Image

ആ വിമാനം എപ്പോൾ എത്തും? (ജേക്കബ് ഫിലിപ്പ്)

Published on 04 February, 2025
ആ വിമാനം എപ്പോൾ എത്തും? (ജേക്കബ് ഫിലിപ്പ്)

ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുള്ള വിമാനമൊന്നും ഫ്‌ലൈറ്റ്ട്രാക്കിങ് സൈറ്റുകളിൽ ഇതേവരെ ദൃശ്യമായിട്ടില്ല. സൗകര്യപൂർവ്വം ട്രാൻസ്‌പോണ്ടറുകൾ ഓഫാക്കിയാവും പറക്കെലന്നു കരുതണം. ഇന്നു കാലത്ത് പുറപ്പെട്ട് വിമാനം എപ്പോൾ ഇവിടെയെത്തുമെന്നും വ്യക്തമല്ല.
എന്തായാലും ഇതിനു തൊട്ടുമുമ്പ്, ഇതേ പോലെയുള്ള മറ്റൊരു പറക്കൽ പരസ്യമായിത്തന്നെയാണ് അമേരിക്ക നടത്തിയത്. 
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തേകാലോടെ അമേരിക്കയുടെ തെക്കേയറ്റത്തുള്ള എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സേനാതാവളത്തിലെ റൺവേയിൽ നിന്ന് ഗ്വാട്ടിമാലക്കാരായ 80 അനധികൃത കുടിയേറ്റക്കാരുമായി പറന്നുയർന്ന ബോയിങ് സി-17ഗ്ലോബ്മാസറ്റർ iii വിമാനത്തിന്റെ പടങ്ങളാണ് താഴെ. എല്ലാവരുടെയും കയ്യിലും കാലിലും വിലങ്ങുണ്ട്. മാസ്‌ക് ധരിപ്പിച്ചിട്ടുമുണ്ട്. കാവലിന് അമേരിക്കൻ പട്ടാളക്കാരും വിമാനത്തിലുണ്ടായിരുന്നു.
വിമാനം പറന്ന റൂട്ട് നോക്കുക. മെക്‌സിക്കോയുടെ വ്യോമമേഖലയത്രയും ഒഴിവാക്കി വലത്തേക്ക് തിരിഞ്ഞു പറന്ന്, ഗ്വാട്ടിമാല സിറ്റിയിലെ ലാ അറോറ രാജ്യാന്തര വിമാനത്താളത്തിൽ ലാൻഡു ചെയ്യുമ്പോൾ വൈകുന്നേരം അഞ്ചുമണിയോളമായിരുന്നു. സാധാരണ, പരമാവധി മൂന്നു മണിക്കൂറിന്റെ പറക്കലിന് ഇവിടെ ആറു മണിക്കൂറിലേറെയായത്, തങ്ങളുടെ ആകാശത്തുകൂടി ഈ വിമാനം പറക്കേണ്ടെന്ന് മെക്‌സിക്കോ അറിയിച്ചതിനെത്തുടർന്നാണ്.
യാത്രക്കാരുടെ എണ്ണത്തെപ്പറ്റി- എൺപതുപേർക്കു പകരം 800 പേരെ കുത്തി നിറച്ചു പറന്ന ചരിത്രവും സി-17 വിമാനത്തിനുണ്ട്. പണ്ട് അഫ്ഘാനിസ്ഥാനിൽ നിന്ന്.
യാത്ര എത്രയും അസ്സഹനീയമാക്കാവുന്ന വിമാനം കൂടിയാണ് ഇത്.
വിമാനത്തിനുള്ളിലെ താപനില അഞ്ചു ഡിഗ്രിയാകാം, പരമാവധി 25 ഡിഗ്രിവരെ എത്താം. ആകെയുള്ളത് ഒരു ടോയ്‌ലെറ്റ്. അസ്സഹനീയമായ ശബ്ദം മൂലം സാധാരണ പട്ടാളക്കാർ ചെവി മൂടിയിട്ടാണ് യാത്ര ചെയ്യുക.
പടത്തിൽ കാണുന്നതു പോലെ, വിമാനത്തിന്റെ ഭിത്തികളും തറയുമൊക്കെ ചൂടും തണുപ്പുമെല്ലാം അതേപടി പ്രതിഫലിപ്പിക്കുന്നതുമാണ്. 
കുടിവെള്ളമോ മറ്റു പാനീയങ്ങളോ ഏറെ സൂക്ഷിക്കാനോ ചൂടാക്കാനോ ഉള്ള സംവിധാനവുമില്ല. എൽ പാസോയിൽ നിന്ന് ഡൽഹിവരെ പതിമൂവായിരം കിലോമീറ്ററാണ്. സി-17ന് പരമാവധി നിർത്താതെ പറക്കാവുന്നത് പതിനായിരം കിലോമീറ്റർ. അതായത്, 21 മണിക്കൂർ. ഇന്ത്യക്കാരെ കൊണ്ടുവരുന്ന സാൻ അന്റോണിയോ വിമാനത്താവളവും ടെക്‌സസിൽ തന്നെയുള്ളതാണ്. അതുകൊണ്ട്, ഇടയ്ക്ക് എവിടെയെങ്കിലും ഇറങ്ങാനാണ് സാധ്യത. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക