കുരിശിലേറ്റപ്പെട്ടത്തിന്റെ ഒന്നാംനാൾ
വർണ്ണക്കുപ്പായങ്ങളണിഞ്ഞ്
ഞാനും അവളും
മുറിവേൽക്കപ്പെട്ടവരുടെ
പാപക്കറയിലേക്ക്
മലർന്നു കിടന്നപ്പോൾ
ഞങ്ങൾ കുട്ടികളായിരുന്നു.
പുല്ലുകൾ മുളയ്ക്കാത്ത
വരണ്ടു പൊട്ടിയ ഭൂമിയിലേക്ക്
ഞങ്ങൾ അഴിച്ചുവിട്ട
ആട്ടിൻപ്പറ്റങ്ങളിൽ
ഒരാണിനും പെണ്ണിനും
വർത്തമാനകാലത്തിന്റെ
കൊമ്പുകൾ
മുളച്ചു തുടങ്ങിയപ്പോൾ
പാപികളിലെ പെണ്ണിന്
ഇക്കിളിപ്പെട്ടു.
വിശുദ്ധിയുടെ
തിരുമുറിവിന് മുന്നിലെ
പാപമോചനത്തിന്റെ
വേഴ്ചയിലേക്ക്
യാത്ര തിരിച്ച ഞങ്ങൾ
ഊരിയെറിഞ്ഞ
വർണ്ണക്കുപ്പായങ്ങളുടെ
ശിരസ്സിൽ അശുദ്ധിയുടെ
മുൾക്കിരീടങ്ങൾ
ചൂടപ്പെട്ടു കഴിഞ്ഞിരുന്നു.
നീതിയുടെ നിഴലുകളായി
സമുദ്രത്തിന്റെ ആഴങ്ങളിലേക്ക്
മുങ്ങാംകുഴിയിട്ട
ഞങ്ങളുടെ ചുണ്ടുകളിലെ
ഉപ്പുരസത്തിന്റെ തീവ്രത
സമുദ്രത്തിന് കുറുകെ
കൊടും തിരമാലകൾ
സൃഷ്ടിച്ചു.
ശ്വാസം നിലച്ചു പോകുന്ന
ആലിംഗത്തിന്റെ
പരിവേഷത്തോടെ
കരയിലേക്ക് ചുഴറ്റിയെറിഞ്ഞ
ഞങ്ങളുടെ ഓർമ്മകൾ
നിലംപതിച്ചത്
പാപമോചനത്തിന്റെ
കുമ്പസാരക്കൂട്ടിലേക്കായിരുന്നു.
വിമോചനത്തിന്റെ
കാൽപ്പനികതയിലപ്പോൾ
നിർവചിക്കപ്പെടാത്ത
കമിതാക്കൾ
കെട്ടുപിണഞ്ഞ കാലുകളുമായി
വിശുദ്ധിയുടെ പ്രണയത്തിലകപ്പെട്ടു
പോയി.
ഉയിർത്തെഴുന്നേൽപ്പിന്റെ
രാത്രിയിൽ
സ്വാതന്ത്ര്യത്തിന്റെ
രണ്ടാംയാമത്തിൽ
നൂലിഴപോലെ വെളിപ്പെട്ട
പെൺ പാപിയുടെ
മാറിന് നടുവിലൂടെ
കെട്ടഴിഞ്ഞ തിരമാലകൾ
കുത്തിയൊലിച്ചപ്പോൾ
അവൾ എന്നോട്
പ്രണയത്തിന്റെ
കുമ്പസാര രഹസ്യം
വെളിപ്പെടുത്തി തുടങ്ങി.