Image

എന്റെ വാലന്റൈന്‍ (രചന: ജി. പുത്തൻകുരിശ്)

Published on 04 February, 2025
എന്റെ വാലന്റൈന്‍ (രചന: ജി. പുത്തൻകുരിശ്)

ചന്ദ്രികചർച്ചിത സുന്ധര സന്ധ്യയിൽ 
സുന്ദരി കാവ്യമയൂരമേ വന്നു നീ 
അന്തരംഗത്തിൻ അഗാധതലങ്ങളിൽ 
ചന്തമിയലുന്ന പീലിവിടർത്തി നീ

സുന്ദരി നിന്റെയാ പുഞ്ചിരി പാലോളി 
അന്തരാത്മാവിനനുഭൂതിയേകുന്നു 
നിന്റെ മിഴികളിൽ മിന്നും തിളക്കമ-
തെൻ അനുരാഗ പ്രതിബിംബമോ!

ഇല്ലില്ലെനിക്കിനി പോകുവാനാവില്ല 
അല്ലിത്താറായി നീയെന്നേ ചുറ്റുമ്പോൾ 
ഫുല്ലമാം നിന്റെയാ പുഷ്പദളങ്ങളെ 
പുല്കിഞാനീ പൊയ്കയിൽ നില്ക്കട്ടെ

ന്യുനമാം വാക്കുകൾ ചേർത്ത് കുറയ്ക്കുമി 
ഗാനത്തിനർച്ചന ശുഷ്കമാണോമനേ 
എങ്കിലും നീയെനിക്കേകി നിൻ ദർശനം 
തങ്കക്കിനാവായി വന്നു നീയെന്നുള്ളിൽ

ക്രുദ്ധമാം വാക്കുകൾ കൊണ്ട് നിൻ ലോലമാം 
ഹൃത്തടം കുത്തി മുറിച്ചെങ്കിൽ ദേവി നീ 
ഏകുക മാപ്പെന്റെ കാവ്യമയൂരമേ 
മൂകനാകുന്നു വെല്ക നീ സുന്ദരി

സംഗീതം & ഗാനം: വിൽസ്വരാജ്  
Please watch YouTube
https://youtu.be/i4ho1TS0d6c?si=3par089NsTD_ACY-
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക