Image

യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കു ചൈന തീരുവ പ്രഖ്യാപിച്ചു (പിപിഎം)

Published on 04 February, 2025
യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കു ചൈന തീരുവ പ്രഖ്യാപിച്ചു  (പിപിഎം)

ചൈനക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫുകൾ ചൊവാഴ്ച്ച നിലവിൽ വന്നു. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കു തീരുവ പ്രഖ്യാപിച്ചു കൊണ്ട് ചൈന ഉടൻ തിരിച്ചടിക്കയും ചെയ്തു.

കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ നേതാക്കന്മാരുമായി സംസാരിച്ച ശേഷം അവരുടെ മേലുള്ള താരിഫ് ട്രംപ് ഒരു മാസത്തേക്കു നീട്ടി വച്ചെങ്കിലും ചൈനയുമായി ഒരു ചർച്ചയും ഉണ്ടായില്ല.

ചൈനീസ് ഉത്പന്നങ്ങൾക്കു 10% അധിക തീരുവ ചുമത്തുന്നതിനു ട്രംപ് പറഞ്ഞ ന്യായം അവർ യുഎസിലേക്കുള്ള ലഹരി മരുന്നു പ്രവാഹം തടയാൻ നടപടി എടുക്കുന്നില്ല എന്നതാണ്. മാരകമായ ഫെന്റാനൈൽ ഉല്പാദിപ്പിക്കുന്ന ചൈന അത് യുഎസിലേക്കു വൻ തോതിൽ കടത്തുന്നത് ഒട്ടേറെ മരണങ്ങൾക്കും കാരണമായിട്ടുണ്ട്.

ഇക്കാര്യത്തിൽ ഏറെ നടപടികൾ എടുത്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ ചൈന ചൊവാഴ്ച്ച യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കൽക്കരിക്കും എൽ എൻ ജിക്കും 15% താരിഫ് പ്രഖ്യാപിച്ചു. ക്രൂഡ് ഓയിലിനു 10% നികുതിയും. വലിയ കാറുകൾക്കും കാർഷിക ഉപകരണങ്ങൾക്കും ഈ നികുതി ബാധകമാണ്.  

ഈ നികുതികൾ തിങ്കളാഴ്ച്ച നിലവിൽ വരും.

വ്യാപാര മര്യാദകൾ ലംഘിച്ചു എന്ന കുറ്റം ആരോപിച്ചു അമേരിക്കൻ ബയോടെക് കമ്പനി ഇല്യൂമിനയെയും ഫാഷൻ റീറ്റെയ്‌ലർ പിവിഎച് ഗ്രൂപ്പിനെയും കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തു.

ഫെന്റാനൈൽ അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ ആണെന്നു ട്രംപ് കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (IEEPA) ഉപയോഗിച്ച് നടപടി എടുക്കുമെന്നു താക്കീതു നൽകുകയും ചെയ്തു.

"അമേരിക്കൻ വിപണിയിൽ പ്രവേശിക്കാൻ കഴിയുന്നത് പ്രത്യേക അവകാശമാണ്," വൈറ്റ് ഹൗസ് പറഞ്ഞു. "ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഇറക്കുമതി നികുതികൾ ആയുധമാക്കുന്നത് ശക്തമായ ദേശരക്ഷാ ശൈലിയാണ്."

ഗൂഗിളിന് എതിരെ അന്വേഷണവും

മറുപടി നികുതികൾക്കു പുറമെ ചൈന ചൊവാഴ്ച്ച ഗൂഗിളിന് എതിരെ അന്വേഷണവും പ്രഖ്യാപിച്ചു. ഗൂഗിൾ നിക്ഷേപ വിശ്വാസ നിയമങ്ങൾ ലംഘിച്ചു എന്നാണ് ആരോപണം.

ഫെന്റാനൈൽ വൻ തോതിൽ ഉത്പാദിപ്പിക്കുന്ന ചൈന യുഎസ് അതിർത്തി വഴി അതു കടത്തുന്നുവെന്നു റിപ്പബ്ലിക്കൻ നേതാക്കൾ പതിവായി ആരോപിക്കാറുണ്ട്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ 281,000 പേരാണ് ഈ മാരകലഹരി കഴിച്ചു മരിച്ചത്.  

ചൈനയുമായി $279.4 ബില്യൺ വ്യാപാര കമ്മിയുള്ളത് താരിഫ് കൊണ്ടുവരുന്നതിന് ട്രംപ് പറഞ്ഞ മറ്റൊരു ന്യായമാണ്. ആഭ്യന്തര ഉത്പാദനം കൂട്ടി കമ്മി നികത്തണം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ചൈനയിൽ നിന്നു 2022ൽ 16.5% ഇറക്കുമതി ഉണ്ടായിരുന്നു എന്നാണ് കണക്ക്.

ഫെന്റാനൈൽ നിയന്ത്രിക്കാൻ കടുത്ത നടപടികൾ എടുത്തിട്ടുണ്ടെന്നു പറയുന്ന ചൈന, ട്രംപിന്റെ താരിഫ് വേൾഡ് ട്രേഡ് ഓർഗനൈസേഷൻ നിയമങ്ങളുടെ ലംഘനമാണെന്നു വാദിക്കയും ചെയ്യുന്നു.

"യുഎസ് അവരുടെ ഫെന്റാനൈൽ പ്രശ്നം ന്യായമായ രീതിയിൽ പരിഹരിക്കണം. അല്ലാതെ മറ്റു രാജ്യങ്ങളുടെ മേൽ തീരുവ ഭീഷണി മുഴക്കുകയല്ല വേണ്ടത്," ബെയ്‌ജിങ്‌ പറഞ്ഞു.

വൈറ്റ് ഹൗസ് നാഷനൽ ഇക്കണോമിക് കൗൺസിൽ അംഗം കെവിൻ ഹാസെറ്റ് പറഞ്ഞു: "ഇതൊരു വ്യാപാര യുദ്ധമല്ലെന്നു പ്രസിഡന്റ് ട്രംപ് 100% വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു ലഹരിമരുന്നു യുദ്ധമാണ്."

Trump tariffs against China in force

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക