വേഗത്തിൽ അടുക്കളയിലെ ജോലി ചെയ്തു തീർത്ത് അവൾ നേഴ്സ് യൂണിഫോം എടുത്തണിഞ്ഞു. പണ്ടൊക്കെ ജോലിയ്ക്ക് പോകുമ്പോൾ മക്കൾ അമ്മയ്ക്കൊപ്പം ജോലിയ്ക്ക് പോകാനും സൂചി കൊണ്ട് എല്ലാവർക്കും മരുന്നുകൾ നൽകാനും കരഞ്ഞു വാശി പിടിച്ചിരുന്നു. അമ്മയെ മിസ്സ് ചെയ്യാൻ അവർ തയ്യാറല്ലായിരുന്നു.മക്കൾ ഉണ്ടായതിന് ശേഷം രാത്രിയാണ് ജോലിയ്ക്ക് പോയിരുന്നത്.രാവിലെ താൻ ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോൾ, ഉണർന്ന് ജനൽ വഴി ആദ്യം സന്തോഷം പ്രകടിപ്പിച്ചതിന് ശേഷം കസേര വലിച്ചിട്ട് വാതിൽ തുറന്ന് തന്നിരുന്നതും അവരാണ്. എന്നാലിന്ന് അമ്മ ജോലിയ്ക്ക് പോകുന്നതുപോലും അറിയാതെ അവരുടെ ശരീരവും മനസ്സും വളർന്നുകൊണ്ടിരിക്കുന്നു.
വളരും തോറും അവർ തന്നിൽ നിന്നും അകന്ന് കൊണ്ടിരിക്കുന്നു. അതല്ലേ ശരിക്കും വേണ്ടതും. ഇത്തിൾ ആക്കാനല്ല, സ്വയം വേരുറപ്പിച്ചു പടരാനാണ് അവരെ താൻ വളർത്തുന്നത്. എന്നാലും അവർ ഒരുപാട് വളരേണ്ടിയിരുന്നില്ലായെന്ന് ഓർത്തുകൊണ്ട് അവൾ ഭർത്താവിനെ തിരഞ്ഞു.
ജോലിക്കിടയിൽ കഴിക്കാൻ ഭക്ഷണം നിറയ്ക്കുമ്പോൾ, വീട്ടിലെ ജോലികൾ തീർത്തതിന്റെ സംതൃപ്തിയുണ്ടെങ്കിലും, വാർഡിലെ രോഗികൾക്ക് നല്ല ഉറക്കം ലഭിക്കട്ടെയെന്ന് അവൾ പ്രാത്ഥിച്ചുകൊണ്ടിരുന്നു.പണ്ട് സ്നാക്ക്സ് ബാഗിൽ നിറയ്ക്കുമ്പോൾ കുട്ടികൾ ഓടി വന്ന് അതിൽ നിന്നും തട്ടിപറിച്ച് ഓടുമായിരുന്നത് പെട്ടന്ന് അവളുടെ മനസ്സിൽ വന്നു.ഇപ്പോൾ മൂന്ന് പേരും അവരവരുടെ മുറിയിൽ തങ്ങളുടെ ലോകത്തിൽ ആണ്.അവരെ ആരെയും ഇന്ന് കണ്ടതേയില്ല.അവളുടെ തലച്ചോറിൽ കുറേ ചിന്തകൾ ചലിച്ചു കൊണ്ടിരുന്നു.
ഫോണിൽ എന്തോ തിരഞ്ഞുകൊണ്ട് ഭർത്താവിന്റെ നീയിതെവിടെ പോകുന്നുവെന്ന ചോദ്യം അവളെ ചൊടിപ്പിച്ചു . ദേ മൻഷ്യ,....ഇതെന്ത് ചോദ്യമാണ് ജോലിയുള്ള ദിവസമല്ലേ ഇന്ന്. "സാധാരണ ഞായർ അവധിയല്ലേ "അയാൾ വളരെ സംശയത്തോടെ ചോദിച്ചു. ദേ .... മൻഷ്യ
എന്നെ ദേഷ്യം പിടിപ്പിക്കല്ലേ, ഇന്ന് തിങ്കൾ ആണ്." അവൾ പൊട്ടിത്തെറിച്ചു. "ഓ ഞാനത് മറന്നു " അയാൾ സൗമ്യനായ് പറഞ്ഞു. " ദേ .. മൻഷ്യ , മറക്കാൻ അത്രയ്ക്ക് പ്രായം ഒന്നും ആയില്ല നിങ്ങൾക്ക്. ഇത് വെറുതെ,..... എന്നെ ചൊടിപ്പിക്കാൻ....പ്രായം ഇത്ര ആയിട്ടും പഴയ സ്വഭാവം മാറിയിട്ടില്ല ഇതുവരെ. അവൾ ബാഗ് എടുത്ത് തോളിൽ ഇട്ടുകൊണ്ട് പറഞ്ഞു. "മറവിയ്ക്കുള്ള പ്രായം ആയില്ല,...എന്നാൽ സ്വഭാവം മാറാനുള്ള പ്രായം ആയി താനും..... അതേതാടി...ആ പ്രായം. " കളിയാക്കിക്കൊണ്ട് ഭർത്താവ് ചോദിച്ചു. ചെറുതായി വന്ന ചിരി ചുണ്ടിന്റെ കോണിൽ ഒതുക്കി അവൾ വീട്ടിൽ നിന്ന് ഇറങ്ങി.
വാർഡിലെത്തിയപ്പോൾ, എല്ലാവരും തന്നെ പഴയ രോഗികൾ തന്നെയാണ്. പക്ഷേ ഇരുപതാമത്തെ മുറിയിൽ ഇന്ന് പുതിയ രോഗിയാണ് . പുതിയ ആളുടെ അടുത്തെത്തി കുശലം ചോദിക്കുന്ന അവളുടെ പതിവ് അവൾ തെറ്റിച്ചില്ല. ചോദിച്ച് വന്നപ്പോൾ അയാൾ ഉറക്കെ കരഞ്ഞു. എന്ത് പറ്റിയെന്ന് അവൾ ആവർത്തിച്ചു ചോദിച്ചപ്പോൾ, അയാളിലെ അഞ്ചു വയസ്സുകാരൻ കൊഞ്ചി പറഞ്ഞു.
"എന്റെ ഇളയ മകൻ എന്നെ കാണാൻ ഇതുവരെ വന്നില്ല. എനിക്ക് അഞ്ചു മക്കളാണ്. ഞാൻ ഏറ്റവും സ്നേഹിച്ച എന്റെ ചെല്ല കുട്ടി എന്നെ കാണാൻ വന്നില്ല ഇതുവരെ." തിരക്കായിരിക്കുമെന്നും, നാളെ ഉറപ്പായാലും വരുമെന്നും പറഞ്ഞുകൊണ്ട് നിന്നപ്പോൾ,രാത്രിയുടെ ഇരുട്ടിൽ മരുന്നുകൾ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങിയെന്നു അയാളുടെ അടഞ്ഞ കണ്ണുകൾ അവളോട് വിധി പറഞ്ഞു.
രാവിലെ രോഗിയുടെ മക്കൾ കാണാൻ എത്തിയപ്പോൾ അവൾ കാര്യം പറഞ്ഞു. . എല്ലാവരും അയാളെ കാണാൻ വരുന്നുണ്ടെന്നും, അപ്പന് കുറച്ച്
ഓർമ്മകുറവുണ്ടെന്നും അവർ പറഞ്ഞു."പ്രായം ആയില്ലേ സിസ്റ്റർ, ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. " അവരിൽ ഒരാൾ നെടുവീർപ്പോടെ പറഞ്ഞു. അവൾ അയാളുടെ ഫയൽ എടുത്ത് നോക്കിയപ്പോൾ പ്രായത്തിന്റെ വല്ലായ്മകൾ കുറിച്ചിട്ടുണ്ട് . മറവി രോഗം ഇതുവരെ എഴുതി ചേർത്തിട്ടില്ല.പിന്നെ അയാൾ ഇന്നലത്തെ കാര്യങ്ങളൊന്നും ഓർക്കാതെ മക്കളോട് സ്നേഹപൂർവ്വം സംസാരിച്ചു. ഒന്നുറങ്ങിയാൽ പറന്ന് പോകുന്ന പ്രശ്നങ്ങളാണ് നമ്മൾ ചിലപ്പോൾ കണ്ണ് തുറന്ന് വച്ച് അതിന്റെ ചിറകുകളെ അറ്റ് കളയുന്നതെന്ന് അവൾക്ക് തോന്നി.
ജോലി കഴിഞ്ഞ്, സ്വന്തമായി ഡ്രൈവ് ചെയ്താണ് അവൾ വീട്ടിലേക്ക് പോകുന്നത്. ബെല്ലടിച്ചു ശല്യപ്പെടുത്താതെ, മറ്റൊരു ചാവി കയ്യിൽ തന്നത് മക്കൾ തന്നെയാണ്.
അമ്മയുടെ ചൂടും സ്വരവും, വാത്സല്യവുമൊക്കെ അവർ മറന്ന് തുടങ്ങിയിരിക്കുന്നു.അല്ല അത് പ്രകൃതി അനുവദിച്ചിരിക്കുന്ന മറവിയാണ്. അവരുടെ ഉറക്കത്തിൽ അമ്മയെ പറത്തി വിടുന്നില്ലല്ലോ അവർ. പ്രൈവസി അവർ ആഗ്രഹിക്കുന്നതിലും തെറ്റില്ല. കുളി മുറിയിലേയ്ക്ക് കടക്കും വഴി അവളോർത്തു.
കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ, ജോലിയ്ക്കും കോളേജിലേക്കുമായി അവർ പോകാനൊരുങ്ങി. പണ്ട് സ്കൂളിൽ പോകാൻ അവരെ റെഡി ആക്കണമായിരുന്നു. അന്ന് അമ്മയുടെ ഉമ്മയ്ക്കായ് അവർ മത്സരിച്ചിരുന്നു. ഇപ്പോൾ ഇളയവൻ മാത്രം ഒരു ബായ് പറയും.
ബ്രേക്ഫാസ്റ്റ് കഴിച്ച്കൊണ്ടിരുന്നപ്പോൾ ആണ്, എന്തോ ശബ്ദം മുകളിൽ നിന്ന് കേട്ട് അവിടെയ്ക്ക് അവൾ പോയത്. മുറിയിൽ തുണി വലിച്ചു വാരി ഇട്ടിരിക്കുന്നു." നീ കാറിന്റെ ചാവി കണ്ടോ? " അയാൾ
നിഷ്കളങ്കനായ് ചോദിച്ചു.ചാവിയ്ക്ക് വേണ്ടി ഈ മുറി വൃത്തികേടാക്കിയല്ലോ. അവളുടെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ അവൾ ഒച്ചയുണ്ടാക്കി." കാർ....ഞാൻ ഡ്യൂട്ടിക്ക് പോകുമ്പോൾ ഓടിച്ചു പോകുവല്ലേ മൻഷ്യ... ചാവിയെന്റെ കൈയിൽ ആണ്. " അവൾ പിറുപിറുത്തു കൊണ്ട് മുറിയെല്ലാം വൃത്തിയാക്കി താഴെയെത്തിയപ്പോൾ, ഭർത്താവ് താൻ പകുതിയാക്കിയ ദോശ കഴിച്ച് കൊണ്ടിരിക്കുന്നു. ഡേ മനുഷ്യാ എന്ന് വിളിച്ചെങ്കിലും ഒന്നും നടക്കാത്ത മട്ടിൽ അയാൾ അവളോട് ബ്രേക്ഫാസ്റ്റ് കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവൾ അയാളെ ഒന്ന് നോക്കി നിന്നു. പ്രായം കൂടുകയാണ്, തലമുടിയിൽ കറുപ്പ് നിറം അധികം ഇല്ല. ദിവസം പോലും അറിയാതെ മറവിയുമായി ഇയാൾ ഒത്തു പോകുന്നു.
ഭർത്താവ് റിട്ടയേർമെന്റ് ആയി വീട്ടിൽ ഇരുന്നപ്പോൾ മുതൽ തന്നോട് പറയുന്നതാണ്, ജോലി നിർത്തി വീട്ടിൽ ഇരിക്കാൻ. ജീവിക്കാനുള്ളത് രണ്ടുപേരും കൂടി ഉണ്ടാക്കിയിട്ടുണ്ട്. മക്കൾ രണ്ട് പേർക്കും ജോലി ഉണ്ട്. എന്നിട്ടും താൻ ജോലി ഉപേക്ഷിച്ചില്ല. മക്കളെ ചേർത്ത് പിടിച്ചപ്പോൾ, ഇങ്ങനെ ഒരാൾ കൂടി ജീവിതത്തിൽ ഉണ്ടെന്ന് മറന്ന് പോയി. ഒരുമിച്ചു ജീവിതം തുടങ്ങിയെങ്കിലും, ഇതുവരെ ഒരുമിച്ച് നടന്നില്ല, ഒരുമിച്ച് സ്വപ്നം കണ്ടില്ല, ഒരുമിച്ച് ഭക്ഷണം കഴിച്ചില്ല.
അയാൾ ജോലി വിരമിച്ചതിനു ശേഷം, ഒന്നും ചെയ്യാനില്ലാതെ തലച്ചോറിനെ അലസനാക്കി. മറവി കാരണം അയാൾ പുറത്തൊന്നും ഇറങ്ങാറില്ലായിരുന്നു. അവൾ അതിനെ അവഗണിച്ച് , രോഗികളും രോഗങ്ങളും മാത്രമായി ജീവിച്ചു.
അന്ന് രാത്രി അവൾ ജോലിയ്ക്ക് പോകാൻ വൈകിയപ്പോൾ അയാൾ ദിവസം ഏതെന്നു മക്കളോട് ചോദിക്കുന്നത് കേട്ട് അവൾ പറഞ്ഞു." ദേ മൻഷ്യ ഇന്ന് തൊട്ട് ഞാൻ ജോലിയ്ക്ക് പോകുന്നില്ല". ഒറ്റ ദിവസം കൊണ്ട് അവൾ എടുത്ത ആദ്യ തീരുമാനം.
പിന്നീടുള്ള അവളുടെ ജീവിതം അയാൾക്ക് വേണ്ടിയായിരുന്നു. അയാളുടെ മറവിയെ അവളുടെ ഓർമ്മയിൽ മിനുസപ്പെടുത്തി.
മഴക്കാറുള്ള ,ഒരു ദിവസം വിറയ്ക്കുന്ന കാൽച്ചുവടുകളുമായി, അവൾ സെമിത്തേരിയിലെ നിശബ്ദതയിലേയ്ക്ക് വേച്ച് വേച്ചു നടന്നു. ആരുടെയോ കല്ലറ തപ്പി അവൾ കുറേ നടന്നു. വഴിയിൽ അടക്കിയ തേങ്ങലുകൾ
അവളുടെ മനസ്സിന്റെ താളിൽ അലയടിച്ചുകൊണ്ടിരുന്നു. ഉയർന്നു പൊങ്ങിയ ഒപ്പീസുകൾ ഓർമ്മയുടെ ഉച്ചിയിൽ എത്താൻ പരിശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ വാർദ്ധക്യത്തിന്റെ വഴുവഴുപ്പിൽ അത് തെന്നി മാറി മറവിയുടെ മടിത്തട്ടിലേയ്ക്ക് തിരികെ വീണു. അവസാനം അവൾ ഒരു കറുത്ത മാർബിൾ കല്ലറയ്ക്ക് മുമ്പിൽ വന്നു. അതിന്റെ ഉടമയെ മനസ്സ് തിരഞ്ഞപ്പോൾ മാർബിളിൽ കൊത്തിയ അക്ഷരങ്ങൾ തല കീഴായ് നിന്നു. ഒടുക്കം അവൾ തന്റെ കൈയിലെ റോസാപ്പൂക്കൾ ആ മാർബിൾ തറയിൽ വച്ച് അതിന്റെ അരികിലിരുന്നു.
കുറച്ച് കഴിഞ്ഞ് തിരികെ നടന്ന അവളോട് ഒരാൾ ചോദിച്ചു. "ആരാണ് നിങ്ങൾക്ക് അവർ "?. എന്റെ ഭർത്താവാണെന്ന് പറഞ്ഞു നടന്നകന്ന അവളെ അയാൾ അമ്പരപ്പോടെ നോക്കി. തന്റെ അമ്മയുടെ കല്ലറയിൽ വന്ന അവർ അമ്മയുടെ ആരാണെന്നറിയാനാണ് അവൻ അത് അവളോട് ചോദിച്ചത്.
ശൂന്യമായ മനസ്സിൽ എന്തൊക്കെയോ അവൾ പരതി.റോഡിന്റെ അരികിലുള്ള ബെഞ്ചിൽ ഇരുന്ന് അവൾ തന്റെ ഭൂതകാലം തിരഞ്ഞു. പെട്ടെന്ന് ഒരു കാർ എത്തി അവളെ അവർ അതിൽ നിർബന്ധപൂർവ്വം കയറ്റി. "അമ്മ കയറ് നമുക്ക് വീട്ടിൽ പോകാം " പരിചയമുള്ള ശബ്ദം ആയി തോന്നിയെങ്കിലും കാറിൽ കയറാൻ അവൾ മടിച്ചു.
അവൾ പിച്ച വെപ്പിച്ച കൈകാലുകളുടെ എല്ലിനിടയിൽ അവളുടെ പേശികൾ ചതഞ്ഞു. അമ്മയുടെ മറവിയെ മറന്ന് അവർ അവളെ ശകാരിച്ചുകൊണ്ട് കാറിൽ കയറ്റി. വീടിന്റെ ഉള്ളിലേയ്ക്ക് വലിച്ചിഴച്ചപ്പോൾ അവൾ ഭർത്താവിന്റെ ചിത്രം കണ്ട് പൊട്ടിത്തെറിച്ചു. "ദേ, മൻഷ്യ
നിങ്ങൾ എന്നെ ഉപദ്രവിക്കുന്നത് നോക്കി നിൽക്കുവാണോ?". ഭക്ഷണം കഴിക്കാതെ വാശി പിടിച്ച് അവൾ തളർന്ന് ഉറങ്ങി.
കണ്ണ് തുറന്നപ്പോൾ, അവൾക്ക് പരിചയം ഉള്ള മറ്റൊരു ഇടത്തിലായിരുന്നു. ജീവിതത്തിന്റെ നല്ല കുറേ നാളുകൾ ജീവിച്ചു തീർത്തയിടം. ഒരു നേഴ്സ് ചിരി തൂകിയവളുടെ അരികിലെത്തി കുശലം ചോദിച്ചു . ഓർമ്മയിലെവിടെയോ വെളിച്ചം മിന്നിയപ്പോൾ, അവൾ മക്കളെ കാണാൻ വാശി പിടിച്ചു, മക്കളെ വളർത്തിയ കഥകൾ പറഞ്ഞു കരഞ്ഞു. മക്കളെന്തായാലും രാവിലെ കാണാൻ എത്തുമെന്നറിയിച്ച് നേഴ്സ് മറഞ്ഞു. പല രാവിലെകൾ കടന്ന് പോയെങ്കിലും, അമ്മയെ കാണാൻ വരാൻ മക്കൾ മറന്ന് പോയിരുന്നു. പതുക്കെ പതുക്കെ അവൾ മക്കളെയും. ഇടയ്ക്കിടെ അവൾ നീട്ടി വിളിക്കും ദേ മൻഷ്യ.... ദേ മൻഷ്യ.......ദേ മൻഷ്യ....... വിളി കേൾക്കാൻ ആളില്ലെന്നറിയാതെ ,ആ ഇരുപതാമത്തെ മുറിയിൽ ദേ മൻഷ്യായെന്ന് അവൾ പിറുപിറുത്തും ഒച്ചവെച്ചും നാളുകൾ നീക്കി. ദേ മൻഷ്യയെന്ന വിളി പോലെ, അവളുടെ ഫയലിൽ എഴുതി ചേർക്കപ്പെട്ട ഡിമെൻഷ്യയും പലരാൽ അങ്ങനെ ഉച്ചരിക്കപ്പെട്ടുകൊണ്ടിരുന്നു.അവയെല്ലാം ഇരുപതാമത്തെ മുറിയുടെ ചുവരുകളിൽ വന്ന് തട്ടിയപ്പോൾ കല്ലുകൊണ്ട് തീർത്ത ഹൃദയവുമായ് അവ വിള്ളലുകളില്ലാതെ
മൂകമായി നിലനിന്നു.