Image

ഒരു ബസ്സ് യാത്രയ്ക്കിടയിൽ (കഥ -  രൂപാന്തരീകരണം -  അന്നാ പോൾ )

Published on 01 February, 2025
ഒരു ബസ്സ് യാത്രയ്ക്കിടയിൽ (കഥ -  രൂപാന്തരീകരണം -  അന്നാ പോൾ )

അതു സത്യമാണ്. അയാൾ തന്റെ കൈ എന്റെ പിൻഭാഗത്തു വെച്ചമർത്തി... വെറുപ്പോടെ ഉച്ചത്തിൽ അലറിക്കരയുന്ന അവസ്ഥയിലാണു ഞാൻ ... ബസ് അപ്പോൾ ഒരു പള്ളിയുടെ സമീപത്തുകൂടി കടന്നുപോവുകയായിരുന്നു. അയാളും ഞാനും ഒരേ പോലെ പള്ളിയുടെ മുൻപിലെ കൂറ്റൻ കുരിശിലേയ്ക്കു നോക്കി.. ഞാൻ കുരിശു വരച്ചു. അയാൾ വരച്ചില്ല... അപ്പോഴും അയാളുടെ വലതു കരം എന്റെ പിന്നിലമർന്നിരിക്കുകയായിരുന്നല്ലോ.

എന്തൊക്കെയായാലും അയാൾ ഒരു മികച്ചയിനം തന്നെ ഞാൻ മനസ്സിലോർത്തു .

ഒരു പക്ഷേ അയാൾ ഒന്നും ഉദേശിച്ചു കൊണ്ടായിരിക്കില്ല. അതുമല്ലെങ്കിൽ അയാളുടെ വലതു കൈക്കു അയാളുടെ ഇടതുകൈ എന്താണു ചെയ്യുവാൻ പോകുന്നതെന്ന് അറിയില്ലായിരിക്കാം.

''അയാളിൽ നിന്നും കുറച്ചുകൂടി പിറകോട്ടുമാറിനിൽക്കുവാൻ ഞാൻ ശ്രമിച്ചു നോക്കി. വിശദീകരണങ്ങൾക്കു വേണ്ടി അന്വേഷിക്കുക എന്നത് ഒരു കാര്യവും പാദം കൊണ്ടുള്ള തലോടലിനു വിധേയമാവുകയെന്നുള്ളതു മറ്റൊന്നുമാണു. പക്ഷേ ഓരോ സ്റ്റോപ്പിൽ നിന്നും യാത്രക്കാർ ബസ്സിന്നുള്ളിലേയ്ക്കു ധാരാളമായി കയറിക്കൊണ്ടിരുന്നു. എനിക്കു നിയന്ത്രിക്കുവാൻ കഴിയുന്നതിനു പരിമിതികളുണ്ടായിരുന്നുവെന്നു നിങ്ങൾ മനസ്സിലാക്കണം. അയാളുടെ പരിധിയിൽ നിന്ന് എങ്ങോട്ടെങ്കിലും തെന്നിമാറാനുള്ള എന്റ ശ്രമങ്ങൾ അവസാനിച്ചതു ഒന്നുകൂടി മികച്ച രീതിയിൽ അയാൾക്കെന്നെ മെരുക്കാൻ സാധിച്ചതിനാലാണ്. തലോടലുകൾ നിർബാധം തുടർന്നുകൊണ്ടിരുന്നു. ഞാനാകെ  അസ്വസ്ഥയായി ..ഒടുവിൽ

ഞാനെങ്ങനെയോ അവിടെ നിന്നു മാറിപ്പോയി. അയാളും അപ്പോൾ എന്റെ മാറ്റങ്ങൾക്കൊപ്പം സ്വയം ക്രമപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിനിടയിൽ ഞങ്ങൾ മറ്റൊരു ദേവാലയം കടന്നുപോയിരുന്നു. അയാളതു ശ്രദ്ധിച്ചതേയില്ല. അയാൾ പുറത്തെക്കാഴ്ചകളൊന്നും തന്നെ കാണുന്നുണ്ടായിരുന്നില്ല : അയാൾ ചെയ്തു കൊണ്ടിരുന്ന പ്രവൃത്തിയിൽ അയാൾ പൂർണ്ണമായും മുഴുകിയിരുന്നു. ഒരിയ്ക്കലയാൾ കൈ ഉയർത്തി മുഖത്തും നെറ്റിയിലും തുടിച്ചു നിന്ന വിയർപ്പു കണങ്ങൾ തുടയ്ക്കുന്നതു കണ്ടു. ഒന്നും സംഭവിയ്ക്കാത്ത ഭാവത്തിൽ ഒളികണ്ണിട്ട് ഞാനയാളെത്തന്നെ നോക്കിക്കൊണ്ടു നിന്നു. അയാൾ ചെയ്യുന്നതെല്ലാം ഞാനിഷ്ടപ്പെടുന്നു എന്നയാൾ വിചാരിച്ചോട്ടെയെന്നു കരുതി ഒരു ചെറുപുഞ്ചിരിയോടെ ഞാനങ്ങനെ നിന്നു. ഒരടി പോലും മാറി നിൽക്കാനാവാത്തത്ര തിരക്കായിരുന്നു. മുഴുവൻ സമയവും.. തിരക്കുകൂടുന്തോറും തലോടലുകളും കൂടിക്കൊണ്ടിരുന്നു. ഞാനുടനെ കുറച്ചു സ്വീകാര്യമായ രീതിയിൽ അയാളുടെ പിൻ ഭാഗത്ത് എന്റെ കൈവെക്കുവാൻ തീരുമാനിച്ചു.

കുറേയേറെ ബ്ലോക്കുകൾക്കു ശേഷം ഒരു കൂട്ടം ആളുകളുടെ കടന്നുവരവ് എന്നെ അയാളിൽ നിന്നും വേർപെടുത്തി. ബസ്സിൽ നിന്നും തിരക്കിട്ടിറങ്ങുന്നവരുടെ ഒഴുക്കിൽ ഞാൻ മാറിനീങ്ങിപ്പോയി. ഇത്രപെട്ടെന്ന് അയാളെ നഷ്ടമായതിൽ എനിയ്ക്കു വല്ലാത്ത ദുഃഖം തോന്നി. കാരണം അയാളുടെ പേഴ്സിൽ വെറും 7400 രൂപയേ ഉണ്ടായിരുന്നുള്ളു. ഞങ്ങൾ ഒറ്റയ്ക്കായിരുന്നെങ്കിൽ എനിയ്ക്കയാളിൽ നിന്നും കൂടുതൽ തേടുവാൻ കഴിയുമായിരുന്നു എന്ന് എനിയ്ക്കുറപ്പാണ്. അയാൾ ശരിക്കും സ്നേഹ വായ്പുള്ളവനും ഉദാരശീലനുമായി അനുഭവപ്പെട്ടു.....

 കടപ്പാട്:  

ലൂയിസാ  വാലൻസുവെല,  അർജന്റീന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക