Image

നിർഭയ (റഹിമാബി മൊയ്തീൻ)

Published on 09 March, 2025
നിർഭയ (റഹിമാബി മൊയ്തീൻ)

അമ്മച്ചിറകിൻ്റെ ചൂട് എന്നുമൊരു
കരുതലായ് അവളെ പുതപ്പിച്ചിട്ടും
ചുറ്റും കണ്ടും കേട്ടുമറിയുന്നതിനോട്
എല്ലാം അവൾക്കു പേടിയായിരുന്നു

അതിരുവിടുന്ന ചില വാത്സല്ല്യസ്പർശം
ആളൊഴിഞ്ഞ മുറികൾ ,ഇരുണ്ടവഴികൾ
വിഷ ജീവികളൊളിച്ച കാട്ടുപൊന്തകൾ
തിരക്കില്ലാത്ത ബസ്സും തീവണ്ടിയുമെല്ലാം

കരുതലും പൊരുതലും പരാജയപ്പെട്ട
സന്ധ്യയിൽ വേടന്റെവലയിൽ കുരുങ്ങിയ
പക്ഷികുഞ്ഞിന്റെ കരച്ചിലാരും കേട്ടില്ല
ഉടലുടഞ്ഞൊരു കണ്ണാടിത്തുണ്ടായിട്ടും

കാറ്റിൽ കെട്ടുപോയ മെഴുകുതിരികൾ
വാടിയ പനിനീർപൂക്കൾ, മുതലക്കണ്ണീർ
മനോഹരമായൊരു പേരും, ലോകമവളെ
മറന്നു ,പുതിയ കഥകൾ തേടിയിറങ്ങി

ഇഴഞ്ഞു നീങ്ങുന്ന നിയമങ്ങളുടെ ഊരാ
കുരുക്കുകൾക്കിടയിൽ തടിച്ചു കൊഴുത്ത
വേടൻമാർ വീണ്ടും വല വിരിക്കുമ്പോൾ
പെറ്റമ്മ മാത്രം മിഴിയുണങ്ങാതങ്ങിനെ!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക