Image

കരി (കവിത: നിബിൻ കള്ളിക്കാട്)

Published on 03 February, 2025
കരി (കവിത: നിബിൻ കള്ളിക്കാട്)

കറുത്തഭൂമിയിൽ കൽക്കരിപ്പുകയെ 
പെറ്റുകൂട്ടിയാകാശത്തിന്റെ പൊള്ളുന്ന 
പട്ടിണിയ്ക്കന്നം നിറച്ചുകൊണ്ട്
ചരിത്രത്തിലൂടെ മനുഷ്യവംശത്തിന്റെ 
തീവണ്ടി മുന്നോട്ടൂറ്റം കുതിച്ചു,
തോട്ടിയേന്തിയ കറുത്ത കൈകളിൽ
ഉടൽവിയർപ്പഴിച്ചിട്ടു കരിനിറമുള്ള 
മനുഷ്യർ കൽക്കരികോരി മറവിയിൽ 
യാത്രയ്ക്കു കത്തിക്കാനിടുന്നുണ്ട് ...

മുന്നോട്ടേക്കു പോകുന്നയാത്രകൾ ,
പിന്നോട്ടുനോക്കാതെ കത്തുന്ന 
ചരിത്രത്തിന്റെ പാളങ്ങളിലൂടെന്നും
ജീവനും ജീവിതവും ഞരങ്ങി ഞരങ്ങി
ജീവൻ ഞെരിഞ്ഞമരുന്നുണ്ട് ..
ജീവന്റെ യാത്രയിലൂടെയോരോ 
സ്റ്റേഷനിലും യാത്രക്കാരെല്ലാം
പലപ്പോഴും മാറി വന്നു പോകുന്നുണ്ട്  ...

മുന്നോട്ടേക്കു മാത്രമുള്ള വേഗതയിൽ 
വിയർപ്പറ്റു കൽക്കരികുത്തി ചുട്ടു
പഴുത്തു പൊള്ളിയ കറുത്ത കൈകളെ
ചരിത്രത്തിന്റെ നിണമറ്റ കാലപാളങ്ങളിൽ 
ഒരിക്കലും കാണാതെയിന്നും മുഖങ്ങളെ
കറുപ്പിൽ മൂടിയൊളിപ്പിക്കുന്നുണ്ട്  ,

അറിയാതെ പോകുന്ന വംശത്തിന്റെ  
തനിനിറം കറുപ്പാണെന്ന് ആരോ 
ലോകത്തോടുറക്കെ വിളിച്ചുപറയുന്നു  .,
ആഫ്രിക്കയിൽ നിന്നുമറിയാത്ത 
യാത്രയോളം പോന്നൊരു ചോദ്യത്തിന്റെ 
സ്റ്റേഷനിൽ തീവണ്ടി പിന്നെ പിടിച്ചിടുന്നു .,
സംശയത്തിന്റെ സൈറൺ മുഴങ്ങി 
ചരിത്രങ്ങളുടെ തീവണ്ടി ബോഗികൾ 
പിന്നിലേക്ക് കുതിക്കുമ്പോൾ 
സ്മരണകളുടെ കയ്പ്പുള്ള കറുത്ത 
പുകപോലും രൂപങ്ങളായി മാറി 
മനുഷ്യരുടെ നിലവിളികൾ മുഴക്കുന്നു  ..!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക