ഗാസയിലെ രണ്ടു മില്യൺ പലസ്തീൻ വംശജരെ "പൂർണമായി ഒഴിപ്പിച്ചു" ആ ഭൂമി യുഎസ് ഏറ്റെടുത്തു പുനർനിർമിക്കുക എന്ന നിർദേശം ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സാന്നിധ്യത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടു വച്ചു. ചൊവാഴ്ച്ച നെതന്യാഹുവുമൊത്തു വൈറ്റ് ഹൗസിൽ നടത്തിയ മാധ്യമ സമ്മേളനത്തിലാണ് അറബ് ലോകം പാടെ തള്ളിക്കളഞ്ഞിട്ടുള്ള നിർദേശം ട്രംപ് കൊണ്ടുവന്നത്.
ഗാസയിൽ വേണ്ടി വന്നാൽ യുഎസ് സേനയെ വിന്യസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേലിന്റെ ആഗ്രഹ പ്രകാരം വെസ്റ്റ് ബാങ്ക് കൂടി ഒഴിപ്പിച്ചു നൽകുന്നതിനെ കുറിച്ചു പക്ഷെ ട്രംപ് പരാമർശിച്ചില്ല.
ഗാസയിൽ നിറയെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമാണ് ഉള്ളതെന്ന് ട്രംപ് പറഞ്ഞു. പൊട്ടാത്ത ബോംബുകൾ ഏറെയുണ്ട്. അതെല്ലാം വെടിപ്പാക്കി ഗാസ പുനർനിർമിക്കുന്ന ചുമതല ഏൽക്കാൻ യുഎസ് തയാറാണ്. "അവിടെ സാമ്പത്തിക വികസനവും ഉണ്ടാവണം."
"ഗാസ യുഎസ് ഏറ്റെടുക്കാം. പൊട്ടാത്ത ബോംബുകൾ ഉൾപ്പെടെ അപകടകരമായ ആയുധങ്ങൾ മുഴുവൻ നീക്കം ചെയ്യാം. സാമ്പത്തിക വികസനം ഉണ്ടാക്കാം. അപ്പോൾ എണ്ണമറ്റ ജോലികൾ ലഭ്യമാക്കാൻ കഴിയും. വീടുകളും നിർമിക്കാം."
'ലോകത്തെ മനുഷ്യർക്കു' താമസിക്കാൻ മനോഹര തീരം
ആരാണ് അവിടെ താമസിക്കുക എന്ന ചോദ്യത്തിന്റെ മറുപടിയും ട്രംപ് പറഞ്ഞു: "ലോകത്തെ മനുഷ്യർ." മിഡിൽ ഈസ്റ്റിന്റെ റിവെയ്‌റ ആയി ഗാസ മാറും എന്നദ്ദേഹം ചൂണ്ടിക്കാട്ടി. കുറച്ചു പലസ്തീൻകാർക്കും താമസിക്കാം.
റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന മരുമകൻ ജറാഡ് കുഷ്‌നർ 2020ൽ നിർദേശിച്ച പോലെ മെഡിറ്ററേനിയൻ കടൽ തീരത്തുള്ള ഭൂമി മനോഹരമായ റിസോർട്ടുകൾ നിർമിക്കാൻ പ്രയോജനപ്പെടുത്താം എന്ന ആശയമാണ് ട്രംപ് ഉയർത്തിപ്പിടിക്കുന്നത്.
നെതന്യാഹു ട്രംപിന്റെ നിർദേശത്തെ സ്വാഗതം ചെയ്തു. ചരിത്രം മാറ്റുന്ന കാര്യങ്ങളാണ് അവയെന്ന് അദ്ദേഹം പറഞ്ഞു. "ഒട്ടേറെ ഭീകരത കണ്ട ഭൂമിയാണത്. അതിനു ട്രംപ് പുതിയൊരു ഭാവി കാണുന്നു."
പലസ്തീൻ ജനതയ്ക്കു സ്വന്തമായ രാഷ്ട്രം ഉണ്ടാവുമ്പോൾ അതിന്റെ ഭാഗമായാണ് അറബ് ലോകം ഗാസയെ കാണുന്നത്. അവിടന്ന് പലസ്തീൻകാരെ ഒഴിപ്പിക്കുക എന്ന നിർദേശത്തെ അവർ ഒന്നടങ്കം ഏതിര്ത്തിട്ടുണ്ട്. അത്തരം ശ്രമങ്ങൾ മിഡിൽ ഈസ്റ്റിൽ പൊട്ടിത്തെറിയാവും എന്നത് ഏറ്റവും വലിയ ആശങ്കയുമാണ്.
Trump offers to develop Gaza after throwing out Palestinians