തിരകളോരോന്ന് കാലിൽ തഴുകുമ്പോഴവളുടെയുള്ളിലെ നോവുകൾ ചോര പൊടിച്ചു.തിരകളെണ്ണിനിന്ന് പടിഞ്ഞാറെ ചക്രവാളത്തിൽ ദിനകരൻ കടലിൽ താണതവളറിഞ്ഞില്ല.
ഇരുൾകനത്തപ്പോൾ ലാത്തി വീശി കൂട്ടി കേറടിയെന്ന് റോന്ത് ചുറ്റുന്ന കാക്കിവേഷധാരികൾ.
അവരുടെ പരിഹാസച്ചിരികൾക്കിടയിലവൾ ഭയന്നോടി ഒരു ഓട്ടോയിൽ കേറി
"എങ്ങോട്ടാ?"
അവളുടെ തലയ്ക്കുള്ളിലുമത് പ്രതിധ്വനിച്ചു 'എങ്ങോട്ടാ? ഇനിയെങ്ങോട്ടാ?'
പുതിയ കൂട്ട്തേടി കൂട് വിട്ട് പറന്നു വന്നു ചതിക്കപ്പെട്ടവളാണ്. പഴയ വഴികളിലേക്കൊന്നുമൊരു തിരിച്ചു പോക്കില്ല.ലക്ഷ്യമില്ലാതെ പായുന്ന ശൂന്യമിഴികൾ ഒടുക്കമാ ബോർഡിൽ തടഞ്ഞുനിന്നു
സർക്കാർ അഗതിമന്ദിരം.