ആ യാത്രയിൽ അയാൾക്ക് സുഖകരമായ ഒരു കാഴ്ചയായിരുന്നു അത്, പക്ഷെ...
തിരക്കുള്ള പകൽനേരത്തെ ട്രെയിൻ യാത്രയിൽ, ജനറൽ കംപാർട്ട്മെൻ്റിൽ, ഇരിക്കാനിടം കിട്ടിയതിൻ്റെ ആശ്വാസത്തിലായിരുന്നു അയാൾ.
മുമ്പൊക്കെ, ഔദ്യോഗിക ആവശ്യാർത്ഥം മണിക്കുറുകൾ നിന്ന് യാത്ര ചെയ്തിട്ടുണ്ട്, ചെറുപ്പത്തിൻ്റെ വീര്യം. ഇന്നിപ്പോൾ അടിത്തൂൺ പറ്റി അരപ്പതിറ്റാണ്ട് പിന്നിട്ട അയാൾക്ക്, അല്പംദീർഘമായ യാത്രയിൽ ഇരിക്കാനിടം കിട്ടാഞ്ഞാൽ യാത്ര ദുഷ്ക്കരമാവും.
പെട്ടെന്ന് പുറപ്പെടുകയായിരുന്നു.
പതിറ്റാണ്ടുകൾ നീണ്ട ഒരു സൗഹൃദത്തിൻ്റെ അന്ത്യത്തിന് സാക്ഷിയാകാനുള്ള യാത്ര.
മുപ്പത്തിയഞ്ച് വർഷങ്ങൾക്കപ്പുറം ഒരു വടക്കൻ ജില്ലയിലെ സർക്കാർ ഓഫീസിൽ ജോലിയിൽ പ്രവേശിച്ച അയാൾക്ക്, താമസ സ്ഥലം കിട്ടും വരെ സ്വന്തം വീട്ടിൽ സൗകര്യം ഒരുക്കി കൊടുത്ത ബാലൻ സർ, കത്തുകൾ വഴിമാത്രം വിവരങ്ങൾ അറിഞ്ഞിരുന്ന ആ കാലത്ത്, അപരിചിതമായ ഒരു ദേശത്ത്, തെക്കനേയും മൂർഖനെയും ഒരുമിച്ച് കണ്ടാൽ, ആദ്യം തെക്കനെ...... എന്ന ചൊല്ല് മറന്ന്, തന്നെ ഒരനുജനെപ്പോലെ കൂടെ കൂട്ടിയ ബാലേട്ടൻ ഇനിയില്ല!
കുറ്റബോധത്തിൻ്റെ നേരിയ നീറ്റലോടെയാണ് അയാളുടെ യാത്ര.
ബാലേട്ടൻ അസുഖബാധിതനായത് അറിഞ്ഞിരുന്നു, ആറ് മാസം മുമ്പ്, ഒരു ചെറിയ ഇടവേളക്ക് ശേഷം ബാലേട്ടൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു, ഒന്ന് പോയില്ല, നേരിൽ കാണാൻ കഴിഞ്ഞില്ല.
സുഹൃദ്ബന്ധങ്ങൾ നിലനിർത്തുന്നതിൽ അയാൾ തികഞ്ഞ പരാജയമാണ്.
കണക്കെടുത്താൽ, ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ, സമീപനം കൊണ്ടും, സഹകരണം കൊണ്ടും അയാൾ തീർത്തെടുത്ത സുഹൃദ് വലയത്തിൽ എത്ര എത്രപേർ.
ആ ബന്ധങ്ങൾ ഉലയുന്നതിനോ, വേർപെടുന്നതിനോ, അയാളുടെ വാക്കോ പ്രവർത്തിയൊ കാരണമായിട്ടില്ല,
സ്ത്രീസൗഹൃദങ്ങളുടെ ഊഷ്മളതയിൽ
ഭംഗം വരാതെ അയാൾ
പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പക്ഷേ,
സ്ഥലം മാറ്റങ്ങൾക്കൊപ്പം സൗഹൃദങ്ങളെ കൂടെ കൂട്ടാൻ അയാൾക്കായില്ല.
സ്നേഹിച്ചവരും, ചില സന്ദർഭങ്ങളിൽ സഹായിച്ചവരും സ്ത്രീ പുരുഷ ഭേദമില്ലാതെ കാലാന്തരത്തിൽ മറവിയുടെ മാറാപ്പിലേക്ക് മാറ്റപ്പെട്ടു!
ആത്മബന്ധമുള്ള ഒരാൾ പോലും ?
അയാൾ സ്വയം ശകാരിച്ചു.
എന്തെ താനിങ്ങനെ ?
എല്ലാ ബന്ധങ്ങളും ഒരു വിരൽ തുമ്പിൽ കുടിവെച്ചിരിക്കുന്ന ഈ അത്യാധുനിക സങ്കേതികത്തികവിൻ്റെ കാലത്ത് ഒരു വിരൽ അമർത്താൻ എന്തേ അമാന്തം!
പരിധി ലംഘിച്ചുവോ എന്ന് ചിലരെങ്കിലും സംശയിച്ച ചില പെൺസുഹൃദ് ബന്ധങ്ങൾ പോലും നേർത്ത്
നേർത്ത് വേർപെട്ടു!
പകൽ ചാഞ്ഞ് തുടങ്ങിയ ജീവിതയാത്രയിൽ പോക്കുവെയിൽ
മായുന്നത് നിസ്സംഗനായി നോക്കി ഇരിക്കൂമ്പോൾ, നഷ്ടസൗഹൃദങ്ങളുടെ ഓർമ്മകൾ, നേർത്ത വിങ്ങലായി അയാളുടെ മനസ്സിൽ നിറയുന്നുവോ?
ബാലേട്ടൻ്റെ വിയോഗം മകനാണ് വിളിച്ചറിയിച്ചത് കഴിഞ്ഞ രാത്രിയിൽ, അതിരാവിലെ പുറപ്പെട്ടു.
ട്രെയിൻ താളത്തിൽ ഓടിക്കൊണ്ടിരുന്നു.
നാല് പേർക്കുള്ള ഇരിപ്പിടത്തിൽ അഞ്ച് പേർ ചേർന്നിരിക്കുന്നു. തോളോട് തോൾ ചേർന്ന്, മതജാതിഭേദമില്ലാതെ, ലിംഗസമത്വവും പൂർണ്ണമായി പാലിക്കപ്പെടുന്ന യാത്ര. സ്ത്രീകൾക്കിടയിൽ ഇരിക്കുന്ന ചില പുരുഷമാർ വണ്ടിയുടെ ദ്രുതചലനതാളം വല്ലാതെ ആസ്വദിക്കുന്നുണ്ട്.
വാതിലിന് അഭിമുഖമായ ബർത്തിൽ അഞ്ചാമനായി അയാൾ ഇരിക്കുന്നു. അയാൾക്കരുകിൽ ഒരു പുരുഷനാണ്.
ബാലേട്ടനെക്കുറിച്ചുള്ള നനവുള്ള ചിന്തകൾക്കിടയിൽ, കണ്ണുകൾ വാതിക്ക ലേക്ക് അറിയാതെ നീണ്ടപ്പോഴാണ് അയാൾ ആ കാഴ്ച കണ്ടത്.
പ്രണയികളെപ്പോലെ ഒരാണും പെണ്ണും.
അയാൾ അവരെ ശ്രദ്ധിച്ചുനോക്കി.
കാഴ്ചയിൽ ഇരുപത് വയസ്സിനടുത്ത് പ്രായം തോന്നിക്കുന്നവർ, വിദ്യാർത്ഥികളാവണം, കഴുത്തിലെ ടാഗ് അതാണ് സൂചിപ്പിക്കുന്നത്.
രണ്ടു പേരും സൗന്ദര്യത്തിൻ്റെ അളവുകോലിൽ ശരാശരിക്കാർ.രണ്ടു പേർക്കും മെലിഞ്ഞ ശരീരപ്രകൃതം. നിറത്തിലും സാമ്യം, മങ്ങിയ കറുപ്പ് നിറം.
അയാൾക്ക് അഭിമുഖമായി നിൽക്കുന്ന ആൺകുട്ടി, ചുരുണ്ട മുടി കഴുത്തൊപ്പം വളർത്തി തലയിൽ തൊപ്പിവച്ചിട്ടുണ്ട്. അവൻ്റെനേർക്ക്, കണ്ണടധരിച്ച്,ചരിഞ്ഞ് നിൽക്കുന്ന പെൺകുട്ടിയുടെ മുഖം അയാൾക്ക് പൂർണ്ണമായി കാണാൻ കഴിയുന്നില്ല.
ട്രെയിനിൻ്റെ വേഗതയിൽ പാറിപ്പറക്കുന്ന പെൺകുട്ടിയുടെ നീണ്ട മുടി ഇഴകൾ വൃഥാ മുന്നിലേക്ക് പിടിച്ചിടുന്ന അവളുടെ വലംകൈയ്യിൽ ചുവന്ന പളുങ്ക് വളകൾ. ഒരു വേള ആ മുടി ഇഴകളെ പാറിപ്പറക്കാതെ അവൻ പിടിച്ചു വച്ചു.
പുറം കാഴ്ചകൾ ശ്രദ്ധിക്കാതെ അവർ അവിരാമം സല്ലപിക്കുകയാണ്.
ആ സുഖകരമായ കാഴ്ച അയാളിൽ പൊയ്പോയ നിറയൗവ്വനത്തിൻ്റെ മധുരസ്മരണകൾ ഉണർത്തി വിട്ടു.
ശിശിരകാല രാവുകളിൽ മനസ്സിൻ്റെ ചില്ലുജാലകത്തിലൂടെ എത്തി
നോക്കിയ എത്ര പെൺമുഖങ്ങൾ.
രാക്കാറ്റിന് രതിപരാഗത്തിൻ്റെ മധുരഗന്ധം.
ഊർജ്ജ വിസ്പോടനത്തിൻ്റെ നിറകൊണ്ട പാതിരാവുകൾ.
അയാൾ യയാതി ആകാൻ മോഹിച്ചു, പക്ഷെ പുരുവാകാൻ ആര്
അയാൾ ശങ്കിച്ചു.
ട്രെയിൻ സ്റ്റേഷനുകൾ പിന്നിടുന്നു.
യാത്രക്കാർ ഇറങ്ങുന്നു.
പുതിയവർ കയറുന്നു.
ആൺ പെൺ ഇരിപ്പിടങ്ങളുടെ
ക്രമനിലയും മാറുന്നു.
ഇപ്പോൾ അയാൾക്കരുകിൽ ഒരു സ്ത്രീയാണ്. അയാൾ പിറകിലേക്ക്
ചാരി നിവർന്നിരുന്നു.
ഹിജാബ് ധരിച്ച് കയറിയ ഒരു പെൺകുട്ടി,
ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ അവൾ അത് മടക്കി തോളിൽ തൂക്കിയിരുന്ന ചെറിയ ബാഗിൽ വച്ചു. ജീൻസും, ബനിയനും ധരിച്ച കൃശഗാത്രയായ സുന്ദരിക്കുട്ടി. അവൾ ഫോണിൽ സംസാരിച്ചത് കൂട്ട്കാരിയോടാണെന്നും പoനത്തിനായി മറുനാട്ടിലേക്കുള്ള യാത്രയാണെന്നും അവളുടെ വാക്കുകൾ ശ്രദ്ധിച്ച അയാൾക്ക് മനസിലായി.
അവൾ ഇരിക്കാനുള്ള സാദ്ധ്യത തേടി ചുറ്റും നോക്കി.
അല്പം കൂടി ഞെരുങ്ങി മുന്നോട്ട് നീങ്ങിയിരുന്ന്, ആ പെൺകുട്ടിക്ക് കൂടി ഇടം കൊടുത്താലോ, അയാൾ സദുദ്യേശ്യത്തോടെ ചിന്തിച്ചു.
വേണോ? ആ പെൺകുട്ടിയോ, ഒപ്പം യാത്ര ചെയ്യുന്നവരോ അയാൾക്ക് പരിചിതരല്ല. എങ്കിലും, അവർക്ക് മുന്നിൽ അവൾ അയാളുടെ ക്ഷണം നിരസിച്ചാൽ അപമാനമാവില്ലേ?
ആകും, അയാൾ അങ്ങനെയാണ്!
സ്ത്രീയുടെ നീരസത്തോടെയുള്ള നോട്ടത്തിന് മുന്നിൽ പോലും അയാൾ
അസ്വസ്ഥനാകും!
ആത്മാഭിമാനത്തിന് മുറിവേൽക്കും!
ഇതിനിടയിൽ പെൺകുട്ടി മുകൾ ബർത്തിൽ കയറി ഇരുപ്പുറപ്പിച്ചിരുന്നു.
അവൾക്കെതിരെയുള്ള ബർത്തിൽ രണ്ട് യുവാക്കൾ മുൻപേതന്നെ ഉണ്ടായിരുന്നു.
അയാളുടെ ശ്രദ്ധ വീണ്ടുംവാതിക്കലേക്ക്
ആ കുട്ടികൾ അവിടെ തന്നെയുണ്ട്.
പക്ഷെ, നിൽപ്പ് വശം മാറിയിരിക്കുന്നു.
ഇപ്പോൾ പെൺകുട്ടി അയാൾക്കഭിമുഖമാണ് .
അവൻ തൊപ്പിയൂരി അവളുടെ തലയിൽ വച്ചിരിക്കുന്നു. ട്രെയിൻ വേഗതയിൽ വല്ലാതെ ഉലയുമ്പോൾ അവൻ ഒരു കൈ കുറുകെ പിടിച്ച് അവൾക്ക് സുരക്ഷ ഒരുക്കാൻ ശ്രമിക്കുന്നുണ്ട്. അപ്പോഴും അവർ അവിടെ നിന്ന് മാറി നിൽക്കാനോ സ്റ്റേഷനുകളിൽ എത്തുമ്പോൾ ഒഴിയുന്ന സീറ്റുകളിൽ ഇരിക്കാനോ ശ്രമിക്കുന്നില്ല.
അയാൾ ശ്രദ്ധിച്ചു, യൗവ്വനത്തിൻ്റെ
പുലർകാലവർഷങ്ങളുടെ ചൂടുംകുളിരും തളിരിടുന്ന മുഖഭാവങ്ങളിലെവിടെയോ, ഒരു വിഷാദത്തിൻ്റെ ലാഞ്ചന നിഴലിക്കുന്നുവോ?
അപ്പോഴും അവർ സംസാരം
തുടരുകയാണ്!
എന്താണ് അവർക്ക് പറയാനുള്ളത് ?
ഒരു ജന്മം മുഴുവൻ പറയാനുള്ളത് ഈ യാത്രയിൽ പറഞ്ഞ് തീർക്കുകയാണോ?
അയാൾ വെറുതെ ചിന്തിച്ചു.
ഈ പ്രായത്തിൽ എന്ത് ഉത്തരം കിട്ടാത്ത ചോദ്യമാണ് അവരെ അലട്ടുന്നത്.
വിവാഹത്തേക്കുറിച്ചോ, കുടുoബ ജീവിതത്തേക്കുറിച്ചോ ചിന്തിച്ച് വ്യാകുലപ്പെടേണ്ട പ്രായമായോ ഇവർക്ക്
പഠനത്തിൽ മാത്രം ശ്രദ്ധയൂന്നേണ്ട പ്രായത്തിൽ അതിനുമപ്പുറം ഗഹനമായി ചിന്തിക്കുന്നത് എന്താവാം?
അയാളിൽ ഒരച്ഛൻ്റെ വ്യഗ്രത
അറിയാതെ ഉണർന്നു.
അവർ പരസ്പരം കൈകോർത്ത് പിടിക്കുകയും, ചെവിയിൽ അടക്കം പറയാനെന്ന ഭാവത്തിൽ അവൻ അവളുടെ കവിളിൽ ചുംബിക്കുന്നതും അയാൾ കണ്ടു.
പുതുതലമുറയുടെ പുതിയ മുഖം കണ്ട് അയാൾ മുഖം തിരിച്ചുവോ, അതോ മൂകമായി ചിരിച്ചുവോ?
നടുവ്നിവർക്കാനായി അയാൾ മെല്ലെ എഴുന്നേറ്റു, മുകൾ ബർത്തിലെ പെൺകുട്ടിയെ വെറുതെയെന്നവണ്ണം ശ്രദ്ധിച്ചു. അവൾ എതിർ ബർത്തിലെ യുവാക്കളുമായി സൗഹൃദത്തിലായിരിക്കുന്നു.
അവർ പരസ്പരം ബർത്തിലെക്ക് കാലുകൾ നീട്ടി വച്ച്, മൊബൈൽ നോക്കുകയും സംസാരിക്കകയും ചെയ്യുന്നു.
ദീർഘയാത്രയിലെ മുഷിപ്പ് എത്ര നിസ്സാരമായി പുതുതലമുറ തരണം ചെയ്തിരിക്കുന്നു.
അയാൾ വികസിച്ച കണ്ണുകളൊടെ സീറ്റിലേക്ക് അമർന്നിരുന്നു.
അയാളുടെ ശ്രദ്ധ വീണ്ടും വാതിക്കൽ നിൽക്കുന്ന കുട്ടികളിലേക്കായി.
അവർ ഇപ്പോൾ സംസാരിക്കുന്നില്ല.
തികഞ്ഞ മൗനം, ചിരിക്കുന്നുമില്ല. കണ്ണകളിൽ നോക്കി പ്രതിമകൾ കണക്കെ നിൽക്കുന്നു.
അയാൾ സൂക്ഷിച്ച് നോക്കി, പെൺകുട്ടിയുടെ ചുരിദാർഷാൾകൊണ്ട് അവർ പരസ്പരം ബന്ധിച്ചിരിക്കുന്നു. അവരുടെ മുഖങ്ങളിൽ നനവു പടർന്ന ഒരു ചിരി വിടർന്നുവോ ?
ട്രെയിനിൻ്റെ വേഗത അല്ലം കുറഞ്ഞു.
കായലിന് കുറുകെയുള്ള പാലം കടക്കുകയാണ്.
കുട്ടികൾ പരസ്പരം കൈകോർത്ത് ചേർന്ന് നിന്നു.
ഫോൺ കായലിലേക്ക് വലിച്ചെറിഞ്ഞു.
അപകടം മുന്നിൽ കണ്ട അയാൾ ചാടി എഴുന്നേറ്റു.
" അരുത് മക്കളെ ''
നിലവിളി പോലുയർന്ന അയാളുടെ പിൻ വിളിക്ക് കുട്ടികൾ ചെവികൊടുത്തില്ല.
അപക്വമായ ചിന്തകളുടെ
അപൂർണ്ണമായ പര്യവസാനം.
ജലദേവത ആഴങ്ങളിലെ പവിഴ കൊട്ടാരത്തിലേക്ക് അവരെ
കൂട്ടികൊണ്ട് പോയിരിക്കുന്നു!
മൊബൈൽ കുത്തിയും, പാതി മയങ്ങിയും ഇരുന്ന യാത്രക്കാരിൽ അധികവും എന്താണ് സംഭവിച്ചതെന്ന് അറിയാതെ മിഴിച്ചിരുന്നു.
മുകൾ ബർത്തിലെ പെൺകുട്ടിയും ചെവിയിൽ ഇയർഫോൺ തിരുകി, കണ്ണടച്ചിരിക്കുന്നു.
കണ്ണ് ചിമ്മിയ നേരത്തിനുള്ളിൽ കൺമുന്നിൽ നിന്നവർ മറഞ്ഞത് അയാൾ മാത്രം വ്യക്തമായി കണ്ടു.
കണ്ണുകൾ പൊത്തി അയാൾ ഇരുന്നു.
ആരോ ചങ്ങലവലിച്ചു.
ട്രെയിൻ നിന്നു.
ബാലേട്ടനെ അവസാനമായി
കാണാനുള്ള യാത്രക്കിടയിലെ
ഉള്ളം നടുക്കുന്നകാഴ്ച്ച
ഒരു ദുർസ്വപ്നമായി കണ്ട് ആശ്വാസത്തോടെ അയാൾ ഇരിക്കുമ്പോൾ, ട്രെയിൻ മുന്നോട്ട് നീങ്ങിതുടങ്ങി.