Image

ട്രംപ്-മോദി മീറ്റിങ് നടക്കാനിരിക്കെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ യു.എസ് തിരിച്ചയക്കുന്നു (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 04 February, 2025
 ട്രംപ്-മോദി മീറ്റിങ് നടക്കാനിരിക്കെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ യു.എസ് തിരിച്ചയക്കുന്നു  (എ.എസ് ശ്രീകുമാര്‍)

ലോകം ഉറ്റുനോക്കുന്ന നരേന്ദ്ര മോദി-ഡൊണാള്‍ഡ് ട്രമ്പ് കൂടിക്കാഴ്ച ഈ മാസം 13-ന് നടക്കാനിരിക്കെ നാടുകടത്തലിന്റെ ഒന്നാം ഘട്ടമായി 205 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തെ വഹിച്ചുകൊണ്ടുള്ള യു.എസ് മിലിറ്ററിയുടെ സി-17 വിമാനം ഉടന്‍ ഇന്ത്യയിലെത്തും. ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്ക് ടെക്‌സസിലെ സാന്‍ ആന്റോണിയോ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി ഒഴിപ്പിക്കുന്നവരെ കൊണ്ടുപോകുന്നതില്‍ നിലവില്‍ ഏറ്റവും ദൂരത്തുള്ള രാജ്യമാണ് ഇന്ത്യ. അതേസമയം മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ അനധികൃത കുടിയേറ്റ വിഷയമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ക്ക് ട്രമ്പ് ഉത്തരവിട്ടിരുന്നു. അനധികൃത കുടിയേറ്റക്കാരെന്ന് തെളിയുന്നവരെ തിരിച്ചെത്തിക്കുമെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക അതിര്‍ത്തി, കുടിയേറ്റ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുകയാണ്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുകയും ചെയ്യുന്നു. അനധികൃത കുടിയേറ്റം അപകടം പിടിച്ചതാണെന്ന സന്ദേശമാണ് ട്രംപ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ന്യൂഡല്‍ഹിയിലെ യു.എസ് എംബസി വക്താവ് പ്രതികരിച്ചു. ഇന്ത്യയിലേക്കുള്ള നാടുകടത്തലുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും വക്താവ് ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടത്തുമെന്നാണ് ട്രംപ് പ്രതിജ്ഞയെടുത്തിരിക്കുന്നത്. നാടുകടത്തലിനായി 1.5 ദശലക്ഷം പേരുടെ പട്ടിക യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐ.സി.ഇ) തയ്യാറാക്കിയിട്ടുണ്ട്. പ്യൂ റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള ഡാറ്റ പ്രകാരം, ഇന്ത്യയില്‍ നിന്നുള്ള ഏകദേശം 7,25,000 അനധികൃത കുടിയേറ്റക്കാര്‍ യു.എസില്‍ താമസിക്കുന്നു. ഇത് മെക്സിക്കോയ്ക്കും എല്‍ സാല്‍വഡോറിനും ശേഷമുള്ള അനധികൃത കുടിയേറ്റക്കാരുടെ മൂന്നാമത്തെ വലിയ ജനസംഖ്യയാണ്.

ഐ.സി.ഇ തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുന്നതും, നാടുകടത്തലിന് സൈനിക വിമാനം ഉപയോഗിക്കുന്നതും, ഒഴിപ്പിക്കുന്നവരെ താത്കാലികമായി താമസിപ്പിക്കാന്‍ സൈനിക താവളങ്ങള്‍ തുറക്കുക തുടങ്ങി തന്റെ കുടിയേറ്റ നയങ്ങള്‍ നടപ്പിലാക്കാന്‍ സൈന്യത്തെ കൂടുതലായി ഉപയോഗപ്പെടുത്തുകയാണ് ട്രംപ്. ടെക്സാസിലെ എല്‍ പാസോയിലും കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയിലും എത്തിച്ചിരിക്കുന്ന 5,000-ത്തിലധികം കുടിയേറ്റക്കാരെ നാടുകടത്താനായി പെന്റഗണ്‍ വിമാനങ്ങള്‍ വിട്ടു നല്‍കി തുടങ്ങിയിട്ടുണ്ട്.

ഹോണ്ടുറാസ്, ഗ്വാട്ടിമാല, കൊളംബിയ, ഇക്വഡോര്‍, പെറു, ഈജിപ്ത്, സെനഗല്‍, ഇന്ത്യ, ചൈന, ഉസ്ബെകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയാണ് തിരിച്ചയയ്ക്കുന്നതെന്ന് യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിശദമാക്കിയിരുന്നു. ഇവിടങ്ങളിലേയ്ക്കും കുടിയേറ്റക്കാരെ വഹിച്ചു കൊണ്ടുള്ള വിമാനങ്ങള്‍ പറന്നു തുടങ്ങിയിട്ടുണ്ട്. കുടിയേറ്റക്കാരെ കൊണ്ടുപോകുന്നതിനുള്ള ചെലവേറിയ മാര്‍ഗമാണ് സൈനിക വിമാനങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞയാഴ്ച ഗ്വാട്ടിമാലയിലേക്കുള്ള സൈനിക വിമാനത്തിന് ഒരു കുടിയേറ്റക്കാരന് കുറഞ്ഞത് 4,675 ഡോളര്‍ ചിലവാകുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഫ്രാന്‍സില്‍ 10-11 തീയതികളില്‍ നടക്കുന്ന എ.ഐ (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) ഉച്ചകോടിക്കു ശേഷം ഫെബ്രുവരി 12-ന് വൈകുന്നേരമാണ് മോദി വാഷിങ്ടണിലെത്തുക. രണ്ട് ദിവസം അമേരിക്കയില്‍ തുടരുന്ന മോദിക്ക് വൈറ്റ്ഹൗസ് സന്ദര്‍ശനമടക്കം മറ്റ് ഔദ്യോഗിക പരിപാടികളുമുണ്ട്. മോദിക്ക് വൈറ്റ് ഹൗസില്‍ അത്താഴവിരുന്നൊരുക്കും. കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ ട്രംപ് നികുതി ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച. അതിനാല്‍ വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായിരിക്കും കൂടിക്കാഴ്ചയില്‍ പ്രാധാന്യം നല്‍കുക. ട്രംപ് അധികാരമേറ്റ ശേഷം ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു.

നിയമവിരുദ്ധമായി യു.എസില്‍ എത്തിയ ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരിയായത് ചെയ്യും എന്ന് ട്രംപ് ജനുവരിയില്‍ പറഞ്ഞിരുന്നു. ഉഭയകക്ഷി സഹകരണം വിപുലവും ആഴത്തിലാക്കുകയും ചെയ്യുന്നതിന് പുറമേ ഇന്തോ-പസഫിക്കിലെയും, പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും സുരക്ഷാ പ്രശ്‌നങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്യുകയുണ്ടായി.

ട്രംപിന്റെ ആദ്യ ടേമില്‍ ഇരുനേതാക്കളും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് കാത്തുസൂക്ഷിച്ചത്. 2019 സെപ്റ്റംബറില്‍ ഹൂസ്റ്റണിലും 2020 ഫെബ്രുവരിയില്‍ ഗുജറാത്തിലെ അഹമ്മദാബാദിലും നടന്ന രണ്ട് റാലികളില്‍ മോദിയും ട്രംപും ഒന്നിച്ച് പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. എന്നാല്‍, തന്റെ രണ്ടാമൂഴത്തിനായുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഉയര്‍ന്ന താരിഫുകളുടെ പേരില്‍ ട്രംപ് ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യ കൂടി അംഗമായ ബ്രിക്‌സ് ഗ്രൂപ്പ് ഡോളറിന് ബദലായി പുതിയ കറന്‍സി രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നതും ട്രംപിനെ പ്രകോപിപ്പിരുന്നുവെന്നത് മറ്റൊരു കാര്യം.

പ്രസിഡന്റായി അധികാരമേറ്റെടുത്ത ശേഷം ട്രംപുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പ്രിയ സ്‌നേഹിതന് മോദി അഭിനന്ദനം അറിയിച്ചിരുന്നു. ''എന്റെ പ്രിയസുഹൃത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായ സംസാരിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. അധികാരത്തിലെത്തിയ ചരിത്രപരമായ രണ്ടാമൂഴത്തിന് അദ്ദേഹത്തെ അഭിനന്ദനമറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായതും വിശ്വസനീയവുമായ പങ്കാളിത്തത്തിനായി ഇരുരാജ്യങ്ങളും സന്നദ്ധമാണ്. ഞങ്ങളുടെ ജനതയുടെ ക്ഷേമത്തിനായും ലോകസമാധാനം, ആഗോള അഭിവൃദ്ധി, ആഗോളസുരക്ഷ തുടങ്ങിയവയ്ക്കായും ഞങ്ങള്‍ സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കും...'' എന്നാണ് മോദി എക്‌സ് പോസ്റ്റില്‍ കുറിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക