തൊട്ടുതലോടി തൂവൽ കൊഴിച്ചിട്ടും
കാറ്റിനോടിപ്പൊഴും ചിരിക്കുന്ന കിളികൾ.
കൊണ്ടുപോയിട്ടും തരികൾ അനേകം,
തിര നോറ്റുകായുന്ന വെണ്മണല്ത്തീരം.
മുന്നേ ഒരുപാട് തലതല്ലി വീണിട്ടും
കാറ്റത്ത് പിന്നെയും കുഴയുന്ന പൂക്കൾ.
ആളറിയാതെയുള്ളനുശോചനങ്ങൾ
അകം പുകയ്ക്കും, ചുവപ്പിക്കുമരിശം.
എന്തിനോവേണ്ടിയുള്ളഭിനന്ദനങ്ങൾ
ഉള്ളിൽ നിറയ്ക്കുന്ന പൊട്ടിച്ചിരിപ്പുകൾ;
പൊട്ടിപ്പരക്കുവാന് സമ്മതമില്ലാതെ
മുഖക്കോണില് ഒതുങ്ങുന്ന കുട്ടിച്ചിരിപ്പുകള്.
എത്രമേൽ കട്ടിയിൽ മറവി പുതച്ചാലും
പിന്നെയും തടയും മുന കൂർത്ത മുള്ളുകൾ.
ചിരിപ്പുതപ്പെപ്പൊഴും കരുതലായ് കാക്കണം;
നിരുത്തരങ്ങളായ് വിടരണം കണ്ണുകൾ.