തമ്പുരാൻ വിരുന്നെത്തി
ശിഷ്യരോടൊപ്പമിതാ
കാനായിൽ കല്യാണത്തി-
ന്നൊരുങ്ങുന്നൊരു വീട്ടിൽ
അമ്മയോടൊപ്പമവൻ
അതിഥിയായങ്ങെത്തി
അമ്മയോ കലവറ തന്നിലും
കടന്നെത്തി
വീഞ്ഞു നിറച്ചുവച്ച
കൽഭരണികൾ നോക്കി
നൊമ്പരം പൂകിയൊരാൾ
നില്ക്കുന്നു ഖിന്നനായി
യേശുവിന്നന്തികത്ത്
ചൊന്നുടൻ മാതാവപ്പോൾ
മകനെ വീഞ്ഞുതീർന്നു
സഹായിച്ചീടുക നീ
യേശുവന്നോതിയിഥം
സങ്കടം നിനക്കെന്ത്?
എന്നുടെ സമയമതായില്ലെന്നറിക നീ
ആതിഥേയരോടായി
അമ്മ ചെന്നോതിയിഥം
എൻമകൻ കല്പിക്കും പോൽ
ചെയ്യുക നിസ്സംശയം
യേശു ഭൃത്യരോടോതി
പെട്ടെന്നീ പാത്രങ്ങളിൽ
നിറയ്ക്കൂ വെള്ളം നിങ്ങൾ
വക്കോളം എല്ലാറ്റിലും
ആറു കല്പാത്രങ്ങളിൽ
നിറച്ചു ഭൃത്യരവർ,
കല്പിച്ചു യേശുനാഥൻ
പകർന്നു കൊടുത്തേക്കൂ..
സ്വാദിഷ്ടമായ വീഞ്ഞ്
കുടിച്ചൊരാതിഥേയർ
ചോദിച്ചു മേൽത്തരം വീ-
ഞ്ഞാദ്യമേ തന്നില്ലെന്തേ?
ദൈവത്തിൻ തനയനാമേശു
അന്നാദ്യമായൊരത്ഭുതം
പ്രവർത്തിച്ചു വെള്ളമോ
വീഞ്ഞായ് മാറി.