൽ
' മോൾ പഠിക്കുവാണോ? ' - എന്നയാൾ ചോദിച്ചു
' ഡിഗ്രി കഴിയാറായി '
' ഇനിയെന്താ പ്ലാൻ? '
' അവൾക്ക് സിനിമയിൽ അസിസ്റ്റന്റ് ചെയ്താൽ കൊള്ളാമെന്നുണ്ട്. ഡയറക്ടറാവണമെന്ന ആഗ്രഹം' - കെ ആർ വിജയനാണ് മറുപടി നൽകിയത്.
'ശ്രമിച്ചില്ലേ?'
'ഞാനിപ്പോ ഈ അവസ്ഥയിലാ. അതിന്റെടേല് ഇവള്ടെ കാര്യം കൂടി പറഞ്ഞു പോയ ആരും ഗൗനിച്ചെന്ന് വരില്ല. സിനിമയില്ലാത്ത സിനിമക്കാരന് ഇന്റസ്ട്രിയിൽ തുച്ഛവില പോലുമില്ലെന്ന് രമേശിനും അറിയാലോ?'
വിജയന്റെയാ വാക്കുകൾ രമേശ് ബാബു ശ്രദ്ധിച്ചുവോ എന്നത് ലാമ്യ ചിന്തിച്ചില്ല. അവളകത്തേക്ക് നടന്നു. മുറിയിലെ ദിവാൻ കോട്ടിൽ വായിച്ചു പകുതിയാക്കി വെച്ച എം ടിയുടെ മഞ് കയ്യിലെടുത്ത് തുടർ വരികൾ വായിക്കുന്നതിനിടയിൽ പശ്ചാത്തലത്തിൽ രമേഷ് ബാബുവിന്റെയും കെ ആർ വിജയന്റെയും സംഭാഷണങ്ങൾ കടന്ന് കയറി
' ഇന്റഡസ്ട്രിയ്ക്ക് സാറിനെ വിലയുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ എനിക്കുണ്ട് സാറേ. അതുകൊണ്ടെന്റെ ആദ്യ സിനിമക്ക് വിജയൻ സാറ് വരികളെഴുതിയെ മതിയാകൂ..ഓപ്പണിങ് ഷോട്ട് തന്നെ സാറിന്റെ വരികളിൽ നിന്ന് ആ ഗാനത്തിൽ നിന്ന് വേണം തുടങ്ങാൻ '
ക്ലാസ്സിക്ക് ലെജൻഡ് കെ ആർ വിജയന്റെ കടുത്ത ആരാധകനായ രമേശ് ബാബു നിർബന്ധിത സ്വരത്തിൽ ആവശ്യം പറഞ്ഞുവച്ചു. വാസ്തവത്തിൽ വിജയനതുണ്ടാക്കിയ അഹ്ലാദം വലുതായിരുന്നു. ലാമ്യക്കും. മൂന്നു വർഷങ്ങൾക്ക് ശേഷമാണ് ഒരാൾ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. മൂന്നു വർഷങ്ങൾക്കുശേഷമാണ് മലയാള സിനിമയിൽ വീണ്ടുമൊരു ഗാനം എഴുതാനുള്ള അവസരം കെ ആർ വിജയന് ലഭിക്കുന്നത്. അച്ഛന് വീണ്ടും കരിയർ തിരിച്ചു കിട്ടുന്നു - ലാമ്യക്ക് സന്തോഷം അധികമായി. അടുത്ത വരവിലയാൾ അഡ്വാൻസ് നൽകും. കെ ആർ വിജയനാ അഡ്വാൻസ് കൈപ്പറ്റും. അതോടെ രമേഷ് ബാബു ആദ്യ സിനിമയുടെ പുറകെ പോകും. നവാഗതനായി രമേഷ് ബാബു സിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ കെ ആർ വിജയന് എഴുത്തിന്റെ വഴിയിൽ ഒരു തിരിച്ചുവരവ് ലഭിക്കും. അതായിരുന്നു അന്തിമ തീരുമാനമെന്നും അതാണ് സംഭവിക്കാൻ പോകുന്നതെന്നും മനസ്സിലാക്കിയപ്പോൾ ലാമ്യക്ക് സന്തോഷം അടക്കാനായില്ല . കനത്തൊരു രോഗം പിടിപെട്ടാൽ പിന്നെ മനുഷ്യരെല്ലാം സെൻസിറ്റീവാവും. കെ ആർ വിജയനെ പോലെ. സെൻസിറ്റീവായ മനുഷ്യർക്ക് അമിതമായി സന്തോഷിക്കാനും ആഹ്ലാദം പ്രകടിപ്പിക്കാനും പ്രത്യേകമായി സാധിക്കും. മൂന്നോനാലോ വയസ്സുള്ള ഒരു കൊച്ചു കുട്ടിയെ പോലെ. രമേഷ് ബാബുവുമായുള്ള കെ ആർ വിജയന്റെ തുടർന്നുള്ള സംഭാഷണങ്ങളിൽ നിന്നും ആ സന്തോഷവും ആഹ്ലാദവും ലാമ്യ പ്രത്യേകം പിടിച്ചെടുത്തു. ജീവിതം തിരികെപ്പിടിക്കാൻ പോകുന്ന ഒരു മനുഷ്യന്റെ ആഹ്ലാദമായിരുന്നു അയാൾക്കപ്പോൾ. അയാളപ്പോൾ തന്റെ അച്ഛനല്ലെന്നും വെറും മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ളൊരു കൊച്ചു കുഞ്ഞാണെന്നും അവൾക്ക് തോന്നി. അവൾക്കവളുടെ അച്ഛനോട് വല്ലാത്തൊരു വാത്സല്യം അനുഭവപ്പെട്ടു.
പോക്കുവെയിൽ വീണു തുടങ്ങിയപ്പോഴേക്കും രമേശ് ബാബു വീട്ടിൽ നിന്നിറങ്ങി. മുറ്റത്ത് നിർത്തിയിട്ട ഇന്നോവ കാറിലേക്ക് കയറുന്നതിനിടയിൽ അയാൾ ലാമ്യക്കും കെ ആർ വിജയനും പ്രതീക്ഷ നൽകും മട്ടിൽ പറഞ്ഞു
' വിജയേട്ടന്റെ മോളെന്നാൽ എനിക്കെന്റെ ഗുരുവിന്റെ മോളെന്ന അർത്ഥം. നല്ലൊരു അവസരം വരട്ടെ.. കുട്ടിക്ക് അസിസ്റ്റ് ചെയ്യാനുള്ള വർക്ക് ഞാൻ തരാം.. അതിലെനിക്കൊരു ബുദ്ധിമുട്ടുമില്ല...അല്ലെ വിജയേട്ടാ '
കെ ആർ വിജയൻ നിഷ്കളങ്കമായി പുഞ്ചിരിച്ചു. അയാൾക്ക് സമാധാനം തോന്നി. ആഹ്ലാദവും. തന്റെ മുൻപിൽ നിൽക്കുന്ന മാന്യനായ ആ വ്യക്തിയോട് ലാമ്യ സന്തോഷം പ്രകടമാക്കി പുഞ്ചിരിച്ചു. എങ്കിലും അപ്പോഴത്തെ അവളുടെ താൽക്കാലിക ശ്രദ്ധ അയാളുടെ അരപ്പട്ടയിൽ കൊളുത്തി. പോക്കുവെയിലിന്റെ തിളക്കത്തിൽ അയാളുടെ അരപ്പട്ടയിലെ സിംഹം തിളങ്ങുന്നുവെന്നവൾ തിരിച്ചറിഞ്ഞു . ഇന്നോവ കാറിനുള്ളിൽ കയറി മുറ്റത്ത് നിന്നും റോഡിലേക്ക് വണ്ടി തിരിക്കുന്നതിനിടയിലും പ്രത്യക്ഷത്തിൽ കാണുന്ന രമേഷ് ബാബുവിന്റെ മുഖം അവൾ ശ്രദ്ധിച്ചില്ല.അപ്പോഴും അവളുടെ ഓർമ്മയിൽ അയാളുടെ അരപ്പട്ടയിലെ സിംഹം തിളങ്ങുകയായിരുന്നു. ഒരു പ്രതീക്ഷയുടെ സൂചകം പോലെ.
2.
പുലകുളിക്കും മുൻപേയായി, കെ. ആർ വിജയന്റെ മരണം കഴിഞ്ഞുള്ള വെറും തൊട്ടടുത്ത മൂന്നാം നാളിലാണ് രമേഷ് ബാബുവും സുഹൃത്തായ എഡിറ്റർ രവീന്ദ്രനും പിന്നെയുമാ വീട് കയറി ചെല്ലുന്നത്. പരേത വ്യക്തിക്ക് വേണ്ടി അശുദ്ധി ആചരിക്കുന്ന വിജയന്റെ പെങ്ങന്മാരും മകൾ ലാമ്യയുമിരിക്കുന്ന മുറിയിലേക്ക് കയറി വന്ന രമേഷ് ബാബുവും എഡിറ്റർ രവീന്ദ്രനും, നല്ല വരികളുടെ വസന്തകാലം സമ്മാനിച്ച മഹാനായ ആ എഴുത്തുകാരന്റെ വിയോഗത്തിൽ ഖേദം പ്രകടിപ്പിച്ചു. ഒപ്പം തങ്ങളുടെ കൂട്ടുകെട്ടിൽ നടക്കാതെ പോയ വർക്കിനെ കുറിച്ചോർത്തു നെടുവീർപ്പിട്ടു. അച്ഛന്റെ മരണശേഷമുള്ള കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വന്നവരും പോയവരുമായ ബന്ധുകളിലും സിനിമക്കാരിലും ആരാധകരിലും പത്രക്കാരിലും എല്ലാം ലാമ്യ തുടർച്ചയായി കണ്ടത് ഇതിന് സമാനമായ ചില ഭാവങ്ങൾ തന്നെയായിരുന്നു. അതുകൊണ്ടവൾക്കതിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല. കെ ആർ വിജയന്റെ മരണം കൊണ്ട് തീർത്താൽ തീരാത്ത നഷ്ടമുണ്ടായിരിക്കുന്നത് ലാമ്യക്ക് മാത്രമാണ്. അതിനപ്പുറമുള്ള നഷ്ടമൊന്നും ഈ വരുന്നവർക്കും പോകുന്നവർക്കും സംഭവിച്ചിട്ടില്ല എന്നത് അവൾക്ക് നന്നായി അറിയാം. അവനോന്റെ എന്ന് പറഞ്ഞു ചേർത്ത് പിടിക്കാൻ ഇനി അവൾക്ക് ആരുമില്ല. സ്വന്തം വീടിനുള്ളിൽ സ്വന്തം രക്തമെന്ന് പറയാൻ ഇനി അവൾക്ക് ആരുമില്ല. താങ്ങും തണലും കൂട്ടുമെല്ലാം നഷ്ടമായി. ആ നഷ്ടത്തോളമൊന്നും വലിയ നഷ്ടം മുമ്പിൽ വന്നിരിക്കുന്ന ഒരാൾക്കും കെ ആർ വിജയന്റെ വിയോഗം ഉണ്ടാക്കി വെച്ചിട്ടില്ല എന്ന നല്ല ബോധ്യം അവൾക്കുണ്ട്. അതുകൊണ്ടുതന്നെ താൽക്കാലികമായ ഒരു സഹതാപ പ്രകടനത്തിലും അവൾക്കൊന്നും തോന്നില്ല. എന്നാൽ തൊട്ടു മുൻപിലിരിക്കുന്ന രമേഷ് ബാബുവിന്റെ കാര്യത്തിൽ പിന്നെയും അല്പമെങ്കിലും വ്യത്യസ്തമായി ലാമ്യക്ക് തോന്നിയത്, ആദ്യക്കാഴ്ചയിൽ നിന്നും വിഭിന്നമായുള്ള രമേഷ് ബാബുവിന്റെ വസ്ത്രധാരണം മാത്രമാണ്. മരണവീടായത് കാരണമായിരിക്കാം സന്ദർഭോചിതമായി ടക്ക് ചെയ്യാതെ അലസമായി പുറത്തോട്ടിട്ട ഷർട്ടും അയഞ്ഞൊരു പാന്റുമായിരുന്നു അയാളുടെ വേഷം. എക്സോട്ടിക്ക് ബെൽറ്റ്ന്റെ മധ്യത്തിലായി സിൽവർ നിറത്തിലെ വൃത്തവും അതിനു മധ്യത്തിലെ കറുപ്പ് നിറത്തിലുള്ള സിംഹമുഖവും അവളുടെ ഓർമ്മയിൽ വന്നെങ്കിലും രമേഷ് ബാബുവിന്റെ പ്രത്യക്ഷ രൂപത്തിൽ അതൊന്നും കാണാനായില്ല. പുറത്തോട്ടഴിച്ചിട്ട ഷർട്ടിനുള്ളിൽ ഒളിഞ്ഞിരിക്കുന്നതാകാം. പിന്നെ അത്തരം ചിന്തകളൊക്കെ ഈ നിമിഷത്തിൽ അരോചകമാണെന്നവൾക്ക് സ്വയം തോന്നിയതിനാലാകാം അവൾ മനസ്സിനെ വഴി തിരിച്ചു വിട്ടു. അവൾക്ക് അയാളോട് ഒന്നും പറയാൻ തോന്നിയില്ല. അയാൾക്ക് അവളോടും. എന്നിട്ടും അടുത്ത 15 മിനിറ്റ് സമയത്തോളം അയാളും ഒപ്പം വന്നവനും വെറുതെയങ്ങനെ മിണ്ടാതിരുന്നു. അല്പം കഴിഞ്ഞപ്പോൾ അവൾക്ക് മൗനം ഭേദിക്കണമെന്ന് തോന്നി. അത് മര്യാദയാണെന്നും അയാളത് അർഹിക്കുന്നുണ്ടെന്നും അവൾ ചിന്തിച്ചു.
' ഒരു കണക്കിന് നിങ്ങൾ ചെയ്തത് വലിയൊരു ഉപകാരമാണ് ' - അവൾ പറഞ്ഞു.
കാര്യം മനസ്സിലാക്കാതെ അയാൾ മുഖത്തേക്ക് നോക്കി.
' നിങ്ങൾ പോയതിൽ പിന്നെ അച്ഛൻ വളരെയധികം ഹാപ്പിയായിരുന്നു. രോഗം വന്നതിൽ പിന്നെ അച്ഛനെ ഞാനിങ്ങനെ കണ്ടിട്ടേയില്ല. മരിക്കുമ്പോൾ പോലും എഴുത്തുപേന കയ്യിൽ വച്ച് മരിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതിനു കഴിഞ്ഞില്ലെങ്കിലും ഇനിയും വരികളെഴുതാനുള്ള അവസരം നൽകാമെന്നുള്ള പ്രതീക്ഷ നിങ്ങളെങ്കിലും അച്ഛന് കൊടുത്തല്ലോ. മരണംവരെയും ആ ഒരു പ്രതീക്ഷയുടെ സന്തോഷം അച്ഛനുണ്ടായിരുന്നല്ലോ.. താങ്ക്സ് '
നന്ദി പ്രകടനത്തോടെ അവൾ പൂർത്തീകരിച്ചു. അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞതായി അയാൾ ശ്രദ്ധിച്ചു. അയാൾക്കൊന്നും പറയാൻ തോന്നിയില്ല. ഒന്നും പറയാൻ കഴിഞ്ഞില്ല. ഒന്നോ രണ്ടോ മിനിറ്റ് കഴിഞ്ഞപ്പോൾ അയാൾ താനിരുന്നിരുന്ന കസേരയിൽ നിന്നെഴുന്നേറ്റു. എഡിറ്റർ രവീന്ദ്രനോടൊപ്പം മുറിവിട്ടിറങ്ങാൻ നേരം സഹതാപം വീണ കണ്ണുകളോടെ അയാൾ ലാമ്യയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു
'ലാമ്യയുടെ അച്ഛനെ പോയിട്ടൊള്ളൂ. അച്ഛന് തുല്യരായ ഞങ്ങളൊക്കെ ഇവിടെയുണ്ട്. വിജയൻ സർ മകളെ സിനിമയിൽ സെയ്ഫായി നിർത്താൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ ഉറപ്പായും ഞങ്ങളതിന് കൂടെ നിക്കും. ഇന്നുമുതൽ ലാമ്യ എനിക്കെന്റെ ഗുരുവിന്റെ മകൾ മാത്രമല്ല. എന്റെ തന്നെ മകളാണ്. ലാമ്യ ആഗ്രഹിച്ച പോലെ ഇൻഡസ്ട്രിയിലെത്താൻ ലാമ്യയേ ഞാൻ സഹായിക്കും '
- അയാൾ ആത്മാർത്ഥ ഭാവത്തിൽ പറഞ്ഞു.
അവൾക്കതൊരു കൈത്താങ്ങായി. ജീവിതം ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം പോലെ രമേഷ് ബാബു എന്ന വലിയൊരു മനുഷ്യൻ അവളുടെ സ്വപ്നത്തിന് തൊട്ടടുത്തായി നിൽക്കുന്നു. കടപ്പാടോടെ അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി. അയാൾ വരികൾ ഒന്നുകൂടി ആവർത്തിച്ചു
' അച്ഛനെ പോലെയല്ല. അച്ഛൻ. അങ്ങനെ തന്നെ കണ്ടോളൂ '
കത്തിച്ചുവെച്ച നിലവിളിക്കിനെ സാക്ഷിയാക്കിയാണ് അയാളത് പറഞ്ഞത്. ആ നിലവിളക്കിലെ വെളിച്ചത്തിന് അച്ഛന്റെ ആത്മാവിനോളം ചൈതന്യമുണ്ടെന്നവൾ വിശ്വസിച്ചു. ആ ചൈതന്യത്തെ സാക്ഷിയാക്കി അയാളത് പറയുമ്പോൾ അതൊരു വെറും വാക്കല്ലെന്നവൾക്ക് തോന്നി. അതിലൊരു സത്യമുണ്ടെന്നവൾ വിശ്വസിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി, വന്നുപോയ ഒരാൾക്ക് പോലും തരാൻ കഴിയാത്തത്ര സുരക്ഷിതത്വം അവൾക്കപ്പോൾ അനുഭവപ്പെട്ടു. രമേഷ് ബാബുവിന്റെ കണ്ണുകളിലെ കരുണയും സ്നേഹവും ആർദ്രതയും അതിരു കവിഞ്ഞ ഉത്തരവാദിത്വവും അവളെ കീഴ്പെടുത്തി. ഒരു വാക്കു കൊണ്ടാണയാൾ അവളുടെ മനസ്സിൽ അച്ഛനോളം സമാനമായ സ്ഥാനം കണ്ടെത്തിയത്. വൈകാരികതയുടെ മുമ്പിൽ അവൾ മുട്ടുകുത്തി. ആ നിമിഷത്തിൽ തുടർന്നുള്ള സംവേദനം കൃത്യമായി നടത്താൻ അയാൾക്ക് കഴിഞ്ഞില്ല.അയാളുടെ തൊണ്ട കുഴി ഗദ്ഗതപ്പെടുന്നുവെന്ന് ഒറ്റനോട്ടത്തിൽ അവൾക്ക് തോന്നി. ഒന്നും പറയാനാകാതെ എഡിറ്റർ രവീന്ദ്രനോടൊപ്പം രമേഷ് ബാബു മുറിയിൽ നിന്നും പൂർണമായും പുറത്തിറങ്ങി. തിരിയും വഴിയിക്കിടയിൽ തെന്നി മാറിയ ഷർട്ടിന്റ വിടവിനുള്ളിലൂടെ ഒരു മിന്നായം പോലെ അയാളുടെ അരപ്പട്ടയിലെ സിംഹമുഖം അവളെ ഒളികണ്ണിട്ട് നോക്കി. അങ്ങനെ നോക്കുന്നതായി അവൾക്ക് തോന്നി. എന്തുകൊണ്ടൊ? അപ്പോഴവൾക്ക് അതൊരു സിംഹമല്ല മറിച് അതൊരു പൂച്ചക്കുഞ്ഞിന്റെ രൂപം മാത്രമാണെന്ന ചിന്ത വന്നു. മൃദുലമായ ഹൃദയമുള്ള ഒരു പൂച്ച കുഞ്ഞിന്റെ രൂപം.
3.
രചന സംവിധാനം - വരുൺ ദാസ്.
അഭിനയിക്കുന്നത് - മെഗാസ്റ്റാർ രജനീഷ് സത്യ
രമേഷ് ബാബു ലാമ്യയെ വിളിച്ചു സിനിമയിലേക്ക് അസിസ്റ്റന്റ് ഡയറക്ടറാകാനുള്ള നല്ലൊരു ഓഫർ മുന്നോട്ടുവച്ചപ്പോൾ അവളാദ്യം ശ്രദ്ധിച്ച രണ്ടു പേരുകളാണ് വരുൺ ദാസും, രജനീഷ് സത്യയും. പേരെടുത്ത രണ്ടുപേരുള്ള സിനിമയിലേക്കാണ് അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യാൻ രമേഷ് ബാബു അവളെ വിളിച്ചത്. ഒരാൾക്ക് കൂടിയവിടെ സ്പെയ്സുണ്ടായിട്ടല്ല. കെ ആർ വിജയന്റെ മകൾക്ക് വേണ്ടി രമേഷ് ബാബുവത് പ്രത്യേകമായി ചോദിച്ചു വാങ്ങിയതാണ്. എന്തിനു വേണ്ടെന്നു പറയണം. കിട്ടിയത് നല്ലൊരു അവസരമാണ്. പോരാത്തതിന് രമേഷ് ബാബുവാണ് ആ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ. ഉള്ളത് പറഞ്ഞാൽ അത് അവൾക്കൊരു വലിയ ബലമാണ്. ഒരു അച്ഛന്റെ ഉത്തരവാദിത്വം അയാൾ തനിക്കുമേൽ സൂക്ഷിക്കുമെന്ന് അവൾക്കുറപ്പാണ്. കത്തുന്ന നിലവിളിക്കിനെ സാക്ഷിയാക്കി അയാൾ അവൾക്ക് നൽകിയ ഉറപ്പാണത്. അയാൾ മാന്യനാണ്. അന്ന് കണ്ടുപിരിഞ്ഞതിൽ പിന്നെ ഒരു ഫോൺവിളികൊണ്ടൊ മെസ്സേജ് കൊണ്ടൊ പോലും രമേഷ് ബാബു അവളെ അസ്വസ്ഥതപ്പെടുത്തിയിട്ടില്ല. പക്ഷേ കൃത്യമായ ഒരവസരം വന്നപ്പോൾ അയാൾ അവളെ ഓർത്തെടുത്തു. അവൾക്കുവേണ്ടി അവസരം ചോദിച്ചു വാങ്ങി. ഇല്ലാത്തൊരു സ്പേസിലേക്ക് അവൾക്ക് കൂടി കടന്നു കയറാനുള്ള ഗ്യാപ്പ് കണ്ടെത്തി. ഒപ്പം ചേരുവാനായി അവളെ വിളിച്ചു. അതായത് സ്നേഹവും ഉത്തരവാദിത്വവും അയാളുടെ ഹൃദയത്തിലുണ്ട്. അവസരം വരുമ്പോൾ അയാളത് പ്രകടിപ്പിക്കുന്നു. കെ ആർ വിജയന്റെ അക്ഷരങ്ങളോടുള്ള ആരാധനയാണ് അയാളെ അങ്ങനെയാക്കി മാറ്റിയതെന്നവൾ ചിന്തിച്ചു. സിനിമയിലെത്തണമെന്ന് ആഗ്രഹിച്ച താൻ, തന്റെ ആഗ്രഹം നടക്കണമെന്ന് പ്രാർത്ഥിച്ച അച്ഛൻ - രണ്ടുപേരുടെ സ്വപ്നത്തിനാണ് രമേഷ് ബാബു കൂട്ടുനിൽക്കുന്നത്. എല്ലാത്തിനും അയാൾ ഒരു നിമിത്തമാണ്. അവൾ അങ്ങനെ തന്നെ വിശ്വസിച്ചു. സന്തോഷത്തോടെ അവൾ വരാമെന്ന് ഏറ്റു. പ്രത്യേകിച്ചാരോടും അനുവാദം ചോദിക്കാനില്ലായിരുന്നു. അച്ഛന്റെ അടിയന്തരം കഴിഞ്ഞതിൽ പിന്നെ അവൾ അല്ലറ ചില്ലറ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്കുകളെല്ലാം ഫ്രീലാൻസായി ഏറ്റെടുത്താണ് സ്വയം ചിലവ് നോക്കുന്നത്. ഒപ്പം പഠിത്തവും. പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ എല്ലാത്തരം അവകാശങ്ങളും അവൾ സ്വയം ഏറ്റെടുത്തു. ഏതായാലും അങ്ങനെയാണ് ലാമ്യ വരുൺ ദാസിന്റെ 'ഉന്മാദം' എന്ന സിനിമയുടെ ഭാഗമാകുന്നത്. വളരെ മുൻപേ തന്നെ പ്രീ പ്രൊഡക്ഷനെല്ലാം കഴിഞ്ഞത് കാരണം അതിന്റെയൊന്നും ഭാഗമാകാൻ അവൾക്കായില്ല. സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് തലേ ദിവസം മുൻപ് മാത്രമാണ് അവളാ വർക്കിൽ ജോയിൻ ചെയ്യുന്നത്. ലൊക്കേഷൻ തൃശ്ശൂറാണ്. താമസം അയ്യന്തോളിനടുത്തുള്ള ഫ്ലാറ്റിലും. ഒരു മാസത്തേക്കുള്ള ലഗേജുമായി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വന്നിറങ്ങിയതും രമേശ് ബാബു അയ്യന്തോളെത്താനുള്ള സൗകര്യാർത്ഥം അവൾക്കൊരു കാർ എത്തിച്ചു. രമേഷ് ബാബു ഏർപ്പാടാക്കിയ അപരിചിതനായ ആ ഡ്രൈവറുടെ കൂടെയാണ് അവൾ അയ്യന്തോളിലെ ഫ്ലാറ്റിൽ ചെന്നിറങ്ങിയത്. ടെക്നീഷ്യൻസെല്ലാം അവിടെയാണ് താമസം. ചെന്നിറങ്ങിയ സമയത്ത് രമേശ് ബാബുവും ഒപ്പമുള്ള മറ്റൊരു അസോസിയേറ്റ് ഡയറക്ടർ അനൂപ് കൂവളംപറമ്പിലും സംവിധായകൻ വരുണും പ്രൊഡക്ഷൻ കൺട്രോളറും അവിടെയില്ലായിരുന്നു. ലൊക്കേഷൻ തിരഞ്ഞു പോയതാണ്. എങ്കിലും
'ഹാവ് യൂ റീച്ഡ് സെയ്ഫ്ലി?'
എന്ന രമേഷ് ബാബുവിന്റെ മെസ്സേജ് അവളെ തേടിയെത്തി.
'യെസ് റീച്ഡ് സെയ്ഫിലി ' - എന്നവൾ മറുപടി നൽകി.
' തിരക്ക് കഴിഞ്ഞു കാണാം ' - അയാൾ തിരിച്ചും പറഞ്ഞു. അതോടെ അവൾ ഫോൺ സൈലന്റ് മോഡിലേക്ക് മാറ്റി.
കെ ആർ വിജയന്റെ മകൾക്കുള്ള പ്രത്യേക പരിഗണന, ചുറ്റുമുള്ളവരുടെ മാന്യമായ സംസാരം, താമസിക്കാൻ സൗകര്യമുള്ള മുറി, അച്ഛന്റെ സംരക്ഷണം തരുന്ന ഒരാൾ - അവൾ തൃപ്തയായിരുന്നു. അന്നത്തെ പകൽ മൊത്തം തിരക്കുകളായിരുന്നു.
ഒരു സംവിധായകൻ.
അയാൾക്ക് കീഴിൽ രണ്ട് അസോസിയേറ്റുകൾ.
അവർക്ക് കീഴിലായി അഞ്ചോളം അസിസ്റ്റന്റുകൾ.
അതിൽ ഒരാളായി താനും.
സ്ക്രിപ്റ്റ് തിരുത്തി എഴുതണം, സ്ക്രിപ്റ്റ് പകർത്തണം, കോസ്റ്റ്യുമിന്റെ കണ്ടിന്യുറ്റി തിരിച്ചറിയാൻ പാകത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം നോട്ട് ചെയ്യണം. അങ്ങനെ പരിപാടികൾ ഒരുപാടുണ്ടായിരുന്നു. സിംഹത്തെ അരപ്പട്ടയായി ചുറ്റി നടക്കുന്ന പൂച്ചകുഞ്ഞു ഹൃദയമുള്ള മനുഷ്യൻ ഏതുനിമിഷവും കയറി വരുമെന്ന പ്രതീക്ഷയിൽ തിരക്കുകൾക്കിടയിലും അവൾ പലപ്പോഴും ഫ്ലാറ്റിന്റെ മുൻവശത്തെ ഡോറിലേക്ക് നോക്കി. അപ്പോഴൊന്നും അയാൾ കടന്നു വന്നില്ല. നേരം രാത്രി പത്തരയോടടുത്തപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാത്ത പോലെ തികച്ചും അപ്രതീക്ഷിതമായി
'ലാമ്യ ഹാപ്പിയല്ലേ?' - എന്ന ചോദ്യത്തോടെ ഫ്ലാറ്റിനുള്ളിലേക്ക് രമേഷ് ബാബുവും സംഘവും കയറി വന്നത്.
'ഹ്മ്മ്' - അവൾ സന്തോഷത്തോടെയാണ് മൂളിയത്.
അയാളെ കണ്ടപ്പോഴും സംവിധായകൻ വരുണിനെ കണ്ടപ്പോഴും ഒപ്പമുള്ളവരെ പരിചയപ്പെട്ടപ്പോഴും അവൾക്ക് സന്തോഷം ഇരട്ടിച്ചു. കെ ആർ വിജയന്റെ മകളെ നേരിൽ കാണുമ്പോൾ കെ ആർ വിജയന്റെ വരികൾ പാടാതിരിക്കുന്നതെങ്ങനെയെന്നും പറഞ്ഞാണ്
പ്രിയസഖി പ്രണയദേവതേ..
പ്രിയസഖി പ്രണയദേവതേ..
നിൻ ചൊടിയിൽ വിടരും
മന്ദഹാസ മലർ
നിൻ ചൊടിയിൽ വിടരും മന്ദഹാസ മലർ..
കാണുമ്പോൾ എൻ മനം കുളിരണിയുന്നു..
എന്ന വരികൾ രമേഷ് ബാബു ഒരിക്കൽ കൂടി ആവർത്തിക്കുന്നത്. അതും മധുരമായ ശബ്ദത്തിൽ അതിമധുരമായ ഈണത്തിൽ. തൊഴിലിടത്തിൽ അച്ഛന്റെ വരികൾ സാമീപ്യമായി നിൽക്കുന്നുവെന്ന തോന്നലവളെ ആനന്ദിപ്പിച്ചു. കെ ആർ വിജയന്റെ മരണത്തിൽ സംവിധായകൻ വരുൺ സങ്കടം അറിയിച്ചു. വിജയൻ സാറിന്റെ മകൾക്ക് ഒരു കുറവുമവിടെ വന്നു കൂടായെന്ന് പ്രൊഡക്ഷൻ കൺട്രോളറോട് പ്രത്യേകം സൂചിപ്പിച്ചു. തനിക്ക് കിട്ടുന്ന ആദരവിലും പരിഗണനയിലും ലാമ്യ രമേഷ് ബാബുവിനെ നന്ദിയോടെ നോക്കി.
ആ രാത്രിയിൽ എല്ലാവരും ഒന്നിച്ചാണ് ഭക്ഷണം കഴിച്ചത്.നാളത്തെ ഷൂട്ടിനുള്ള ചർച്ചകളും ഒന്നിച്ചാണ് നടന്നത്. സമയം 12 മണിയോടടുത്തപ്പോൾ തിരക്കുകളൊഴിഞ്ഞു നടു നിവർത്താൻ പാകമായ സന്തോഷത്തിൽ എല്ലാവരും അവനവന്റെ ഫ്ലാറ്റ് മുറിയിലേക്ക് കിടക്കാൻ പോയി. ലാമ്യക്ക് രമേഷ് ബാബുവിനോട് എന്തോ ഒന്ന് പറയാനുണ്ടായിരുന്നു. അതുകൊണ്ട് മാത്രം അവൾ ഹാളിലെ സോഫയിൽ നിന്നുമെഴുന്നേറ്റില്ല. അവൾക്കെന്തോ പറയാനുണ്ട് എന്ന തിരിച്ചറിവിൽ അയാളുമെഴുന്നേറ്റില്ല. അവർ മാത്രമുള്ള ആ ഇരുത്തത്തിൽ ലാമ്യ അയാളോട് മാത്രമായി അയാൾ മാത്രം കേൾക്കും വിധത്തിൽ പറഞ്ഞു തുടങ്ങി
'എന്റച്ചന്റെ സംഗീതം പകർന്ന വരികൾ മാത്രമേ നിങ്ങളൊക്കെ അറിഞ്ഞിട്ടൊള്ളൂ.. അല്ലാത്ത വരികൾ നിങളാരും കണ്ടിട്ടില്ല. സംഗീതത്തോട് വല്ലാത്ത ഭ്രമവും പ്രണയവുമായിരുന്നു അച്ഛന്. പുറംലോകം കാണാത്ത അഞ്ഞൂറിലേറെ പാട്ടുകളാണ് അച്ഛൻ വെറുതെയിരുന്നു കുത്തികുറിച്ചത്. അതൊന്നും അച്ഛൻ മറ്റാർക്കും വേണ്ടി എഴുതിയതല്ല. അച്ഛന്റെ മനസ്സിനെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം എഴുതിയതാണ്. സത്യത്തിൽ അതാണ് അച്ഛന്റെ യഥാർത്ഥ എഴുത്തുകൾ. ഈ ലോകം മുഴുവൻ ആ വരികൾക്ക് മുമ്പിൽ മുട്ട് കുത്തി പോകും. സ്കാഷ്ടാംഗം പ്രണമിക്കും. അത്രയ്ക്ക് ശക്തിയുണ്ട് അതിലെ ഓരോ വരികൾക്കും. എനിക്കതെല്ലാം പുറംലോകത്തെത്തിക്കണം അങ്കിൾ. ഏറ്റവും മനോഹരമായ വിശ്വൽസിലൂടെ ആ പാട്ട് എല്ലാ ജനങ്ങളുടെയും മനസ്സിലേക്കുമെത്തിക്കണം. അച്ഛനുള്ള കാലത്തും ഞാനതാണ് ആഗ്രഹിച്ചത്. ഇപ്പോഴും അതാണ് ആഗ്രഹിക്കുന്നത്. ഉള്ളത് പറഞ്ഞാൽ അതെല്ലാം അച്ഛനെ നേരിൽ കാണിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. സൂക്കേട് വന്നു കിടക്കുന്ന കാലത്ത് തന്റെ ഒരു വരിയെങ്കിലും സിനിമയിൽ വന്നാൽ മതിയെന്ന് പ്രാർത്ഥിച്ച അച്ഛനു മുൻപിൽ അഞ്ഞൂറ് പാട്ടുകൾക്കും ജീവൻ നൽകാൻ ഞാനൊരുപാട് ആഗ്രഹിച്ചു. അതിന് എനിക്ക് സംവിധാനം പഠിക്കണമെന്നുണ്ടായിരുന്നു. ഇന്ന് അച്ഛനില്ലെങ്കിലും അച്ഛന്റെ വരികൾ ലോകത്തിനു മുമ്പിൽ എത്തിക്കണം. ആ വരികൾക്ക് വേണ്ടി മാത്രമായി എനിക്കോരോരോ സിനിമകൾ ചെയ്യണം. ആ സിനിമകളിലൂടെ ആ വരികളുടെ അർത്ഥം ജനങ്ങൾ ഉൾക്കൊണ്ടതിൽ ലയിക്കുമ്പോൾ എന്റെ അച്ഛന്റെ ആത്മാവ് സന്തോഷിക്കണം. അതാണ് എന്റെ ആഗ്രഹം. അതുമാത്രം. അങ്കിളിനറിയാമോ ? എന്റെ എന്റെ സ്വപ്നത്തിലേക്കുള്ള വാതിൽ തുറന്നു തന്ന മനുഷ്യനാണ് നിങ്ങൾ. ആ കടപ്പാട് എന്റെയുള്ളിൽ അങ്കിളിനോടെപ്പോഴുമുണ്ട്.'
ലാമ്യയുടെ കണ്ണുകൾ നിറഞ്ഞു. നിറഞ്ഞ കണ്ണുകളിൽ കടപ്പാട് തളം കെട്ടി നിന്നു. അതെല്ലാം കേട്ടിരുന്നു എന്നല്ലാതെ അയാൾ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. അവൾ പിന്നെയും കഥകൾ പറഞ്ഞു. അമ്മയുടെ ഓർമ്മകൾ, അച്ഛന്റെ ഓർമ്മകൾ, തന്റെ സ്വപ്നങ്ങൾ തുടങ്ങിയ എല്ലാം ആ കഥകളുടെ ഭാഗമായി വന്നു. 20 വയസ്സുകാരിയുടെ ആവേശത്തോടെ പക്വമായും ചിലപ്പോഴൊക്കെ അപക്വമായും അവൾ വാതോരാതെ സംസാരിച്ചു. അയാൾ അതൊക്കെയും കേട്ടിരുന്നു. അയാൾ നല്ലൊരു മനുഷ്യൻ മാത്രമല്ല നല്ലൊരു കേൾവിക്കാരൻ കൂടിയാണെന്ന് അവൾക്ക് തോന്നി. അങ്ങനെ കുറെയങ് സംസാരിച്ചു കഴിഞ്ഞപ്പോഴാണ് സമയം ഒന്നരയായെന്നും നാളെ കൃത്യം ആറുമണിക്ക്, ലൊക്കേഷനിലേക്ക് പോകാനുള്ള വണ്ടി തങ്ങൾക്കായി ഫ്ലാറ്റിന് താഴെ വന്ന് നിൽക്കുമെന്നും അവളോർത്തത്. അങ്ങനെയാണ്
'അയ്യോ സോറി.. അങ്കിൾ പോയി കിടന്നോളൂ '
എന്നും പറഞ് അവളാ സംസാരം അവസാനിപ്പിച്ചത്.സ്നേഹത്തിന്റെ ഭാഷയിലാണ് അയാളപ്പോൾ അവളുടെ കണ്ണുകളിൽ നോക്കിയതെന്ന് അവൾക്ക് തോന്നി.
മേശപ്പുറത്തു നിരന്നു കിടക്കുന്ന പേപ്പറുകൾ അടുക്കി പെറുക്കി വെച്ചിട്ട് വേണം കിടക്കാനെന്ന് കരുതി ഇരുന്ന സോഫയിൽ നിന്നെഴുന്നേറ്റു നേരെ മേശക്കടുത്തേക്ക് നടക്കുന്നതിനിടയിൽ അവൾ ഔപചാരികമായി അയാളോട് പറഞ്ഞു
'ഗുഡ്നൈറ്റ് '
രമേഷ് ബാബു അതിന് തിരിച്ചു മറുപടി നൽകിയോ എന്നത് അവൾ ഓർക്കുന്നില്ല. അയാളയാളുടെ മുറിയിലേക്കു നടന്നുപോയെന്ന് മാത്രം അവൾ ഓർക്കുന്നുണ്ട് . അത്രമാത്രം. പേപ്പറുകൾ അടുക്കി പെറുക്കി വയ്ക്കുന്നതിനിടയിൽ
'ലാമ്യ ' - എന്ന അയാളുടെ ശബ്ദം താഴ്ത്തിയവിളി കേട്ടിട്ട് മാത്രമാണ് അവൾ അയാളുടെ മുറിയിലേക്ക് നോക്കിയത്. ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചു മാറ്റുന്നതിനിടയിൽ അയാൾ ഒച്ച താഴ്ത്തിയാണ്
'ഒന്ന് വന്നേ. ഒരു കാര്യം പറയാനുണ്ട്' എന്ന് പറഞ്ഞത്.
എന്താണ് കാര്യമെന്നറിയാൻ അവൾ രമേഷ് ബാബുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു. അയാൾ ഷർട്ടുകൾ അഴിച്ചു മാറ്റുകയും, വിരിഞ്ഞ നെഞ്ചിലെ രോമങ്ങൾ അനാവൃതമാക്കുകയും ചെയ്തുകൊണ്ട് അവളുടെ വരവിനായി കാത്തു നിന്നു . അരക്ക് കീപ്പോട്ട് ഒട്ടും വീതിയില്ലാത്ത അയാളുടെ ഇടുപ്പിൽ പറ്റിച്ചേർന്ന് കിടക്കുന്ന ലെദർ ബെൽറ്റ്ലെ സിംഹമുഖം അവളെ നോക്കി. മുറിയിലേക്ക് നടന്നു കയറിയ അവളാ സിംഹമുഖം ശ്രദ്ധിക്കാതെ പോയില്ല. അയാൾ ഇടുന്ന വസ്ത്രത്തിന്റെ മാത്രമല്ല അയാളുടെ ഹൃദയത്തിന്റെയും കേന്ദ്രബിന്ദുവാണ് ആ സിംഹമുഖമെന്നും വാസ്തവത്തിൽ അതിനുപകരം അയാൾക്ക് യോജിക്കുക ഒരു കുഞ്ഞു പൂച്ചക്കുട്ടിയുടെ തലയാണെന്നും അവൾ മനസ്സുകൊണ്ട് വെറുതെ വിചാരിച്ചു. കൂടുതലായി എന്തെങ്കിലും ചിന്തിച്ചു വരുമ്പോഴാണ് മുറിയിൽ കയറിയ അവളുടെ ഷോൾഡറിലേക്ക് അയാളുടെ കൈകൾ വന്നു വീണത്. ഒന്നും ഞെട്ടാനോ പതറാനോ സമയം കിട്ടുന്നതിനു മുൻപേ
'വാ ഇന്നെന്റെ കൂടെ ഇവിടെ കിടക്കാം ' - എന്നയാൾ പറഞ്ഞു.
ലാമ്യ ഞെട്ടിയോ?
ലാമ്യ തകർന്നോ?
ലാമ്യ തളർന്നോ?
അറിയില്ല. പക്ഷെ അപ്പോഴയാളുടെ കണ്ണുകളിൽ അനുതാപം ഉണ്ടായിരുന്നില്ല. ഗുരുവിന്റെ മകളോടുള്ള സ്നേഹമോ, ഒരു അച്ഛന് മകളോടുള്ള സ്നേഹമോ പ്രകടമായില്ല. മറിച് അയാളുടെ അരപ്പട്ടയിലെ സിംഹമുഖം അയാളിലേക്ക് മൊത്തത്തിൽ പടർന്നു. അയാളുടെ കണ്ണുകളിൽ ഇര പിടിക്കാൻ പോകുന്ന ഒരു വേട്ട മൃഗത്തിന്റെ പ്രതിച്ഛായ ഉണർന്നു. ഈ ലോകത്തെ ഏറ്റവും വൃത്തികെട്ടവനായ, ആഭാസനായ ഒരുവന്റെ രൂപം ഉണർന്നു. അയാൾ മൊത്തമായി ഒരു സിംഹരൂപമെടുത്തു. കെ ആർ വിജയന്റെ മകൾക്ക് വേണ്ടി രമേഷ് ബാബു പ്രത്യേകമായി ചോദിച്ചു വാങ്ങിയ തൊഴിലവസരം എന്തിന് വേണ്ടിയായിരുന്നെന്നവൾ തിരിച്ചറിഞ്ഞു.
ആദ്യത്തെ അനുഭവം, ആദ്യത്തെ അപ്രതീക്ഷിത സംഭവം - ഇരയുടെ കണ്ണുകൾ ദയനീയമായി. അപ്പുറത്തും ഇപ്പുറത്തുമുള്ള മുറികളിൽ, ഒന്ന് ഉച്ചത്തിൽ അലറിയാൽ കേൾക്കാൻ പാകത്തിനുള്ള മനുഷ്യർ ഉണ്ടായിട്ടും ഇരക്ക് അലറാൻ കഴിയില്ല. ഇര അയാളുടെ കണ്ണുകളിൽ 'തന്റെ അച്ഛനെ പരതി'.
'അച്ഛനെ പോലെയല്ല. അച്ഛൻ. അങ്ങനെ തന്നെ കണ്ടോളൂ'
എന്ന് പറഞ്ഞ കരുണാമയനായ മനുഷ്യനെ തിരഞ്ഞു. തന്റെ സ്വപ്നങ്ങളെ കൈയെത്തിപ്പിടിക്കാൻ സഹായിക്കുന്ന അയാളുടെ ഉള്ളിലെ സ്നേഹമയിയായ അച്ഛനെ തിരഞ്ഞു. ഇരക്ക് ഒരു തരിമ്പ് പോലും അങ്ങനെയൊരു മനുഷ്യനെ കണ്ടെത്താനായില്ല. അയാൾ കൂടുതലായി എന്തെങ്കിലും പറയും മുൻപേ ഇര ആ മുറിവിട്ടിറങ്ങി ഓടി.
ലാമ്യ തകർന്നിരിക്കാം.
ലാമ്യ തളർന്നിരിക്കാം.
ഇരക്കുണ്ടായ ആഘാതമോ വേദനയോ വിശ്വാസലംഘനമോ വേട്ടക്കാരനെ ബാധിച്ചില്ല. വേട്ടക്കാരൻ അപ്പോൾ അച്ഛൻ ആയിരുന്നില്ല. ഗുരുഭക്തിയുള്ള ശിഷ്യനുമായിരുന്നില്ല. വേട്ടക്കാരൻ വെറുമൊരു 'വേട്ടക്കാരൻ' മാത്രമായിരുന്നു. ഇര കൈയിൽനിന്ന് വഴുതി പോയതിന്റെയും അപമാനിതനായതിന്റെയും അമർഷത്തോടെ വേട്ടക്കാരൻ മുരണ്ടു - കരുത്തനായ ഒരു സിംഹത്തിന്റെ ശബ്ദത്തിൽ.
4.
വെളുപ്പിന് നാല് മണിക്കുള്ള ബസ്സിനാണ് ലാമ്യ തിരിച്ച് നാട്ടിലേക്ക് ബസ് കയറിയത്. ഫ്ലാറ്റിൽ നിന്ന് ഇറങ്ങുമ്പോൾ ആരോടും പറയണമെന്ന് തോന്നിയില്ല. ഒന്നു രക്ഷപ്പെട്ടാൽ മതിയായിരുന്നു എന്ന വെപ്രാളത്തോടെയാണ് ലഗേജും എടുത്ത് ഇറങ്ങി ഓടിയത്. ഒരു മാസം നിൽക്കാൻ വന്നവൾ ഒരു ദിവസം പോലും മുഴുമിപ്പിച്ചില്ല. ഇറങ്ങുന്ന വഴി സെക്യൂരിറ്റിയോട് പറഞ്ഞേൽപ്പിച്ചു താൻ പോയെന്ന കാര്യം ഫ്ലാറ്റിൽ ഉള്ളവർ ഉണർന്നാൽ അറിയിക്കണമെന്ന്. നേരമിപ്പോൾ ആറു മണിയോടടുക്കുന്നു. അയാൾ അറിയിച്ചിട്ടുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് അവൾ ഊഹിച്ചു. ഊഹം തെറ്റിയില്ല.
'ലാമ്യ. തെറ്റ് പറ്റി പോയി. സോറി. അപ്പോഴത്തെ അവസ്ഥയിൽ സംഭവിച്ചതാണ്. ലാമ്യ തിരിച്ചു വരണം. ഇനിയെന്റെ ഭാഗത്തു നിന്ന് അങ്ങനൊന്നും ഉണ്ടാവില്ല. ഒരു സഹോദരൻ സഹോദരിയേ എങ്ങനെ കാണുന്നോ അതുപോലെ ഞാൻ ലാമ്യയെ കാണും. പ്ലീസ് ലാമ്യ'
അയാളുടെ മെസ്സേജ് വായിച്ചപ്പോൾ അവൾക്ക് ചിരി വന്നു. ഗുരുവിന്റെ മകൾ, അച്ഛൻ, സഹോദരൻ - അയാൾ മെനഞ്ഞെടുത്ത സ്ഥാനങ്ങളോർത്ത് കൂടുതൽ ചിരി വന്നു.
ഒന്നുമില്ല.
പെണ്ണ്.
അത്രതന്നെ.
അവൾ മനസ്സിനെ തണുപ്പിക്കാനാഗ്രഹിച്ച് മെസ്സേജ് ബോക്സ് മിനിമൈസ് ചെയ്യുകയും തന്റെ സോങ് കളക്ഷനുകളിൽ നിന്ന് മനോഹരമായ
പ്രിയസഖി പ്രണയദേവതേ..
പ്രിയസഖി പ്രണയദേവതേ..
നിൻ ചൊടിയിൽ വിടരും
മന്ദഹാസ മലർ
നിൻ ചൊടിയിൽ വിടരും മന്ദഹാസ മലർ..
കാണുമ്പോൾ എൻ മനം കുളിരണിയുന്നു..
എന്ന ഗാനം സെലക്ട് ചെയ്യുകയും ഹെഡ്ഫോൺ വഴി അത് കേൾക്കുകയും ചെയ്തു. കെ ആർ വിജയന്റെ സാന്നിധ്യം അവളാ വരികളിലവളനുഭവിച്ചു. അച്ഛനാവാൻ അച്ഛന് മാത്രമേ കഴിയൂ എന്നവൾ തിരിച്ചറിഞ്ഞു . ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടുമേ ബന്ധമില്ലാത്ത പഴയ ഒരു കുട്ടിക്കഥ പെട്ടന്നവൾക്കോർമ്മ വന്നു. അത്യാഗ്രഹിയായ ഒരു സിംഹത്തിന്റെ കഥ. വിശപ്പ് മാറാനായി മുയലിനെ പിടിച്ച സിംഹം അതിനെ ഉപേക്ഷിച്ച് വലിയവനായ മാനിന്റെ പുറകെ ഓടിയ കഥ. മാൻ ഓടി രക്ഷപ്പെട്ടു. എന്നാലിനി മുയല്ലെങ്കിൽ മുയലെന്നു കരുതി തിരിച്ചുവന്നപ്പോൾ മുയലും രക്ഷപ്പെട്ടിരുന്നു. സിംഹം ഒരു നിമിഷത്തേക്ക് സ്വയം പഴിച്ചിരിക്കാം. എന്നു കരുതി സിംഹം വേട്ടയാടാതിരിക്കുമോ. മുഴുത്തതെന്ന് തോന്നുന്നതിനെയെല്ലാം സിംഹം വേട്ടയാടാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. സിംഹത്തിന് വിശപ്പാണ് വലുത്. ആർത്തിയും. വൈദഗ്ദ്യമുള്ള ഇരകളെല്ലാം രക്ഷപ്പെട്ടു. അല്ലാത്തവർ അകപ്പെട്ടു. സിംഹം പിന്നെയും വേട്ടയാടി. അങ്ങനെ അതൊരു ആവർത്തനമായി. കഥയോർത്ത് അവൾ പുഞ്ചിരിച്ചു. ആ പുഞ്ചിരിയുടെ അർത്ഥം അവൾക്കു മാത്രമായിരിക്കും അറിയുക.
പ്രിയസഖി പ്രണയദേവതേ..
പ്രിയസഖി പ്രണയദേവതേ..
ഗാനം അവസാനിച്ചു. ഇനിയൊരു ഗാനവും കേൾക്കാനുള്ള മാനസികാവസ്ഥ അവൾക്കില്ല. വിൻഡോ സീറ്റിലിരിക്കുന്ന അവൾ
അലസതയോടെ ഫേസ്ബുക്ക് തുറന്നു ചുമ്മാ സ്ക്രോൾ ചെയ്തു തുടങ്ങി. അതിനിടയിൽ അവളുടെ ശ്രദ്ധ ഒരു വാർത്തയിലുടക്കി. കേൾക്കാനും കാണാനും ഇഷ്ടപ്പെടാത്ത ഒരു വാർത്തയിൽ.
'സാജിദ് ഖാനെതിരെ മീറ്റൂ വെളിപ്പെടുത്തലുമായി സലോനി ചോപ്ര'
ഒരു വിറയലോടെ പെട്ടന്നവൾ രമേഷ് ബാബുവിനെ ഓർത്തു. ശരീരം മുഴുവൻ വ്യാപിച്ച സിംഹമുഖമുള്ള ഒട്ടും പൂച്ചക്കുഞ്ഞല്ലാത്ത അയാളെ ഓർത്ത് അവൾ വിറങ്ങലിച്ചു. അയാളോളം തന്നെ ശരീരം മൊത്തം സിംഹമുഖം ബാധിച്ച പൂച്ചക്കുഞ്ഞല്ലാത്ത ഹൃദയമുള്ള സാജിദ് ഖാനെ അവൾ സങ്കല്പിച്ചു. സാജിദ് ഖാനിൽ നിന്നുള്ള ആ സങ്കല്പം പതിയെ പതിയെ പടർന്നുപന്തലിച്ചു. ഒന്നിൽ നിന്ന് രണ്ടായി. രണ്ടിൽ നിന്ന് നാലായി. അത് എട്ടായി. അതെങ്ങനെ പടർന്നു പന്തലിച്ചു അനേകായിരം പുരുഷന്മാരായി - അവളുടെ സങ്കല്പത്തിൽ എല്ലാവർക്കും ഒരേ രൂപമായി. ഒരേ ഭാവവും . പിന്നൊരൊറ്റ പേരും
അരപ്പട്ട കെട്ടിയ ആണുങ്ങൾ!
------
അനു ചന്ദ്ര
1993 മെയ് 17ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് പുല്ലഞ്ചേരിയിൽ ജനനം. സിനിമ-സീരിയൽ തിരക്കഥാകൃത്തും നോവലിസ്റ്റുമായ സി.ആർ ചന്ദ്രന്റെയും , സൈഫുന്നീസയുടെയും മകളാണ്. സ്വതന്ത്ര മാധ്യമപ്രവർത്തകയായി പ്രവർത്തിക്കുന്ന അനുചന്ദ്ര സിനിമ നിരൂപക കൂടിയാണ്. ആന്തോളജി ചിത്രമായ ആമുഖങ്ങൾ എന്ന സിനിമയിൽ സഹ എഴുത്തുകാരിയായി പ്രവർത്തിച്ചിട്ടുണ്ട്.
സഹോദരി : അമ്പിളി ചന്ദ്ര
മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ :
ന്റുപ്പാന്റെ പേര് (ചെറുകഥ )
എട്ട് (നോവൽ )
ജൂനിയർ ചാപ്ലിൻ ( ബാലസാഹിത്യം )
അംഗീകാരങ്ങൾ : റോട്ടറി ക്ലബ് വൊക്കേഷണൽ എക്സലൻസ് അവാർഡ് -2018, അയ്യപ്പപണിക്കർ പുരസ്‌കാരം, കെ.എൻ. രാജലക്ഷ്മി ടീച്ചർ മെമ്മോറിയൽ ചിൽഡ്രൻസ് ലിറ്ററേച്ചർ അവാർഡ് -2023