യുഎസ് ഡയറക്ടർ ഓഫ് ഇന്റലിജൻസ് ആവാൻ തുൾസി ഗബ്ബാർഡ് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയുടെ കടമ്പ കടന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നോമിനികളിൽ ഏറ്റവും കർശന പരിശോധന നേരിട്ട ഒരാളായ ഗബ്ബാർഡ് ഇനി സമ്പൂർണ സെനറ്റിന്റെ വോട്ട് നേരിടും.
കമ്മിറ്റിയിൽ 9 റിപ്പബ്ലിക്കൻ അംഗങ്ങൾ അവരെ അനുകൂലിച്ചപ്പോൾ 8 ഡെമോക്രറ്റുകളും എതിർത്തു. "അമേരിക്കയെ സുരക്ഷിതമാക്കാൻ ഗബ്ബാർഡിനു കഴിയുമെന്നു ചെയർമാൻ സെനറ്റർ ടോം കോട്ടൺ (റിപ്പബ്ലിക്കൻ-അര്കാൻസോ) പറഞ്ഞു.
സെനറ്റിന്റെ ഫ്ലോറിൽ മൂന്നു റിപ്പബ്ലിക്കൻ അംഗങ്ങൾ എതിർത്താൽ മാത്രമേ ഗബ്ബാർഡിനു (43) പ്രശ്നമുള്ളു. പാർട്ടിയുടെ ഭൂരിപക്ഷം 53-47 ആണ്. ജയിച്ചു കയറിയാൽ ഹിന്ദു അമേരിക്കൻ എന്ന് ആവർത്തിച്ച് അവകാശപ്പെടുന്ന ആദ്യത്തെ നേതാവാകും ആ നിലയിൽ എത്തുക. സമോവൻ വംശജയായ അവരുടെ കുടുംബം ഹിന്ദു മതം സ്വീകരിച്ചതാണ്.
റഷ്യയുമായുള്ള ഗബ്ബാർഡിന്റെ ബന്ധവും സിറിയയിൽ പോയി ഏകാധിപതി ബാഷർ അൽ അസദിനെ കണ്ടതും അവർക്കു പ്രശ്നമായിരുന്നു. മില്യൺ കണക്കിനു രഹസ്യ രേഖകൾ പുറത്തു വിട്ട ശേഷം റഷ്യയിൽ അഭയം തേടിയ എഡ്‌വേഡ് സ്നോഡനെ രാജ്യദ്രോഹി എന്നു വിളിക്കാൻ മടിച്ചതും കമ്മിറ്റിയിൽ എതിർപ്പുണ്ടാക്കി.
അപ്പോൾ എതിർപ്പു പ്രകടമാക്കിയ റിപ്പബ്ലിക്കൻ അംഗങ്ങൾ പക്ഷെ അവരെ ഒടുവിൽ പിന്തുണച്ചു.
Senate panel clears Gabbard