ബുധിനി ഉറങ്ങുകയായിരുന്നു. ആപത്തുകളോട് അവളുടെ പ്രജ്ഞയും വേദനയോട് അവളുടെ ശരീരവും പ്രതികരിക്കാതായി തുടങ്ങി. അവളുടെ കണ്ണുനീര് അതിന്റെ ഉറവിടത്തില്‍ വെച്ചു തന്നെ വറ്റിപ്പോയി…..കടുത്ത വെയില് മുഖത്തടിച്ചാണവള് ഉണരുന്നത്. നാലഞ്ചു പേര് അവള്‍ക്കു ചുറ്റും നില്ക്കുന്നുണ്ടായിരുന്നു.’ഓയ് എണീക്ക്. നീ എങ്ങനെ ഇതിനകത്ത് കടന്നു?’
‘അവര്‍ ചോദിച്ചു ‘നീ എവിടുന്നു വന്നു?’അവള് മരാംഗ് ബുറുവിന്റെ മല ചൂണ്ടിക്കാട്ടി. തൊട്ടടുത്ത നിമിഷത്തില്‍ രക്ഷയുടെ സംഗീതം പോലെ മധുരമായൊരു നാദം കേട്ടു . സൈക്കിള്‍ ബെല്ലടിച്ചു കൊണ്ടയാള്‍ കടന്നു വന്നു.
‘നോക്ക് ദത്താ ജി.. ഈ പെണ്‍കുട്ടി , അവള് മലയിറങ്ങി വന്നതാണെന്ന് പറയുന്നു.’സൈക്കിള്‍ ഒരു മരത്തില്‍ ചാരി വെച്ച് അയാള്‍ അടുത്തു വന്നു. വരൂ… അയാള്‍ കൈ നീട്ടി.
( ബുധിനി - സാറാ ജോസഫ്)
കോഴിക്കോട് നടന്ന ഡിസി ബുക്സിന്റെ 'കെ എല്‍ എഫ്' സാഹിത്യോത്സവത്തില്‍ യാദൃശ്ചികമായാണ് പ്രിയ എഴുത്തുകാരി സാറാ ജോസഫിന്റെ നോവല്‍ 'ബുധിനി' എന്റെ കണ്ണിലുടക്കിയത്. കുറേക്കാലമായി സ്ത്രീയെഴുത്തുകളും ജീവിതങ്ങളുമാണ് വായിച്ചുകൊണ്ടിരിക്കുന്നത്.അതുകൊണ്ട് തന്നെ കെല് എഫില്‍ ചെന്നപ്പോഴും അത്തരം പുസ്തകങ്ങളാണ് പരതിയത്.''ബുധിനി'' ആ പേര് തന്നെയാണ് ആ പുസ്തകമെടുത്ത് മറിച്ചുനോക്കുവാനും പ്രേരിപ്പിച്ചത്.പ്രതീക്ഷ തെറ്റിയില്ല ഒറ്റമറിച്ചുനോക്കലില് തന്നെ ബുധിനി അവളുടെ കഥപറയാനായി എന്നെ വിളിക്കുന്നതുപോലെ തോന്നി.ഒരു നിലവിളി എന്റെ കാതില്‍ പതിക്കുന്നതുപോലെ. പിന്നെയത് അവിടെ വച്ചിട്ട് പോരാന്‍ തോന്നിയില്ല കൂടെകൂട്ടി..
ആധുനിക ഇന്ത്യയുടെ രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്വപ്ന പദ്ധതിയായിരുന്നു സെന്‍ട്രല്‍ പ്രോവിന്സിലെ പ്രശസ്തമായ ദാമോദര്‍ വാലി അണക്കെട്ട്.ഇന്നത്തെ ഝാര്‍ഖണ്ഡിലെ പഞ്ചേത് ഗ്രാമത്തിലാണത്.
1959 ഡിസംബര്‍ ആറാം തീയതി ദാമോദര്‍ നദിയില്‍ നിര്‍മ്മിച്ച അണക്കെട്ടും വൈദ്യുതി നിലയവും ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനെ മാലയിട്ട് സ്വീകരിക്കാന്‍
നിൽക്കുന്നവരുടെ കൂട്ടത്തിൽ അവളുമുണ്ടായിരുന്നു.ബുധിനി.... നെഹ്റുവിന് പൂമാല നൽകി സ്വീകരിക്കാൻ
കോര്പ്പറേഷന് അധികൃതര്‍ ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്തിരുന്ന ആ പതിനഞ്ച് വയസുകാരിയായ സാന്താള്‍ പെണ്‍കുട്ടിയെയാണ് ഏര്‍പ്പെടുത്തിയിരുന്നത്.ബുധിനി നിറമനസ്സോടെ പ്രധാനമന്ത്രിയെ മാലയിട്ടു സ്വീകരിച്ചു. നെഹ്രു ആ മാല ബുധിനിയെത്തന്നെ തിരിച്ചണിയിച്ചു. കൂടാതെ വൈദ്യുതി ഉല്പാദനത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം ബുധിനിയെക്കൊണ്ടുതന്നെ നടത്തിക്കുകയും ചെയ്തു.ഇന്ത്യയുടെ സാമൂഹ്യ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട മുഹൂര്‍ത്തം. ഉദ്ഘാടനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചുപോയി. ഒരു മാത്രനേരത്തേക്ക് അംഗീകാരത്തിന്റെ നെറുകയില്‍ നിന്ന ബുധിനി എന്ന കൊച്ചു പെണ്‍കുട്ടിക്ക് അതോടെ തിരിച്ചുപോകാനുള്ള വീട് എന്നന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു.
1959 ഡിസംബര്‍ ആറിന് വൈകുന്നേരം ബുധിനി ഉള്‍പ്പെടുന്ന സാന്താള്‍ ഗോത്രവര്‍ഗക്കാരുടെ ഗ്രാമപഞ്ചായത്ത് യോഗം ചേര്‍ന്നു. വീട്ടില്‍ തിരിച്ചെത്തിയ ബുധിനി യോഗ തീരുമാനമറിഞ്ഞ് ഞെട്ടിപ്പോയി. സന്താള്‍ ഗോത്രത്തിന്റെ ആചാരമനുസരിച്ച് മാലചാര്‍ത്തിയ പുരുഷന് ഭര്‍ത്താവാണ്. നെഹ്രുവിനെ മാലചാര്‍ത്തിയ ബുധിനി അദ്ദേഹത്തിന്റെ ഭാര്യയായിക്കഴിഞ്ഞു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു സാന്താള്‍ ഗോത്രക്കാരനല്ലാത്തതിനാല്‍ ബുധിനിയെ ഗോത്രത്തില്‍ നിന്നും പുറത്താക്കി. രാവിലെ ലോകത്തിന്റെ നെറുകയില്‍ നിന്ന ആ ബാലിക അതേദിവസം വൈകുന്നേരം നാടും വീടും നഷ്ടപ്പെട്ട് അനാഥയായി തീര്‍ന്നു.തുടര്‍ന്ന് നിരവധി കൊടിയ പീഠനങ്ങളാണ് അവള്‍ക്ക് നേരിടേണ്ടി വന്നത്.ഒടുവില്‍ അവളെ രക്ഷിക്കാന്‍ ഒരാളെത്തുന്നു.പാഞ്ചേത്തിലെ സുധീർ ദത്ത...പിന്നീടുള്ള ബുധിനിടെ ജീവിതം സുഖകരമായിരുന്നോ എരിതീയില്‍ നിന്ന് വറചട്ടിയിലേയ്ക്ക് വീഴുകയായിരുന്നോ അവള്..ആ കഥയാണ് ബുധിനിയിലൂടെ സാറാ ജോസഫ് കോറിയിടുന്നത്..
മലയാള സാഹിത്യത്തില്‍ മാത്രമല്ല.നമ്മുടെ സാംസ്കാരിക, രാഷ്ട്രീയ പൊതുമണ്ഡലത്തെയാകെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ പാതയിലേയ്ക്ക് നയിക്കുന്ന സാറജോസഫിന്റെ ആലാഹയുടെ പെണ്മക്കളും മാറ്റാത്തിയുമുള്പ്പടെയുള്ള പുസ്തകങ്ങള്‍ വായിച്ചുട്ടുണ്ടെങ്കലും അതൊന്നും ഇത്രയധികം പൊള്ളിച്ചിട്ടില്ല
പത്രവാർത്തയെ ആധാരമാക്കി എഴുതിയ നോവലാണ് ബുധിനിയെങ്കിലും യഥാർത്ഥ ബുധിനിയുടെ ജീവിതകഥയോ ചരിത്ര നോവലോ അല്ല ഈ കൃതി എന്നും ചരിത്രവും ഫിക്ഷനും തമ്മിലും, വാർത്തയും ഫിക്ഷനും തമ്മിലും ഉള്ള സംയോജനമാണെന്നുമാണ് ബുധിനിയെക്കുറിച്ച് സാറാ ജോസഫ് പറയുന്നത്,ഒരു കാര്യം തീര്‍ച്ചയാണ് ബുധിനി കിരാതമായ ജാതി വ്യവസ്ഥയുടേയും, പ്രാകൃതമായ നിയമങ്ങളുടെയും ഇരയാണ്. മുറിവേറ്റ സ്ത്രീത്വത്തിന്റെ പ്രതീകവും.
പുസ്തകം - ബുധിനി
എഴുത്ത് - സാറാ ജോസഫ്
പബ്ലിഷര്‍ - ഡിസി ബുക്സ്
കുറിപ്പ് തയ്യാറാക്കിയത് - ജോയിഷ് ജോസ്
9656935433