Image

മണിത്താലി ( കവിത : ഷൈല ബാബു )

Published on 03 February, 2025
മണിത്താലി  ( കവിത : ഷൈല ബാബു )

പുകയൂതിയെരിയുന്ന
കൺത്തടം, തന്നുടെ
നരവീണ ചേല തൻ
തുമ്പിനാൽ തുടച്ചവൾ;

വത്സരം പെറ്റിട്ട 
മാസദിവസങ്ങ-
ളൊച്ചു പോലിഴയും
നിമിഷനേരങ്ങളും!

അന്യഗൃഹത്തി-
ന്നടുക്കളച്ചുമരുകൾ,
അവകാശമാക്കിയ
മണിത്താലി ബന്ധനം!

ശുഷ്കിച്ച കവിളിലൂ-
ടൊഴുകുന്ന നീർമണി,
ചെന്നു പതിക്കുന്ന-
താരുടെ ശിരസ്സിലോ?

കനവിന്റെ ഗോപുര
വാതിലടയ്ക്കവേ,
അടിയറവച്ചു, ത-
ന്നസ്തിത്വ വേരുകൾ!

നീറ്റും നിനവുകൾ
കരടായടിയവേ,
പീഡന രാവിലെ
രതിയിൽ മടുത്തവൾ;

വരമ്പത്തുകുത്തി-
നിർത്തിടാൻ പാകത്തി-
ലൊരു കോലമാ-
യിന്നീ,യവസ്ഥയിൽ!

കാലാന്തരത്തി-
നുള്ളിലെവിടെയോ;
കളഞ്ഞുപോയ്
പാവന പത്നിവേഷം!

നീചകൃത്യങ്ങളിൽ
നേർക്കുനേർ പടവെട്ടി
നേടിയെടുത്തതോ
നിസ്സംഗ ഭാവം?

വാടിത്തളർന്നൊരീ
പുൽനാമ്പിൻ രോദനം,
മണ്ണിൽ ലയിച്ചിടും
നിമിഷങ്ങളകലെയോ ?
 

Join WhatsApp News
Rarichan 2025-02-06 12:22:12
Excellent
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക