അവധി ദിവസത്തിന്റെ ആലസ്യത്തിൽ വളരെ വൈകിയാണ് പത്രവായന ആരംഭിച്ചത്. ഇപ്പോൾ സാധാരണമായിരിക്കുന്ന കൊലപാതക - മയക്കുമരുന്ന് വാർത്തകൾ വായിക്കാതെ വിടുകയാണ് പതിവ്. അതൊക്കെ വായിച്ച് രാവിലെ തന്നെ എന്തിനാണ് മനസ്സിന്റെ ഭാരം കൂട്ടുന്നത്.
എന്നാൽ ഇന്ന് അങ്ങനെ ഒരു വാർത്ത പെട്ടെന്ന് എന്റെ കണ്ണിൽപെട്ടു. ഞാൻ മുൻപ് ജോലി ചെയ്തിരുന്ന സ്കൂളിന്റെ അടുത്ത ഗ്രാമത്തിലാണ് സംഭവം.
“ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ.
അണ്ണാൻകുന്നിലെ സുനിൽ എന്ന ആളാണ് തൂങ്ങി മരിച്ചത്. ഭാര്യ സുമയെ കൊല്ലപ്പെട്ട നിലയിലും കാണപ്പെട്ടു. മരണകാരണം അറിവായിട്ടില്ല…”
വാർത്ത തുടരുന്നു.
എന്റെ മനസ്സിൽ വല്ലാത്ത വേദനയാണ് ആ വാർത്ത സൃഷ്ടിച്ചത്. ജോലി ചെയ്തിരുന്ന പഴയ സ്കൂളിൽ നിന്നും സ്ഥലം മാറി പോരുന്നതിന് ഏതാനും മാസം മുൻപാണ് ഞാൻ അവരെ പരിചയപ്പെട്ടത്.
അന്ന് സെൻസസ് നടക്കുന്ന സമയമാണ്. ആ ഗ്രാമത്തിൽ സെൻസസ് എടുക്കാനായി പോയതാണ് ഞാൻ. അണ്ണാൻകുന്ന് എന്ന ആ കുന്നുംപുറം ഏറെ പ്രത്യേകതകൾ ഉള്ളതായിരുന്നു.
കുന്നിന്റെ താഴെ ഏതാനും വലിയ വീടുകൾ. മുകളിലെ രണ്ടു വലിയ വീടുകൾ ഒഴിച്ചുള്ളവയിൽ സാധാരണക്കാരും അതിസാധാരണക്കാരും തിങ്ങിപ്പാർക്കുന്നു. അവിടെയുള്ള വലിയ വീടുകളിൽ ഉള്ളവരെക്കാൾ ആ ചെറിയ വീടുകളിലുള്ളവരാണ് കൂടുതൽ സമാധാനത്തോടെ കഴിയുന്നതെന്ന് അവിടം സന്ദർശിച്ചപ്പോൾ എനിക്ക് തോന്നി. പതിവിന് വിപരീതമായി ആ കുന്നിൻ മുകളിൽ ഒരു പള്ളിയോ അമ്പലമോ ഇല്ലായിരുന്നു.
കുന്നിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഓരോ വീടും നടന്നു കയറുക വലിയ അധ്വാനം തന്നെയായിരുന്നു. കുന്നിന്റെ മുകൾ വരെ വാഹനം ചെല്ലുമായിരുന്നെങ്കിലും പൊട്ടിപ്പൊളിഞ്ഞ റോഡുകൾ യാത്ര ദുസ്സഹമാക്കിയിരുന്നു.
അങ്ങനെ ഒരു വൈകുന്നേരം ചെറിയൊരു വീട്ടിലേക്ക് കയറി ചെല്ലുമ്പോഴാണ് സുന്ദരിയായ സുമയെ ഞാൻ ആദ്യം കാണുന്നത്. സെൻസസ് എടുക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ തന്നെ, പത്രത്തിൽ വായിച്ചായിരുന്നു എന്ന് പറഞ്ഞ് അകത്തു പോയി റേഷൻകാർഡ്, ആധാർ കാർഡ്, വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് എന്നിവ കൊണ്ടുവന്ന് എന്നെ ഏൽപ്പിച്ചു. മിക്ക വീട്ടിലും ഓരോന്നും ചോദിക്കുകയും ഏറെനേരം തപ്പുകയും ചെയ്ത ശേഷം ആയിരിക്കും അവ കൊണ്ടുവരുന്നതു തന്നെ.
വിവരങ്ങൾ ചോദിച്ചും കാർഡുകൾ നോക്കിയും ഞാൻ എഴുതിക്കൊണ്ടിരുന്നപ്പോൾ ഒരു ഗ്ലാസ് നാരങ്ങാവെള്ളവുമായി സുമ എത്തി. കുന്നുകയറി മടുത്ത എനിക്ക് അത് വളരെ ആശ്വാസകരമായിരുന്നു. പൊതുവെ ഒരു വീട്ടുകാരും കുടിക്കാൻ വെള്ളം വേണമോ എന്ന് ചോദിക്കുക പോലുമില്ല. കയറി ഇരിക്കാൻ പോലും പലരും പറയാറില്ല. അപരിചിതരോടുള്ള ഭയവും അതിന് കാരണമാകാം.
ആ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് സ്കൂളിൽ നിന്നും അവളുടെ കുട്ടി എത്തി.
“മോളാണ്. ഇവിടെ അടുത്തുള്ള ഗവൺമെന്റ് സ്കൂളിൽ പഠിക്കുന്നു”.
“എന്താ പേര്?” ഞാൻ മോളോട് ചോദിച്ചു.
“അക്ഷര” അവൾ പറഞ്ഞു.
“നല്ല പേരാണല്ലോ. ഏത് ക്ലാസിലാണ് പഠിക്കുന്നത്?” ഞാൻ ചോദിച്ചു.
“അഞ്ചിൽ”, അക്ഷര പറഞ്ഞു.
സുമ ഉച്ചവരെ അടുത്തുള്ള DTP സെന്ററിൽ ജോലിക്ക് പോകുന്നുണ്ടെന്നും, ഭർത്താവ് ഓട്ടോ ഡ്രൈവർ ആണെന്നും മോളെ സ്കൂളിൽ നിന്നും ഇവിടെ താഴത്തെ റോഡ് വരെ കൊണ്ടുവന്ന് ആക്കുമെന്നും അവൾ പറഞ്ഞു.
ഇതിനിടെ കുട്ടി ഒരു പുസ്തകം അമ്മയുടെ നേരെ നീട്ടി.
“ഇതാ അമ്മ പറഞ്ഞ പുസ്തകം. തിരിച്ചു കൊടുക്കണ്ട എന്ന് ടീച്ചർ പറഞ്ഞു.”
പുസ്തകം ഏതെന്നു ഞാൻ നോക്കി. “ആലീസിന്റെ അത്ഭുതലോകം” എന്ന പുസ്തകമായിരുന്നു അത്.
“ മോൾക്ക് ഒത്തിരി പുസ്തകങ്ങളൊക്കെ വാങ്ങി കൊടുക്കാറുണ്ടല്ലേ”?
ഷെൽഫിലെ പുസ്തകങ്ങൾ നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു.
“അവൾ കുട്ടിയല്ലേ. എനിക്ക് വായിക്കാനാണ്.”
അവൾ ചിരിച്ചുകൊണ്ട് തുടർന്നു:
“ഞാൻ ഫേസ്ബുക്കിൽ എന്തെങ്കിലും ഒക്കെ എഴുതാറുണ്ട്. എന്റെ പേജിന്റെ പേര് ‘സുമദളങ്ങൾ’ എന്നാണ്”.
“ ഓ! കൊള്ളാം. ഞാൻ വായിക്കാം”. അവിടെ നിന്നും പോരുമ്പോൾ ഞാൻ പറഞ്ഞു.
പിന്നീട് പേജ് ഞാൻ ഫോളോ ചെയ്യുകയും അതിൽ വരുന്ന കുറിപ്പുകളും ചെറു കവിതകളും ലൈക് ചെയ്യുകയും കമന്റ്കൾ ഇടുകയും ചെയ്തുകൊണ്ടിരുന്നു…
പെട്ടെന്ന് അത് ഓർമ്മ വന്ന ഞാൻ വേഗം ഫോൺ എടുത്ത് അവളുടെ പേജ് നോക്കി. മൂന്നുദിവസം മുൻപാണ് അവസാനമായി പോസ്റ്റ് ഇട്ടിരിക്കുന്നത്.
ഇങ്ങനെയാണ് ആ കുറിപ്പ് അവസാനിക്കുന്നത്:
“ഇനി വരുന്നത്
വീടകം പൊള്ളുന്ന കാലം.
പൊള്ളലിൽ ഞാൻ
വേവുന്ന കാലം.
അടുക്കളപ്പാത്രങ്ങളുടെ
കലപില ശബ്ദം കേൾക്കാതെ,
കുക്കറിന്റെ വിസിലും
കൈവളകിലുക്കവും കേൾക്കാതെ,
വേവുന്ന മണങ്ങളും
വേറിട്ട തീറ്റയും കിട്ടാതെ,
പല്ലിയും പാറ്റയും പൂച്ചയും
ചത്തുമലക്കുന്ന കാലം…
അതെ,
ഇനി വരുന്നത്
ചോര കിനിയുന്ന കാലം
ജീവൻ പിരിയുന്ന കാലം.”
എനിക്ക് ആകെ പ്രയാസമായി. ഇന്നത്തെ പത്രം വീണ്ടും ഞാൻ എടുത്തുനോക്കി. ഇന്ന് വൈകുന്നേരമാണ് ശവസംസ്കാരം. അതിനു പോകാൻ ഞാൻ തീരുമാനിച്ചു. ഭാര്യയോട് കാര്യം പറഞ്ഞപ്പോൾ അവൾക്കും വളരെ സങ്കടമായി. എങ്കിലും സംസ്കാര ചടങ്ങിന് അവൾ വരുന്നില്ല എന്ന് പറഞ്ഞു.
അവിടെ ചെന്നപ്പോൾ വലിയ ആൾക്കൂട്ടമുണ്ട്. പോലീസ് സാന്നിധ്യവുമുണ്ട്. ഞാൻ ഒരു നോക്ക് ആ മുഖം കണ്ടു. അപ്പോഴും ആ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു . സമീപത്ത് തന്നെ മകൾ നിർവികാരയായി ഇരിക്കുന്നു. അവൾ എന്റെ മുഖത്തേക്ക് തുറിച്ചു നോക്കുന്നതായി എനിക്ക് തോന്നി.
പുറത്ത് ആൾക്കൂട്ടത്തിന്റെ കൂടെ കുറച്ചുനേരം ഞാൻ ചിലവഴിച്ചു. കൂടിനിന്നവരുടെ സംഭാഷണങ്ങൾ ഞാൻ ശ്രദ്ധിച്ചു.
“ അവൾക്ക് ഓൺലൈൻ വഴി പലരുമായും ബന്ധം ഉണ്ടായിരുന്നു എന്നാണ് കേൾക്കുന്നത് ”.
“ ഫേസ്ബുക്കിൽ അവൾക്ക് കുറെ കൂട്ടുകാരുണ്ട്. അവരിൽ ചിലർക്ക് അവളുമായി അവിഹിതബന്ധങ്ങൾ ഉണ്ടെന്ന സംശയത്തിന്റെ പേരിലാണ് അവൻ അവളെ വെട്ടിയത്.”
“ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ മെസ്സേജ് അയച്ചവരെയൊക്കെ പോലീസ് പൊക്കി ചോദ്യം ചെയ്യും. ആളെ കണ്ടുപിടിക്കുകയും ചെയ്യും ”.
ആളുകൾ ശബ്ദം താഴ്ത്തി ചർച്ച തുടർന്നു…
ഞാൻ അധിക സമയം അവിടെ നിൽക്കാതെ ബസ് സ്റ്റോപ്പിലേക്ക് നടന്നു. വൈകാതെ ബസ് കിട്ടുകയും ചെയ്തു.
ബസ്സ് വേഗതയിൽ മുന്നോട്ടു പോകുമ്പോൾ പിറകെ ഒരു പോലീസ് ജീപ്പ് വരുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. പെട്ടെന്ന് എന്റെ മനസ്സിൽ ഒരു ഭയം കടന്നു കയറുന്ന പോലെ തോന്നി.
വീട്ടിലെത്തിയിട്ടും ആ പോലീസ് ജീപ്പ് എന്റെ മനസ്സിൽ നിന്നും മാഞ്ഞു പോകുന്നില്ല. ഞാൻ വേഗം മുറിയിൽ കയറി മനസ്സിന്റെ വാതിൽ കൊട്ടിയടച്ചു.