പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹെൽത്ത് സെക്രട്ടറിയായി നോമിനേറ്റ് ചെയ്ത റോബർട്ട് എഫ്. കെന്നഡിയെ ചൊവാഴ്ച സെനറ്റ് ഫിനാൻസ് കമ്മിറ്റി ഒരൊറ്റ വോട്ടിനു അംഗീകരിച്ചു. അദ്ദേഹത്തെ സ്ഥിരീകരിക്കാൻ ഇനി സെനറ്റിന്റെ ഫ്ലോറിൽ വോട്ടെടുക്കും.
കമ്മിറ്റിയിൽ കർശന പരിശോധന നേരിട്ട കെന്നഡിക്കു 14 റിപ്പബ്ലിക്കൻ അംഗങ്ങളും വോട്ട് ചെയ്തപ്പോൾ 13 ഡെമോക്രറ്റുകളും എതിർത്തു. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53-47 ഭൂരിപക്ഷം ഉണ്ടായിരിക്കെ കെന്നഡി സ്ഥിരീകരണം നേടുമെന്നാണ് പ്രതീക്ഷ.
വിവാദ പുരുഷനെ എതിർക്കാൻ മൂന്ന് റിപ്പബ്ലിക്കൻ അംഗങ്ങൾ തീരുമാനിച്ചാൽ മാത്രമാണ് പ്രശ്നമുണ്ടാവുക. പാർട്ടി നേതാവായിരുന്ന സെനറ്റർ മിച് മക്കോണൽ അദ്ദേഹത്തെ എതിർത്തിരുന്നു. ചെറുപ്പത്തിൽ പോളിയോ വന്നു ഇടതു കാൽ തളർന്ന അദ്ദേഹത്തിന് കെന്നഡിയുടെ വാക്സീൻ വിരുദ്ധ നിലപാട് സ്വീകാര്യമല്ല.
അതേ വിഷയത്തിൽ കെന്നഡിയോട് ഭിന്നതയുള്ള സെനറ്റർ ബിൽ കാസിഡി (റിപ്പബ്ലിക്കൻ-ലൂയിസിയാന) കമ്മിറ്റിയിൽ എതിർത്തു വോട്ട് ചെയ്യുമെന്നു കരുതിയിരുന്നു. എന്നാൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇടപെട്ട ശേഷം വാക്സീനുകളെ എതിർക്കില്ലെന്നു കെന്നഡി ഉറപ്പു നൽകിയതായി അദ്ദേഹം അറിയിച്ചു.
വാക്സീനുകളെ അനുകൂലിക്കുന്നു എന്നു കെന്നഡി കമ്മിറ്റിയുടെ വിചാരണയിൽ പരസ്യമായി ഉറപ്പു നൽകുകയും ചെയ്തു. അവ മില്യൺ കണക്കിനു ജീവൻ രക്ഷിച്ചെന്നു താൻ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
Senate panel advances RFK nomination