വേനലും മഞ്ഞും മഴയുമായി വർഷങ്ങൾ ഒത്തിരി ഒത്തിരി കടന്നു പോയി . ഞാൻ വിധിയുടെ ഒഴുക്കിൽ ഒഴുകി ഒഴുകി ഒരു പൊങ്ങു തടി പോലെ ഏഴാം കടലിന്റെ ഇക്കരെ എത്തി . അക്കങ്ങളുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്തപ്പി ഒരു മില്യൺ എന്ന സംഖ്യ യിൽ എത്ര പൂജ്യം ഉണ്ടെന്നതു മുത ലുള്ള അമൂല്യങ്ങളായ അറിവിന്റെ രത്നങ്ങൾ കണ്ടെടുത്തു . ഡെബിറ്റിന്റെയും ക്രെഡിറ്റി ന്റെയും ഇടയിൽ ഒരു തരത്തിലും വിവേചനം ഉണ്ടാകാതിരിക്കാൻ പതിവായി ഒരു അനുരഞ്ജന പ്രക്രിയ നടത്തി കാര്യങ്ങൾ ക്രമമാക്കി പോന്നു . സർക്കാർ റവ ന്യു വകുപ്പിലെ നികുതി വരുമാനം ജന പ്രതിനിധി കൾ പാസ്സാക്കുന്ന ലോങ്ങ് ബില്ലിൽ വകയിരുത്തിയിട്ടുള്ള മേഖല കളിൽ തന്നെ യാണ് ചിലവാക്കുന്നതെന്ന് ഉറപ്പു വരുത്തണം .ഇതിന്റെ ഒക്കെ തിക്കിനും തിരക്കിനും ഇടയിൽ എന്തെല്ലാം എന്തെല്ലാം ഇവിടെയും അവിടെയുമായി സംഭവിച്ചു . ആകാശം ഇടിഞ്ഞു വീഴുമെന്നും മറ്റും വീമ്പിളക്കി മലപോലെ വന്ന Y2k (AD 2000) ഒരെലി പോലെ കടന്നു പോയി . സ്വാതന്ത്ര്യത്തിന്റെ ദേവത യുടെ കൈയോടൊപ്പം ആധുനിക നാഗരികതയുടെ പ്രതീകമായി ഉയർന്നു നിന്നിരുന്ന ആകാശ ചുംബികളായ ഇരട്ട ഗോപുരങ്ങൾ ഇടി വെട്ടേറ്റത് പോലെ നിലം പരിശായി . ഒരു നാടും നാട്ടുകാരും ഞെട്ടി! ആ ഞെട്ടൽ ഇന്നും ഒരു ദുസ്വപ്നമായി തുടരുന്നു . ഭരണങ്ങൾ മാറി മാറി വന്നു , ജയിച്ചു കയറാൻ വേണ്ടി പുതിയ വാഗ്ദാനങ്ങൾ അനർഗളം പ്രവഹിച്ചു കൊണ്ടേയിരുന്നു , കാല വ്യത്യാസമില്ലാതെ !
കലണ്ടറുകൾ മാറി മാറി മറിയുന്നതിന്റെ ഇടയിൽ ഞങ്ങൾക്കും മക്കൾ ഉണ്ടായി . എന്റെ വളർച്ച മുരടിച്ചെങ്കിലും അവർ വളർന്നു കൊണ്ടേയിരുന്നു . മക്കൾ എലിമെന്ററി സ്കൂളിൽ നിന്നും മിഡിൽ സ്കൂളും കടന്ന് ഹൈ സ്കൂൾ ഗ്രാഡുവേഷ നും കഴിഞ്ഞു കോളേജിൽ എത്തി . മാതാ പിതാക്കളുടെ " നോ നോ " യുടെ തടവറയിൽ നിന്നും യെസ് യെസ് ധാരാളമായി കേൾക്കുന്ന യൂണിവേഴ്സിറ്റി ക്യാമ്പസ് കളിലേക്കും ഡോർമെറ്ററികലെ ഇടനാഴികളി ളിലേക്കും മക്കളുടെ ജീവിതം പ്രകൃതിയുടെ ഒരു പതിവ് പ്രക്രിയ യായി പറിച്ചു നടപ്പെട്ടു . വാർദ്ധക്യം എന്ന ആർക്കും വേണ്ടാത്ത കഷായം കുടിച്ചു ദേശ ഭേദം കൂടാതെ കൂടുകളിൽ തനിച്ചിരിക്കുന്ന മീവൽ പക്ഷികളായി മാറി മാതാ പിതാക്കളും സഹോദരങ്ങളും . കവി പാടിയത് പോലെ വാതരോഗത്തിന്റെ വേദന പോകു ന്നത ല്ലെന്നറിഞ്ഞിട്ടും ധന്വന്തരം കുഴമ്പു പുരട്ടി നാളുകൾ നീക്കുന്ന പ്രിയപ്പെട്ടവർ. ക്ഷീണാവസ്ഥയിൽ ഉള്ള അവരെയൊക്കെ കാണാൻ പറ്റുമ്പോഴൊക്കെ നാട്ടിൽ പോകാൻ കഴിവതും ശ്രമിച്ചു . കുടുംബ ബന്ധങ്ങളോ, പെണ്ണോ പെടക്കോഴിയോ ഇല്ലാത്ത സൂപ്പർവൈസർ മാർക്കും മാനേജർ മാർക്കും ആയിരക്കണക്കിന് ഡോളർ മുടക്കി ടിക്കറ്റ് വാങ്ങി മൂന്നാം പക്കം നാട്ടിൽ ചെന്നിട്ടു രണ്ടാഴ്ചക്കകം തിരിച്ചു വരിക പ്രാക്ടിക്കലി ഇമ്പോസ്സിബിൾ ആണെന്ന് എത്ര പറഞ്ഞാലും മനസിലാകില്ല .
എന്നാലും പറ്റുമ്പോഴൊക്കെ ഒരു തീർഥാടനം പോലെ നാട്ടിലേക്കു ഇരു മുടി കെട്ടുമേന്തിയുള്ള ആ യാത്ര ഉണ്ടാവും
അപ്പനും അമ്മയും ഭൂമിയിൽ നിന്നും ഞങ്ങളെ എല്ലാം വിട്ടു പിരിഞ്ഞു നക്ഷത്രങ്ങളായി ആകാശത്തു കുടിയേറിയപ്പോൾ നാട്ടിൽ പോകുന്നതിന്റെ ആവേശമെല്ലാം തണുത്തു . വല്ലപ്പോഴും ഒന്ന് പോകുന്നതിനു കാരണമായി എന്നും കുളിരേകുന്ന ഓർമ്മകൾ നിറഞ്ഞ കലാലയ ജീവിതം തന്ന നല്ല സുഹൃത് വലയവും വിരലിൽ എണ്ണാൻ മാത്രം ശേഷിച്ച കുടുംബ ബന്ധങ്ങളും മാത്രം . ഇഷ്ട സുഹൃത്ത് സദാനന്ദൻ ഇന്ത്യൻ ഓവർസീസ് ബാങ്കിലെ മാനേജർ ആയിരുന്നത് കാരണം വിദേശ നാണയ വിനിമയ പ്രശ്നങ്ങൾ ഒന്നും എനിക്കുണ്ടായിരുന്നില്ല . പിൻവാതിലിൽ കൂടെയുള്ള ഒരു ഇടപാടിനും ഒരിക്കലും താൽപര്യമില്ലായിരുന്ന എന്നെ സദാനന്ദൻ ചില്ലറ അല്ല സഹായിച്ചിട്ടുള്ളത് . സദാനന്ദൻ റിട്ടയർ ചെയ്യാൻ പോവുകയാണ് അടുത്ത വര്ഷം . ഞാൻ ഈ വര്ഷം നാട്ടിൽ ചെന്നപ്പോൾ എന്റെ പതിവ് ബാങ്ക് സന്ദർശന വേളയിൽ സദാനന്ദന്റെ റിട്ടയർ മെന്റിന്റെ കാര്യവും എന്റെ അക്കൗണ്ടിന്റെ ഭാവിയും എല്ലാം സംബന്ധിച്ച് അദ്ദേഹം എനിക്ക് ഒരു ചെറിയ സ്റ്റഡി ക്ലാസ് തന്നെ എടു ത്തു . എന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ടു ചില്ലറ പ്രശ്നങ്ങൾ ഉണ്ട് , എനിക്ക് ആധാർ കാർഡ് ഇല്ല . ഒരു ആധാർ കാർഡ് എടുക്കണം , പാൻ കാർഡ് എടുക്കണം അത് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം അങ്ങനെ നൂറു നൂറു കാര്യങ്ങൾ അടങ്ങിയ ഒരു "ടു ഡു" ലിസ്റ്റ് എനിക്ക് തന്നു . എന്നിട്ടു എന്നെ പെരുവഴിയിലേക്കു വലിച്ചെറിയാതെ എങ്ങനെ ഇതൊക്കെ ഉണ്ടാക്കാം എന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ മടിക്കരുതെന്ന പതിവ് ഉപസംഹാര വാക്കും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു . രണ്ടു ദിവസം മുഴുവൻ ഞാൻ ആധാർ കാർഡിന്റെ പുറകെ നടന്നു
, പക്ഷെ ഒന്നും ഒരിടത്തും എത്തിയില്ല . വില്ലേജ് ഓഫീസ് , താലൂക്ക് ഓഫീസ് , ജില്ലാ പഞ്ചായത്ത് ഓഫീസ് , കലക്ടറേറ്റ് ...അങ്ങനെ ഒരിടത്തു ചെല്ലുമ്പോൾ വേറൊരിടത്തിലേക്ക് പറഞ്ഞു വിടും . ഞാൻ നാട്ടിൽ നിന്നും പോന്നതിനു ശേഷം ഉണ്ടായ അവതാരങ്ങൾ ആണ് ആധാറും പാനും തുടങ്ങിയ ഓരോരോ കാർഡുകൾ . ഞാൻ ജനിച്ച നാട്ടിൽ ഒരു അന്യ ഗ്രഹ ജീവിയെ പോലെ എന്നെ കാണുന്ന എന്റെ നാടിൻറെ അധികാര കേന്ദ്രങ്ങളിലെ ജീവനക്കാർ . അവർക്ക് വേണ്ടത് എന്താണെന്നെക്കറിയാം . പക്ഷെ എനിക്ക് അതിനോട് തീരെ താല്പര്യം കുറവാണ് . കാര്യം നടന്നില്ലേലും കൈക്കൂലി കൊടുക്കില്ല എന്ന് ഞാൻ തീരുമാനം എടുത്തു . റേഷൻ കാർഡിന് പാസ്പോർട്ടിനെ കാൾ വിലയുണ്ടെന്ന് സത്യം ഞാൻ രുചിച്ചറിഞ്ഞു അവിടങ്ങളിലെ ജന സേവകർക്ക് അവരെ തേടി എത്തുന്ന ആവശ്യക്കാരെ തട്ടി കളിക്കുന്നത് ഒരു തര൦ ക്രൂരമായ വിനോദമായി അവർ ആസ്വദിക്കുന്നതായി എനിക്ക് തോന്നി .
ഞാൻ തിരിച്ചു സദാനന്ദ സന്നിധിയിൽ ശരണം പ്രാപിച്ചു . തലയിൽ നിന്നും പുക വരുന്നത് വരെ ഞങ്ങളുടെ ആലോചന നീണ്ടു പോയി . സിസ്ററ്യന് ചാപ്പലിലെ പുക കുഴലിലൂടെ പുക വരുമ്പോൾ കർദിനാൾ സമിതി പോപ്പിനെ തെരെഞ്ഞെടുത്തു എന്ന് ജനം അറിയുന്നത് പോലെ . സദാന്ദൻ സാറിന്റെ തലയിൽ നിന്നും വന്ന പുകയോടൊപ്പം ഒരു പ്രശ്ന പരിഹാരവും പുറത്തു വന്നു . “ നമുക്ക് ഒരാളെ കാണണം അങ്ങേര് വിചാരിച്ചാൽ പുഷ്പം പോലെ നടക്കാവുന്ന കാര്യമേ ഉള്ളു “. കവടി നിരത്തി ജ്യോൽസ്യൻ മാർ പറയുന്നത് പോലെ സദാനന്ദൻ സാർ പ്രതിവചിച്ചു .” നമ്മുടെ ഹരി സാറിനെ ഒന്ന് കണ്ടാൽ കാര്യം നടക്കും, അദ്ദേഹത്തിന് നിങ്ങളെ പ്രെത്യേകിച്ചു പറഞ്ഞു പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ . നിങ്ങൾ നാട്ടുകാരും സുഹൃത്തുക്കളും ഒക്കെ അല്ലെ” . എന്റെ നാട്ടുകാരനും സഹ പാഠിയുമായ ഹരി നാരായണൻ നമ്പൂതിരിയുടെ കാര്യമാണ് സദാനന്ദൻ പറയുന്നത് .
പുതിയ കാവിലെ ഉത്സവത്തിന് ആനയുടെ പുറത്തു ദേവിയുടെ തിടമ്പുമായി ഇരിക്കുന്ന , അച്ഛന്റ്റെ അനാരോഗ്യവും രോഗവും കാരണം പൂജാ കർമങ്ങളും മറ്റു ഉത്തരവാദിത്വങ്ങളും പറക്ക മുറ്റാത്ത പ്രായത്തിലെ കുഞ്ഞു തോളിലേറ്റിയ എന്റെ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഇരുന്ന് , എന്നും കുളിച്ചു കുട്ടപ്പനായി കുറിയും തൊട്ടു വന്നിരുന്ന ചന്ദനത്തിന്റെ മണമുള്ള കൊച്ചു തിരുമേനി . കോളേജ് പഠന കാലം മുതൽ സൗഹൃദത്തിൽ അല്പം അകൽച്ച ഉണ്ടായെങ്കിലും ഞങ്ങൾ കൂട്ടുകാർ തന്നെ ആയിരുന്നു . ഇടതു പക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ചേക്കേറിയ ഹരി അച്ഛന്റെ പൂജ കർമങ്ങളി ലും ക്ഷേ ത്ര കാര്യങ്ങളിലും ഒട്ടും താല്പര്യം കാണിക്കാതെ ആയി . പ്രായവും രോഗവും അലട്ടിയിരുന്ന തിരുമേനി ഒരു ഉത്സവത്തിന് ഹരിയുടെ അസാന്നിധ്യത്തിൽ മനസില്ലാ മനസോടെ അനാരോഗ്യം വക വെക്കാതെ ആനയുടെ പുറത്തു കയറി ദേവിയുടെ തിടമ്പ് പിടിക്കുകയും ആനപ്പുറത്തുനിന്നും നിന്നും തിടമ്പുമായി കുഴഞ്ഞു താഴെ വീ ഴുകയും ചെയ്തു . നാട്ടുകാർ അദ്ദേഹത്തെ ആന ചവിട്ടാതെ വലിച്ചെടുത്തു ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളേജിലേക്ക് പെട്ടെന്ന് എത്തിച്ച കാരണം ജീവൻ രക്ഷിക്കാൻ പറ്റി . പിന്നീട് എന്ത് സംഭവിച്ചു എന്ന് സദാനന്ദനിൽ നിന്നാണ് ഞാൻ മനസിലാക്കിയത് . ജീവൻ രക്ഷിക്കാൻ പറ്റിയെങ്കിലും വലിയ തിരുമേനി കിടപ്പിലായി . പേരിനൊരു ജീവ ശ്വാസം ഉണ്ടെന്നു മാത്രം . ആ കിടപ്പു ഒന്ന് രണ്ടു വര്ഷം കിടന്നു . ഹരി ഹൈ കോർട്ടിൽ പ്രാക്ടീസ് തുടങ്ങി . പാർട്ടിയുടെ കേസുകൾ ഉൾപ്പെടെ പ്രശസ്തമായ പല കേസുകളും കൈകാര്യം ചെയ്യുന്ന ശ്രീധര മേനോൻ വക്കീലിന്റെ ജൂനിയർ ആയി ഹരി തന്റെ വക്കീൽ ജീവിതം തുടങ്ങി . തുടക്കത്തിൽ തന്നെ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ അങ്ങേയറ്റത്തെ മിടുക്ക് കാട്ടി . അധികം വൈകാതെ സമർഥനായ വക്കീൽ എന്ന ഖ്യാതി അയാൾ നേടി . മിക്കവാറും ശ്രീധര മേനോൻ സാറിന്റെ കേസുകൾക്ക് അപ്യർ ചെയുന്നത് ഹരി ആയിരുന്നു . ഹരിയെ അദ്ദേഹത്തിന് അത്രയ്ക്ക് വിശ്വാസവും സ്നേഹവുമായിരുന്നു .ഒന്ന് രണ്ടു വർഷങ്ങൾക്ക് ശേഷം മേനോൻ വക്കീലിന്റെ മകൾ ലതയുമായി ഹരിയുടെ വിവാഹം നടന്നു . പാർട്ടി ഓഫീസിൽ വച്ച് നടന്ന ചെറിയ ചടങ്ങിൽ രക്ത ഹാരം എടുത്തു കൊടുത്തു വധു വരന്മാരെ ആശിർവദിച്ചത് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു . പാർട്ടി അധികാരത്തിൽ വന്നപ്പോൾ ശ്രീധര മേനോൻ വക്കീലിനെ പബ്ലിക് പ്രോസിക്യൂട്ടർ ആക്കിയപ്പോൾ ഹരി , മേനോൻ സാറിന്റെ കക്ഷികളെ എല്ലാം ഏറ്റെടുത്തു കൂട്ടത്തിൽ പാർട്ടിയുടെ കേസുകളുടെ പ്രധാനപ്പെട്ട വക്കീൽ എന്ന സ്ഥാനവും കിട്ടി . ഇപ്പോൾ ഹരിക്കും ലതക്കും രണ്ടു മക്കൾ ഉണ്ട് .
സദാനന്ദൻ ഫോൺ എടുത്ത് ഹരിയുടെ നമ്പറിലേക്കു വിളിച്ചു . തിരിച്ചു വിളിക്കാമെന്ന് അങ്ങേ അറ്റത്തുനിന്നും പറഞ്ഞു പെട്ടെന്ന് ഫോൺ താഴെ വച്ചു . കുറച്ചു നേരത്തിനു ശേഷം ഫോൺ ശബ്ദിച്ചു . സദാന്ദൻ എന്തെക്കെയോ ബാങ്ക് സംബന്ധമായ കാര്യങ്ങൾ സംസാരിച്ച ശേഷം ഞാൻ വന്നിട്ടുണ്ട് എന്നും ഒന്ന് കണ്ടാൽ കൊള്ളാമെന്നും അറിയിച്ചു . ഫോൺ എന്റെ കൈയിൽ തരാൻ അപ്പുറത്തു നിന്നും ആവശ്യപ്പെട്ടു . ഞാൻ ഫോൺ വാങ്ങി . വര്ഷങ്ങള്ക്കു ശേഷം അങ്ങേ തലക്കൽ വളരെ പരിചിതമായ , സ്നേഹോഷ്മളമായ ആ ശബ്ദം . കുറെ നേരം സംസാരിച്ചു , കാര്യങ്ങൾ ഒക്കെ പറഞ്ഞു. രാവിലെ വീട്ടിൽ വരണമെന്നും ബ്രേക്ഫാസ്റ് വീട്ടിൽ നിന്നും ആകാമെന്നും എന്റെ ഭാര്യയെയും കുട്ടികളെയും കാണാൻ താല്പര്യം ഉണ്ടെന്നും എല്ലാം പറഞ്ഞു നിർത്തി . ഹരിയുടെ തിരക്ക് പിടിച്ച ജീവിതത്തിന്റെ അലകളൊന്നും എന്നോട് ഫോണിൽ സംസാരിച്ചപ്പോൾ തോന്നിയില്ല . പഴയ സുഹൃത്തിന് അല്പം കൂടി പക്വത വന്ന പോലെ.
ഞാൻ ഭാര്യാ സമേതനായി ഹരിയെക്കാണാൻ ഞങ്ങളുടെ വീട്ടിൽ നിന്നും രവിലെ തന്നെ പുറപ്പെട്ടു . കാറിൽ വച്ച് എന്റെ ഭാര്യയോട് ഹരിയുടെയും എന്റെയും ബാല്യ കാല കഥകളും വീര കൃതൃങ്ങളും പറഞ്ഞു പറഞ്ഞു അവളെ മുഷിപ്പിച്ചു . എന്നാലും അവൾ ചിരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു . എന്റെ മനസിന്റെ കാൻവാസിൽ ബാല്യം കോറിയിട്ട ഒരു ചിത്രം ഉണ്ട് ! കറു കരുത്തൊരാ നയും അതിന്റെ പുറത്തു പൊന്നും നുറുക്ക് പോലത്തെ ഒരു ഉണ്യമ്പൂരി യും! ആ ചിത്രം ഇപ്പോഴും എപ്പോഴും മാച്ചു കളയാൻ കഴിയാതെ വണ്ണം തെളിഞ്ഞു നിൽക്കുകയാണ് .നാട്ടുമ്പുറത്തുള്ള നാലുകെട്ടും വലിയ കുളവും മരങ്ങളും ഒക്കെ നിറഞ്ഞ എന്റെ പഴയ കൂട്ടുകാരന്റെ ഇല്ലം . ഞങ്ങളുടെ സ്കൂൾ , ഇന്റെർവെല്ലിന്റെ , ഉച്ച ഊണിന്റെ സമയം ഒക്കെ ഞങ്ങൾ ഒന്നിക്കാറുണ്ടായിരുന്ന നിമിഷങ്ങൾ , എന്റെ ഓർമയിലൂടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയുടെ ട്രൈലെർ പോലെ മിന്നി മറഞ്ഞു. എന്റെ സ്വപ്നങ്ങളിൽ പോലും ഞാൻ വിചാരിക്കാത്തത്ര ഉയരത്തിൽ ഹരി വളർന്നിരിക്കുന്നു . മയ്യഴിയിലെ ദാസനെ പോലെ അധികാര വർഗം വച്ചു നീട്ടിയ ഉദ്യോഗവും , ജീവിത സൗകര്യങ്ങളും ആദർശങ്ങളുടെ പേരിൽ വേണ്ട എന്ന് വച്ച് പ്രസ്ഥാനത്തിന് വേണ്ടി ജീവിത0 മാറ്റി വച്ച ഒരു ഹരിയെ ആണോ ഞാൻ മനസ്സിൽ കണ്ടിരുന്നത് ? ഹരിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ പിറകി ലും ഒരു കുഞ്ഞനന്തൻ മാഷ് ഉണ്ടായിരുന്നോ ? ഞാൻ ഭൂത കാല സ്മ്രിതികളിൽ നിന്നും ഉണർന്നത് ഞങ്ങളുടെ കാർ ഒരു വീടിന്റെ ഗേറ്റ് കടന്നു മുറ്റത്തെ മണലിൽ ശബ്ദം ഉണ്ടാക്കിയപ്പോഴാണ് .
പട്ടണത്തിലെ തിരക്കൊഴിഞ്ഞ ഭാഗത്തു ജില്ലാ കളക്ടർ , പോലീസ് സൂപ്രണ്ട് മുതലായ ഉന്നത ഉദ്യോഗ സ്ഥരും സമ്പന്നരായ ബിസിനെസ്സ് കാരും ഒക്കെ താമസിക്കുന്ന “"പോഷ് ഏരിയയിൽ " ആയിരുന്നു ഹരിയുടെ വീട് . രണ്ടു നിലയിലുള്ള ഐശ്വര്യ മുള്ള വലിയ വീട് . വീടിന്റെ മതിലിന് പുറത്തു മനോഹരമായ നെയിം ബോർഡിൽ അഡ്വ : ഹരി നാരായണൻ MA LLB എന്ന് മനോഹരമായി എഴുതിയിട്ടുണ്ട് . പൂണൂൽ വലിച്ചെറിഞ്ഞത് പോലെ പേരിലെ വാലും ഹരി മുറിച്ചു കളഞ്ഞിരിക്കുന്നു . വീടിന്റെ അധികം ദൂരെയല്ലാതെ പുഴ , പുഴയുടെ കരയിൽ പല തരത്തിലുള്ള പൂക്കൾ നിറഞ്ഞ മരങ്ങൾ . പുഴയുടെ അക്കരെ കൃഷി ഇല്ലാതെ കിടക്കുന്ന വിസ്തൃതമായ പാട ശേഖരം . ഈ പാടത്തിന്റെ നടുവിലൂടെ യുള്ള റെയിൽവേ ട്രാക്കിലൂടെ കൂവി വിളിച്ചും കൊണ്ട് പോകുന്ന ട്രെയിനുകൾ . എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു കുളുർമ അനുഭവപ്പെട്ടു . ഹരിയുടെ വീടിന്റെ മുറ്റത്തു അദ്ദേഹത്തെ കാണാൻ ഒത്തിരി ആൾകാർ വന്നിട്ടുണ്ട് . അവിടെ വന്നിരിക്കുന്ന വിസിറ്റർസിൽ ഒരാളായി അവിടെ നിൽക്കണോ അതോ കാളിങ് ബെൽ അടിക്കണോ എന്നൊക്കെ ആകെ സംശയിച്ചു നിൽക്കുമ്പോൾ പൂമുഖ വാതിൽക്കൽ ഹരിയുടെ സ്വന്തം പൂന്തിങ്കൾ പ്രത്യക്ഷപ്പെട്ടു . ലത , ഹരിയുടെ ഭാര്യ . ഞങ്ങളെ കണ്ടതും വാതിൽ തുറന്നു പുറത്തേക്കു വന്നു . ഏതോ ജന്മാന്തര ബന്ധ മുള്ള, ഒരു കുടുംബാംഗത്തെ കണ്ട പോലെ വിടർന്ന കണ്ണുകളോടെ , ഒരു ഔപചാരികതയും ഇല്ലാതെ ഊഷ്മളമായ ആലിംഗനത്തോടെ ഞങ്ങളെ സ്വീകരിച്ചു . മനോഹരമായി അലങ്കരിച്ച സ്വീകരണ മുറി . വില കൂടിയ സോഫകളും മറ്റു ഫര്ണിച്ചറുകളും . കുലീനയായ ഒരു വീട്ടമ്മ യെ പോലെ ലത ഞങ്ങളെ സ്വീകരിച്ചിരുത്തി . " ഹരി ഇപ്പോൾ വരും . സി എമ്മു മായി ഒരു കോൺഫറൻസ് കോളിൽ ആണ് . ഇപ്പോൾ വരും , എന്തോ അര്ജന്റ് കാര്യമാണ് .. ചായ എടുക്കട്ടേ ? മധുരം ആകാമല്ലോ അല്ലെ ? "… പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഹരി വന്നു .
ആശ്ലേഷാലിംഗന ത്തിൽ വര്ഷങ്ങള്ക്കു ശേഷവും ബാല്യത്തിന്റെ , കൗമാരത്തിന്റെ നൂറു നൂറു ഓർമ്മകൾ മനസിലൂടെ ,കണ്ണിലൂടെ ജല കണങ്ങളായി പൊടിഞ്ഞു വീണു . ഞങ്ങളുടെ ഇടയിൽ ബലക്ഷയം സംഭവിച്ച സൗഹൃദത്തിന്റെ ഇഴകൾ കൂട്ടി തുന്നാൻ കുറെ നിമിഷങ്ങൾ കൊണ്ട് ഞങ്ങൾക്ക് കഴിഞ്ഞു . എന്റെ വീട്ടിലെ കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു . ഹരിയുടെ വീട്ടിലെയും വിശേഷങ്ങൾ എല്ലാം വിസ്തരിച്ചു പറഞ്ഞു . ഇല്ലത്തു ഇപ്പോൾ ഹരിയുടെ ഇളയ സഹോദരി യും കുടുംബവും ആണ് താമസം . പുതിയ കാവ് ക്ഷേത്രം ഇപ്പോൾ ദേവസ്വം ബോർഡിൻറെ കീഴിലാണ് . നാടിന്റെയും നാട്ടുകാരുടെയും വീട്ടുകാരുടെയും ഒക്കെ കാര്യങ്ങൾ പറയുമ്പോൾ ഹരിയുടെ കണ്ണിലും മനസിലും പഴയ കാലത്തിന്റെ മധുര മൂറുന്ന ഓർമകളുടെ തിളക്കം കാണാമായിരുന്നു .
വീടിന്റെ പുറത്തു കാത്തു നിൽക്കുന്നവരുടെ എണ്ണം കൂടി വരുന്നത് ഞാൻ ശ്രദ്ധിച്ചു . ഇവിടെ ഔചിത്യം കാണിക്കേണ്ടത് ഞാൻ ആണ് . ഞാൻ ഹരിയോട് പറഞ്ഞു , " ആളുകൾ വളരെ നേരമായി പുറത്തു കാത്തു നിൽക്കുന്നു . ഞങ്ങൾ ഇറങ്ങട്ടെ, " ശ്രീ കൃഷ്ണനെ കാണാൻ വന്ന കുചേലനെ പോലെ വന്ന കാര്യം പറയാൻ പോലും മറന്ന് , മടങ്ങി പോകാൻ ധൃതി കൂട്ടുന്ന എന്നോട് ഹരി പറഞ്ഞു " സദാനന്ദൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു . ഞാൻ കളക്ടറുടെ ഓഫീസിലെ ഞങ്ങളുടെ യൂണിയൻ ഭാരവാഹിയോട് ആധാർ കാർഡിന്റെയും മറ്റും കാര്യങ്ങൾ പറഞ്ഞു ഏൽപ്പിച്ചിട്ടുണ്ട് . അയാൾ എല്ലാം നോക്കിക്കൊള്ളും . പോകുന്നതിന് മുൻപ് ഇനിയും ഇതിലെ വരണം . പറ്റുമെങ്കിൽ ഒരു രാത്രി എന്റെ കൂടെ താമസിക്കണം . ശരിക്കും പറഞ്ഞാൽ ഇനിയും എന്തെല്ലാം ചോദിക്കാനും പറയാനും കിടക്കുന്നു ." എനിക്കും സത്യം പറഞ്ഞാൽ അവിടെ നിന്നും പോരാൻ മനസ്സില്ലായിരുന്നു . ചോദിക്കാൻ മനസ്സിൽ കരുതിയിരുന്ന ഒത്തിരി ചോദ്യങ്ങൾ എന്നിലേക്ക് തന്നെ ഒതുക്കി ഞങ്ങൾ അവിടെ നിന്നും ഇറങ്ങി …
പക്ഷെ പിന്നീട് അവിടെ പോകാൻ ഒന്നും പറ്റിയില്ല . എന്റെ ആവശ്യത്തിൽ " ഹരി എഫ്ഫക്റ്റ് " ഉണ്ടായി . അടിയന്തിരമായി എനിക്ക് ആധാർ കാർഡും പാൻ കാർഡും കിട്ടി . എന്റെ അക്കൗണ്ട് ആധാർ കാർഡും പാൻ കാർഡും ഒക്കെയായി ലിങ്ക് ചെയ്യപ്പെട്ടു . ബാങ്ക് മാനേജർ എന്ന നിലയിൽ റിട്ടയർ ചെയ്യുന്നതിന് മുൻപ് അവസാനമായി എനിക്ക് അയച്ച മെസ്സേജ് ഇപ്പോഴും ഒരു നിധി പോലെ സൂക്ഷിക്കുന്നുണ്ട് ! " സുഹൃത്തേ , താങ്കളുടെ അക്കൗണ്ട് ആക്റ്റീവ് ആക്കി സൂക്ഷിക്കാൻ മിനിമം സംഖ്യയായ പതിനായിരം രൂപ എത്രയും വേഗം നിക്ഷേപിക്കണം എന്ന് ഓർപ്പിക്കട്ടെ " ....
1st part link: https://emalayalee.com/vartha/330412